മികച്ച രീതിയിൽ നടന്നിരുന്ന സംരംഭങ്ങൾ അടച്ച് പൂട്ടേണ്ടി വന്നതോടെ വായ്പ തിരിച്ചടവ് മുടങ്ങി വലിയ ബാധ്യതയിലായിരിക്കുകയാണ് സംരംഭകർ

കൊച്ചി: ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് ഉടൻ സ്ഥലം ഒഴിയണമെന്ന ഉദ്യോഗസ്ഥ നിർദ്ദേശം അനുസരിച്ച സംരംഭകർ കടക്കെണിയിൽ. മികച്ച രീതിയിൽ നടന്നിരുന്ന സംരംഭങ്ങൾ അടച്ച് പൂട്ടേണ്ടി വന്നതോടെ വായ്പ തിരിച്ചടവ് മുടങ്ങി വലിയ ബാധ്യതയിലായിരിക്കുകയാണ് സംരംഭകർ. വലിയ തുക നഷ്ടപരിഹാരം കിട്ടുമെന്ന വാഗ്ദാനമല്ല സ്ഥലമേറ്റെടുപ്പ് ഉടൻ പൂർത്തിയാക്കി ജീവിക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. കയറ്റുമതി നിലവാരത്തിലുള്ള റബ്ബർ ഷീറ്റ് ഉത്പാദിപ്പിച്ച സ്ഥാപനത്തിന്‍റെ ഉടമയായിരുന്നു ഒരു വർഷം മുൻപ് വരെ ചാക്കപ്പൻ. ദിവസവും 4000ലിറ്റർ വരെ റബ്ബർ പാൽ സംസ്കരിച്ച് ഷീറ്റാക്കും. 70ലക്ഷം രൂപ മുതൽ മുടക്കി തുടങ്ങിയ സ്ഥാപനമാണ്. പ്രദേശവാസികളായിരുന്ന ആറ് പേർക്ക് തൊഴിലും നൽകി.എന്നാൽ ഗിഫ്റ്റ് സിറ്റിക്കായി ഉടൻ ഒഴിയണമെന്ന് ഉദ്യോഗസ്ഥരെത്തി നിർദ്ദേശം നൽകി. നേരിട്ടുള്ള അന്ത്യശാസനത്തിൽ വഴങ്ങി. ഒടുവിൽ സ്ഥാപനം പൂട്ടിയിട്ട് ഒരു വർഷം കഴിഞ്ഞുമ്പോൾ ബാധ്യതയിൽ നട്ടംതിരിയുകയാണ് ചാക്കപ്പനും കുടുംബവും.

സമാനമായ അവസ്ഥയിലാണ് സംരംഭകനായ മാര്‍ട്ടിനും. പൊടിപിടിച്ച് തുരുമ്പെടുക്കാറായ മെഷീനുകളിലേക്കുള്ള ഓരോ നോട്ടത്തിലും മാർട്ടിന് ഉള്ള് പൊള്ളും. മൂന്ന് വർഷം മുൻപ് വരെ ഇടവേളകളില്ലാതെ പ്രവർത്തിച്ചതാണ്. പ്രദേശത്തെ അമ്പത് പേർക്ക് തൊഴിൽ കൊടുത്ത സംരംഭം. പൊലിമ എന്ന ബ്രാൻഡിൽ എല്ലാ ജില്ലകളിലേക്കും ആട്ട, മൈദ മുതൽ പുട്ടു പൊടി വരെ എത്തി, കച്ചവടമൊന്നു പച്ചപ്പിടിച്ചക്കാൻ തുടങ്ങിയതാണ്. വിപണിയിൽ മുൻകൂറായി ഉത്പന്നങ്ങളെത്തിക്കുന്നതായിരുന്നു രീതി. ഗിഫ്റ്റി സിറ്റി പദ്ധതിക്ക് ഉടൻ ഭൂമി വിട്ട് നൽകണമെന്ന നിർദ്ദേശമെത്തി. ഘട്ടം ഘട്ടമായി ഉത്പാദനം നിർത്തുകയല്ലാതെ വഴിയില്ലെന്നായി. ഉദ്യോഗസ്ഥരെത്തി അഞ്ച് നിലകളിലായുള്ള കമ്പനി പരിശോധിച്ചു. സർവ്വേയും പൂർത്തിയാക്കി. നഷ്ടപരിഹാരം വൈകില്ലെന്ന ഉറപ്പിൽ കമ്പനി മാറ്റി സ്ഥാപിക്കാൻ സ്ഥലവും നോക്കി. എന്നാൽ കാത്തിരിപ്പ് നീളുന്നതോടെ മാർട്ടിന്‍റെ സാമ്പത്തിക നില താറുമാറായി. കമ്പനിയിൽ ജോലി ചെയ്തവരും നഷ്ടപരിഹാരത്തിന് അർഹരാണ്. എന്നാൽ ഈ കാത്തിരിപ്പില്‍ വലിയ പ്രതിഷേധത്തിലാണിവര്‍.


മുസ്ലീം വിവാഹ-വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി, ഇനി സ്പെഷൽ മാര്യേജ് ആക്ട് മാത്രം; തീരുമാനമെടുത്തത് അസം

ഗിഫ്‌റ്റ് സിറ്റിക്കായി സ്ഥലം ഒഴിഞ്ഞ സംരഭകർ കണക്കെണിയിൽ, നഷ്ടപരിഹാരത്തുക ഇതുവരേയും ലഭിച്ചില്ല