Asianet News MalayalamAsianet News Malayalam

പശ്ചിമഘട്ടം സംരക്ഷിക്കാൻ ആരും തയ്യാറാകുന്നില്ല: ആത്മഹത്യക്കുറിപ്പിട്ട് പരിസ്ഥിതി പ്രവർത്തകൻ ജീവനൊടുക്കി 

പശ്ചിമഘട്ടം സംരക്ഷിക്കാൻ ആരും തയ്യാറാകുന്നില്ലെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും സുഹൃത്തുകൾക്ക് കുറിപ്പ് എഴുതി അയച്ച ശേഷമാണ് ആത്മഹത്യ.

Environmental activist committed suicide
Author
First Published Jan 8, 2023, 12:14 PM IST

പാലക്കാട്: പരിസ്ഥിതി പ്രവർത്തകൻ കെ.വി.ജയപാലൻ ആത്മഹത്യ ചെയ്തു. പശ്ചിമഘട്ടം സംരക്ഷിക്കാൻ ആരും തയ്യാറാകുന്നില്ലെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും സുഹൃത്തുകൾക്ക് കുറിപ്പ് എഴുതി അയച്ച ശേഷമാണ് ആത്മഹത്യ. കൊഴിഞ്ഞാമ്പാറ സ്വദേശിയാണ് കെ.വി ജയപാലൻ. ആറാം തീയതിയാണ് ഇദ്ദേഹം ഈ കുറിപ്പ് സുഹൃത്തുകൾക്ക് അയച്ചത്. പിന്നീട് ഏഴാം തീയതിയാണ് ഇദ്ദേഹത്തെ സ്വന്തം വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. 
കെവി ജയപാലൻ സുഹൃത്തുകൾക്ക് അയച്ച കുറിപ്പ്

അമ്മേ ശരണം...
അവസാനത്തെ  ആഗ്രവും അപേക്ഷയുമാണിത്.
അതെ 
സർക്കാരിനോടും സമൂഹത്തോടും 
പ്രത്യേകമായി പത്ര ദൃശ്വ മാധ്യമങ്ങളോടുമുള്ള  അപേക്ഷ

സ്വന്തം മാതാവിനെ തിരിച്ചറിയാൻ കഴിയാത്തതും മതിയായ സംരക്ഷണവും പരിഗണനയും  നൽകാത്തതുമായ ജീവിതം ആത്മഹത്യാ പരമാകുമെന്ന  സന്ദേശത്തിൻ്റെ ഗൗരവം ഉൾകൊള്ളുവാനായി ആത്മഹത്യയിലൂടെ ഞാനപേക്ഷിക്കുന്നു. 

ആത്മഹത്യാ  പാപമാണ്, നിയമവിരുദ്ധമാണ്, ഒരിക്കലും ന്യായീകരിക്കാവുന്നതുമല്ല. 
ജീവിതത്തിൽ  ഉണ്ടായിരുന്ന സ്വത്തുക്കൾ നഷ്ടപ്പെടുകയല്ലാതെ ഒന്നും നേടുവാൻ കഴിഞ്ഞില്ലെങ്കിലും ആരോടും കട ബാധ്യതയില്ല. 

പിന്നെ ആരോഗ്യം വല്ലപ്പോഴും വരുന്ന പനി ജലദോഷം ഒഴികെ sugar, pressure, തുടങ്ങി ഒരു അസുഖവും ഇന്നേവരെ ഉണ്ടായിട്ടില്ല.  കൂടാതെ
ഹോസ്പിറ്റലിൽ Admit ആയി ചികിത്സിക്കേണ്ട  സാഹചര്യവും ഇന്നേ വരെ ഉണ്ടായിട്ടില്ല. പിന്നെ കുടുംബ പ്രശ്നങ്ങൾ വല്ലതും
ഇല്ലേ ഇല്ല. ഇത്രയേറെ സനേഹ മതിയായ ഭാര്യയും  മക്കളോടൊപ്പം  സന്തോഷവും സമാധാനപരമായ കുടുംബാന്തരീക്ഷമാണ് എൻ്റേത്.
അപ്പോൾ പിന്നെ?  
സാമ്പത്തികം, ആരോഗ്യം, കുടുംബ പ്രശ്നങ്ങൾ തുടങ്ങി സാധാരണ നാം കണ്ടു വരുന്ന  കാരണങ്ങൾക്കായല്ല  ഇത്. നിങ്ങൾക്കിത് ആത്മഹത്യയാവാം എനിക്കിത് അപേക്ഷയാണ്. പരിഹാരമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടും പ്രത്യാശയോടും അവസാന ആഗ്രഹത്തിലേക്കും ആലോചനകളിലേക്കും  അപേക്ഷയിലേക്കും കടക്കുന്നു..

മാതാ പിതാ ഗുരു ദൈവം എന്ന  മഹത്തായ ഭാരതീയ സംസ്കാരത്തിൻ്റെ സന്ദേശങ്ങളിൽ  ഒന്നു കൂടെ അത്യാവശ്യം ചേർത്തു വെക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്ന് പോകുന്നത്.  ജീവൻ നിലനിന്നാൽ മാത്രമേ ജീവിതമുള്ളു  എങ്കിൽ ജനിച്ചു വീഴുന്ന കുഞ്ഞിൻ്റെ തുടർന്നുള്ള  ജീവിതത്തിന് ശുദ്ധ വായു, ജലം, ഭക്ഷണം എന്നീ മൂന്ന് കാര്യങ്ങളാണല്ലോ അത്യന്താപേക്ഷികമായി വേണ്ടി വരുന്നത് . നമുക്കിന്ന്   നിലവാരമുള്ള വായു  ശുദ്ധമായി യഥേഷ്ടം ജലം അത് വഴി കൃഷി  ഭക്ഷണം  എന്നീ ഈ മൂന്നു കാര്യങ്ങളും നിറവേറ്റി വരുന്നതും  ഇന്ത്യയുടെ ഭൂവിസ്തൃതിയിൽ 6% മാത്രം വരുന്നതും  പ്രത്യക്ഷമായും പരോക്ഷമായും കോടികണക്കിന് മനുഷ്യരുടേയും മറ്റ് സസ്യ ജന്തുജാലങ്ങളുടേയും നിലനില്പിന് തന്നെ അത്യന്താപേക്ഷിതമായിരിക്കുന്നതും കന്യാകുമാരി ജില്ലയിലെ സ്വാമി തോപ്പു മുതൽ ഗുജറാത്തിലെ താപ്തി നദി വരെ ഏകദേശം 1600 കിലോമീറ്റർ നീണ്ടു കിടക്കുന്ന (western ghats )പശ്ച്ചിമഘട്ട മലനിരകൾ  തന്നെ എന്നുള്ളതിൽ തർക്കമില്ലാത്തതാണല്ലോ. 
ലോക പൈതൃക പട്ടികയിൽ എട്ടാം സ്ഥാനം അലങ്കരിച്ച് വരുന്നതും നമ്മുടെ കാലാവസ്ഥയിൽ കാര്യമായ  സ്വാധീനം ചെലുത്തി വരുന്ന പശ്ച്ചിമഘട്ട മലനിരകൾ നമ്മുടെ  പോറ്റമ്മയുടെ സ്ഥാനം  നൽകി നാം അലങ്കരിക്കേണ്ടതും അംഗീകരിക്കേണ്ടതും ബോധ്യപ്പെടുത്തേണ്ടതുമാണ്.
മാതാവിനും പിതാവിനും ശേഷം നമ്മുടെ അന്ത്യം വരെ ഓരോ ശ്വാസത്തിലും നിറഞ്ഞു നിൽക്കുന്ന  പശ്ച്ചിമഘട്ടം എന്ന നമ്മുടെ പോറ്റമ്മയുടെ സ്ഥാനം  പാറക്കുട്ടങ്ങളും വനങ്ങളും വെളളച്ചാട്ടങ്ങളും നിറഞ്ഞ  മലനിരകളിൽ ooty, Valpara, Kodaikanal  എന്നീ സുഖവാസ കേന്ദ്രങ്ങളും എന്നതിൽ കവിഞ്ഞ  മറ്റെന്ത്  കാഴ്ച്ചപ്പാടുകളാണ്  നമുക്കിടയിൽ ഈ മലനിരകൾക്ക്  ഉള്ളത്.

മാതാവിനും പിതാവിനും ശേഷം മൂന്നാമതായി നാം കടപെട്ടിരിക്കേണ്ട മറ്റൊന്നിനെ കുറിച്ച് ഞാൻ  പലരോടും ചോദിക്കുകയുണ്ടായി .
മറുപടിയായ് സഹോദരങ്ങൾ,  സുഹൃത്തുക്കൾ, ദൈവം എന്നിങ്ങനെ ആ  പട്ടിക   നീണ്ടുപോകുന്നതല്ലാതെ മുകളിൽ സൂചിപ്പിച്ച നമ്മുടെ പോറ്റമ്മയുടെ സ്വാധീനം  ചൂണ്ടി കാണിച്ച വരായി ആരും തന്നെ ഉണ്ടായിരുന്നില്ല. കാരണമെന്തെന്നാൽ അങ്ങിനെയൊരു ചിന്ത  സമൂഹത്തിൽ  വേണ്ടവിധത്തിൽ ബോധ്യപ്പെടുത്തുവാനോ അംഗീകരിക്കപെടുവാനോ നമുക്കാർക്കും  സാധ്യമായിട്ടില്ല എന്നുള്ളത് തന്നെയാവണം. 
പശ്ച്ചിമഘട്ടം എന്ന നമ്മുടെ പോറ്റമ്മയ്ക്ക് ലോകത്ത് തന്നെ  ഏറ്റവും പ്രധാനപെട്ട  എട്ട് hottest bio diversity hot spot കളിൽ ഒന്നായും  ലോക പൈതൃക പദവി തന്നെ അംഗീകൃതമായി അലങ്കരിച്ചു വരുന്നതും  നമ്മുടെ കൺമുൻപിലും കൈയകലത്തും ഉണ്ടായിട്ടും  അതിൻ്റെ മഹത്തരം ബോധ്യപെടുത്തുവാനുള്ള  ഒരു വിദ്യാഭ്യാസ സമ്പ്രദായങ്ങളും നമുക്കില്ലാതെ പോയി. 

എത്ര ഉന്നത വിദ്യാസ നിലവാരം നമുക്കുണ്ടെങ്കിലും  പോറ്റമ്മയെ തിരിച്ചറിയാത്ത വിദ്യാഭ്യാസം കൊണ്ടെന്ത് നേട്ടമാണുണ്ടാവുക. പെറ്റമ്മയെ പോലെ തന്നെ പോറ്റമ്മയേയും (western ghats) തിരിച്ചറിയുന്നതിലും സംരക്ഷിക്കുന്നതിലും  അങ്ങിനെയൊരു സംസ്കാരം വളർത്തുന്നതിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് മതിയായ  സ്ഥാനമുണ്ടാകേണ്ടത്  അത്യാവശ്യമായി തന്നെ തീർന്നിരിക്കുന്നു. ഉദാഹരണമായി നമ്മുടെ പെറ്റമ്മയെ പൊതുജന മധ്യത്തിൽ വെച്ച്  സ്വന്തം മകനാണെങ്കിൽ പോലും ശകാരിക്കുകയോ സംരക്ഷിക്കുന്നതിൽ വീഴ്ച്ച വരുത്തുകയോ ചെയ്താൽ സമൂഹം പ്രതികരിക്കും. അതാണ്പൂർവികർ നമുക്ക് കൈമാറിയ സംസ്കാരം. 

അത്തരമൊരു സംസ്കാരം  വരുന്ന തലമുറകൾക്കെങ്കിലും  കൈമാറാൻ നമുക്ക് കഴിയണം .L.k.G മുതൽ തുടർ വിദ്യാഭ്യാസം പൂർത്തിയായി വരുന്ന വിദ്യാർത്ഥികൾക്ക് പോറ്റമ്മയെ തിരിച്ചറിയാനും സംരക്ഷിക്കുവാനും വേണ്ട വിദ്യാഭ്യാസമാണ്  നമുക്ക് അത്യാവശ്യം. ഭാരതമെന്ന വാക്ക്  കേട്ടാൽ നമുക്കഭിമാനം ഉളവാക്കുന്നത് പോലെ പശ്ച്ചിമഘട്ട മലനിരകളെ കുറിച്ചും അവയുടെ സംരക്ഷണത്തെ കുറിച്ചും  പശ്ച്ചിമഘട്ടം നമ്മേ എങ്ങിനെ സ്വാധീനിക്കുന്നു  തുടങ്ങിയ വിവരങ്ങൾ  ചെറിയ ക്ലാസു മുതൽ ഉന്നത ക്ലാസുവരെ യുളള  പാഠ്യപദ്ധതിയിൽ ഉൾപെടുത്തി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റം കൊണ്ടുവരുവാനായി നല്ലൊരു സമിതിയെ സർക്കാർ നിയോഗിക്കുവാൻ മുന്നോട്ട് വരണമെന്നാണ് എൻ്റെ ആഗ്രവും അപേക്ഷയും. നിലവിൽ ആറാം ക്ലാസിലോ ഏഴാം ക്ലാസിലോ മറ്റോ എത്രയോ അധ്യായങ്ങൾക്ക് നടുവിൽ പേരിന് മാത്രമാണ് പശ്ചിമഘട്ടത്തെ കുറിച്ച് വിദ്യാർത്ഥികൾക്ക്  പഠിക്കുവാൻ അവസരമുള്ളത്. 

തുടർ അധ്യയന വർഷളിൽ ഉൾപ്പെടുത്തുന്നതോടൊപ്പം, വർഷത്തിൽ രണ്ടു പ്രാവശ്യമെങ്കിലും, പശ്ചിമഘട്ടത്തിലേക്ക് കുട്ടികളെ അധ്യാപകർ കൊണ്ടുപോവുകയും നേരിൽ പറഞ്ഞു മനസിലാക്കുകയും തുടങ്ങിയ കാര്യങ്ങളിൽ നമുക്ക് മഹാനായ നമ്മുടെ സഞ്ചാരി santhosh joerge kulangara യേ പോലുള്ളവരുടെ വിലയേറിയ ഉപദേശങ്ങൾ സ്വീകരിക്കാവുന്നതാണ്.  കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക തുടങ്ങി മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിലും ഞാനീ അപേക്ഷ സമർപ്പിച്ചീടുന്നു.

മേൽ പറഞ്ഞ അപേക്ഷയിൽ സൂചിപ്പിച്ച കാര്യങ്ങൾ എൻ്റേത് മാത്രമായ അഭിപ്രായങ്ങളാണ്. പത്ര ദ്യശ്യ മാധ്യമ സുഹൃത്തുക്കൾ വേണ്ട വിധത്തിലും നല്ല രീതിയിലും സമൂഹത്തിനും സർക്കാരിനും മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.
അത് പോലെ തന്നെ സർക്കാരുകളിലും ഞാൻ പൂർണ വിശ്വാസം അർപ്പിക്കുന്നു.

കാരണം ഇതാർക്കും എതിരെയുള്ള കുറ്റപ്പെടുത്തലുകളോ പരാതികളോ അല്ല. 
കുറ്റം ചെയ്യുന്നതിനേക്കാൾ കുറ്റകരമാണ് കുറ്റപ്പെടുത്തലുകൾ. കുറവുകൾ നികത്തലാണ് മികച്ചത്.
നിങ്ങൾക്ക് കരുതാം  മേൽ പറഞ്ഞ എൻ്റെ  അപേക്ഷ സമൂഹത്തിനും സർക്കാരിൻ്റേയും  ശ്രദ്ധയിൽ കൊണ്ടുവരുവാനായി  സത്യാഗ്രഹം
തുടങ്ങി, എത്ര എത്ര  വഴികൾ  തേടേണ്ടിയിരുന്നു. സന്തുഷ്ടമായ കുടുംബാന്തരീക്ഷത്തിൽ നിന്ന് സ്വന്തം കുടുംബത്തെ പ്രയാസത്തിലേക്ക് തള്ളി വിട്ടു കൊണ്ട് ഈ കടുംകൈ തന്നെ വേണ്ടിയിരുന്നോ?.

ആവശ്യം അത്യാവശ്യം എന്നിവയ്ക്ക മീതെ അത്യാസന്ന നിലയിൽ നമുക്ക് പല വഴികളിലൂടേയും നീങ്ങേണ്ടി വന്നേക്കാം. ലോക വ്യാപകമായി ആഗോളതാപനം തുടങ്ങിയ വഴിയിൽ  കാലാവസ്ഥ വ്യതിയാനമെന്ന  യാഥാർത്ഥ്യം  നമുക്ക് മുന്നിലൂടെ കടന്നു പോകുന്ന വളർച്ച  അതിവേഗമാണ്.
അതിൻ്റെ ഭാഗമായി നമ്മുടെ പശ്ച്ചിമഘട്ടത്തിലും അത് വഴി നമ്മുടെ കാലാവസ്ഥയിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉണ്ടായ മാറ്റത്തിൻ്റെ വളർച്ചയുടെ തോത്  അതിഭയങ്കരമാണ്.

ജൂണിൽ ആരംഭിക്കുന്ന മഴയുടെ ദൈർഘ്യവും, അതിതീവ്ര മഴയും, പ്രളയ സാഹചര്യവും   നമ്മോട് പറയുന്നത് നമ്മുടെ  പോറ്റമ്മയായ 
പശ്ച്ചിമഘട്ട മലനിരകളിൽ മതിയായ മഞ്ഞുകാലമോ വേനൽക്കാലമോ ഇല്ലാതെ സ്വാഭാവികത നഷ്ടപെട്ടു കൊണ്ട് അത്യാസന്ന നിലയിലേക്ക് നീങ്ങുന്നുവെന്ന് തന്നെയാണ്.

പോറ്റമ്മയെ ഓപ്പറേഷൻ തിയേറ്ററിന്  മുന്നിലിരുത്തി കൊണ്ട്സാധാരണ നടപടികളിലേക്ക്  നമുക്ക് അധിക കാലം കടക്കുവാൻ ഇനി 
കഴിയുകയില്ല. അത് കൊണ്ട്  കാര്യത്തിൻ്റെ അതി ഗൗരവം  ശ്രദ്ധയിൽ കൊണ്ടുവരുവാനായി  പല വഴികളും ഞാൻ ആലോചിച്ചിരുന്നു. നൂറു പേർ നന്നാവുമെങ്കിൽ ഒരാൾ ഇല്ലാതാവുന്നതിൽ തെറ്റൊന്നുമില്ല എന്ന ഗീതയിലെ വചനം ഉൾകൊണ്ടും. ലക്ഷ്യം സംസുദ്ധമാണെങ്കിൽ 
സ്വീകരിക്കുന്ന മാർഗം തെറ്റുന്നതിൽ പിശകില്ല എന്നത് കൊണ്ടും അതി  തീവ്രവാദികൾക്ക് പോലും അവരെ തൂക്കിലേറ്റുന്നതിന് മുൻപ് 
അവൻ്റെ അവസാന ആഗ്രഹമെന്തെന്ന് ചോദിക്കുന്ന മഹത്തായ മഹാമനസ്കതയുള്ള നമ്മുടെ നാട്ടിൽ  നമ്മുടെ പോറ്റമ്മയ്ക്കായി  എൻ്റെ അവസാന  ആഗ്രഹത്തിന്  വില കൽപ്പിക്കാതിരിക്കില്ല എന്ന ഉറച്ച വിശ്വാസവും   മാധ്യമ ശ്രദ്ധ മതിയായ രീതിയിൽ ലഭിക്കുവാനും സർക്കാരുകൾ  വേണ്ട രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിൽ എന്നേ ഈ വഴിക്ക്പ്രേരിപ്പിക്കുവാൻ കാരണമായി.

മാതാവിൻ്റെ മടിയിൽ(പശ്ച്ചിമഘട്ടത്തിൽ) പല സംസ്ഥാനങ്ങളിലായി കാലങ്ങളായി ജീവിച്ചു വരുന്ന നമ്മുടെ സഹോദരങ്ങളെ കൈയേറ്റങ്ങളുടെ പേരിലോ സംരക്ഷണം എന്ന പേരിലോ   മാറ്റിനിർത്തപെടേണ്ടവരോ  കുടി ഒഴിപ്പിക്കപ്പടേണ്ടവരോ ആണോ?

അമ്മയുടെ മടിയിലാണ് നിങ്ങളെന്ന  സത്യം അവരെ ബോധ്യപെടുത്തുകയും, വികസന കാര്യങ്ങൾ എവിടെ എതു വരെ
തുടങ്ങിയ കാര്യങ്ങളിൽ  അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തി കൊണ്ട്

കാടിൻ്റെ കാവൽ 
കാടിൻ്റെ  മക്കളെ തന്നെ ഏൽപ്പിക്കുക വഴി  തന്നെയാവും ശരിയെന്ന് തോന്നുന്നു.
ശരിയായ പഠനങ്ങളില്ലാതെ കാലങ്ങളായി അമ്മയുടെ മടിത്തട്ടിൽ കുടിയിരുന്നവരെ
ഇറക്കി വിടുക വേദനാജനകമാണ്.

മാതാവിൻ്റെ മടിയിൽ...
1988ൽ തുടങ്ങിയ മാതാവിൻ്റെ മടിയിലേക്കുള്ള എൻ്റെ യാത്രകൾ
35 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .
ഒരു ബസ് യാത്രയിലൂടെ വാൽപ്പാറയിലേക്കും പിന്നീട് 
Nelliyampathy, Munnar, ooty, Kodaikanal എന്നീ സ്ഥലങ്ങളിൽ തുടങ്ങിയ യാത്രകൾ
ആദ്യമൊക്കെ എല്ലാവരെയും പോലെ സ്ഥലങ്ങൾ ആസ്വദിച്ചു തിരികെ വന്നിരുന്ന ഞാൻ പിന്നീട് നിരവധി തവണ സന്ദർശിക്കുകയുണ്ടായി  കൂടുതലും എൻ്റെ hero honda splendor old വാഹനത്തിലായിരുന്നു യാത്രകൾ.

കൂട്ടുകാരെ പോലെ തന്നെ എൻ്റെ മനസിലും ചോദ്യമുണ്ടായി തുടങ്ങി എന്തിനാണ് ഒരേ സ്ഥലങ്ങൾ തന്നെ ഇത്രയും തവണ പോകുന്നതെന്ന്.
ഉദാഹരണത്തിന് വാൽപ്പാറ എന്ന സ്ഥലം തന്നെ ഏകദേശം 500ൽ കൂടുതൽ തവണ സന്ദർശിച്ച് കാണും
( നിസാര പൈസയുടെ ചിലവിൽ തന്നെയാണ് ഒരോ യാത്രയും)
 മഴകാലം. മഞ്ഞുകാലം, വേനൽ കാലം തുടങ്ങി ഓരോ യാത്രയും ആഘോഷിക്കുകയായിരുന്നില്ല. 
ഓരോ സ്ഥലത്തിൻ്റെ ചലനവും  സ്പന്ദനവും  ഞാനറിയാതെ തന്നെ
നിരീക്ഷിച്ച് വരുകയായിരുന്നു .

ഉദാഹരണത്തിന് തെക്കേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തുന്നത് വാൽപ്പാറയിലെ chinnakallar എന്ന ഭാഗത്ത് തന്നെയാവണമെന്ന് വർഷങ്ങൾക്ക് മുമ്പേ അതെ കുറിച്ച് ഒരറിവും എങ്ങും വായിക്കാതെ തന്നെ ഞാൻ ഊഹിച്ചിരുന്നു. പിന്നീടത് ഗൂഗിളിൽ ശരിയാണെന്ന്കണ്ടത് പോലെ   ഒരു പാട് കാര്യങ്ങൾ ശ്രദ്ധിച്ചു വരികയും നാം ശ്വസിക്കുന്ന ഓരോ വായുവും മാതാവിനും പിതാവിനും ശേഷം നാം കടപ്പെട്ടിരിക്കുന്നത്  പശ്ചിമഘട്ടം എന്ന നമ്മുടെ പോറ്റമ്മ തന്നെയാണെന്ന് മനസിൽ ഉറപ്പിക്കുകയും ചെയ്തു.

പിന്നീടവിടെ ഇപ്പോഴെല്ലാം  യാത്രയാവുമ്പോൾ  അവിടെ കണ്ടു വരുന്ന കാലാവസ്ഥാ മാറ്റങ്ങളുടെ കാഴ്ച്ചകൾ  മനസിനെ വല്ലാതെ തളർത്തിടുന്നു.
അവിടെ താമസിക്കുന്നവരെ കാണുമ്പോൾ അവരോട് എന്തെന്നില്ലാത്ത സനേഹമാണ് തോന്നുക. അവിടത്തുകാർ അവിടുത്തെ ചില വിഷമകതകൾ അറിയിക്കുമ്പോൾ മാതാവിൻ്റെ മടിയിൽ ജീവിക്കുന്ന നിങ്ങൾ 

ഭാഗ്യമുള്ളവരാണെന്നും അവിടുത്തെ സവിശേഷതകൾ പറഞ്ഞ് മനസിലാക്കുമ്പോൾ അവർക്കത് ബോധ്യപെടുന്നതും കാണാനാവുന്നു.
വിനോദ സഞ്ചാര മേഖലയിൽ ടൂറിസ്റ്റുകൾ അലക്ഷ്യമായി plastic തുടങ്ങിയ അവശിഷ്ടങ്ങൾ നീർച്ചാലുകളിൽ വലിച്ചെറിയുമ്പോൾ
പാവം അവരറിയുന്നില്ല തിരികെ നാം വീടെത്തുമ്പോൾ നീർച്ചാലുകൾ വഴി ഡാമിലേക്കും അവിടെ നിന്ന് പൈപ്പ് വഴി നമ്മുടെ വീട്ടിലേക്ക് കുടിവെള്ളമായി എത്തുന്നതെന്ന് .

അവരെ എങ്ങിനെയാണ് കുറ്റം പറയാനാവുക  അത്തരമൊരു സംസ്കാരം നൽകുവാൻ നമുക്ക് കഴിയാത്ത സ്ഥിതി തന്നെയല്ലെ അതിന് കാരണമായി വരുന്നത്. ഇത്തരം പ്രവണതകൾക്ക് എതിരെ നിയമപരമായി കേസെടുക്കുന്നത് കൊണ്ടോ പ്രസ്താവനകൾ,  സമരങ്ങൾ എന്നിവ മൂലം  ഒരു മാറ്റവും ഉണ്ടാവാനിടയില്ല. ഞാനുൾപ്പടെയുള്ള നമ്മുടെ  സമൂഹത്തിൻ്റെ കാഴ്ച്ചപ്പാടുകൾ ശ്രദ്ധിക്കൂ  

രണ്ട് പേരും ഒരു മകനോ മകളോ അടങ്ങുന്ന ഒരു കുടുംബത്തിന് താമസിക്കുവാൻ  രണ്ടായിരം സ്ക്വയർ ഫിറ്റിൽ  തുടങ്ങുന്ന എത്ര എത്ര congreat മാളികകളാണ്  പ്രകൃതിയോട് ഇണങ്ങാതെ ഭാരിച്ച ചെലവും  വഹിച്ച്  നാം നിർമിച്ച് വരുന്നത് . അതിൽ തന്നെ എത്രയോ വീടുകളിൽ ആൾ താമസം പോലുമില്ലാതെ കിടക്കുന്നു. ഫലത്തിൽ കോടികൾ മുടക്കി മഴവെള്ളം ഒലിച്ചു പോകാതെ വീടുകൾ വെള്ളത്തിൽ മുങ്ങി ദിവസങ്ങളോളം ആധിയോടെ ക്യാബുകളിൽ  തുടരേണ്ട അവസ്ഥ. സ്വന്തമായി വലിയ വീടുകൾ  ഉള്ളവർക്ക് സമൂഹത്തിൽ ലഭിക്കുന്ന  സ്വീകാര്യത തന്നെയാണ്  ഏവരേയും ഇത്തരത്തിൽ പ്രേരിപ്പിക്കുന്നത്. എൻ്റേതും ചെറിയ വീടാണെങ്കിലും ഞാനും  ചെയാൻ പാടില്ലാത്ത കാര്യങ്ങൾ വീട്ടിൽ ചെയുവാൻ നിർബന്ധിതനായിട്ടുണ്ട് .അതിനാൽ ആരേയും കുറ്റപെടുത്തുകയല്ല കുറവുകൾ ചൂണ്ടി കാണിക്കുക മാത്രമാണിവിടെ നാം തന്നെ നമ്മുടെ 
വീടിന് ചുറ്റും  തീ ഉണ്ടാക്കിയിട്ട്  വീടിനകത്ത് കേറി എന്തൊരു ചൂടാണ് എന്നു പറയുന്ന രീതിയാണ്  പ്രകൃതിയക്കെതിരായ  വികസനത്തിൻ്റേയും പുരോഗതിയുടേയും പേരിൽ  നാം വളരുകയല്ല തളരുക തന്നെ ചെയ്യുമെന്ന്   വരും തലമുറയേയെങ്കിലും വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ നമുക്ക് ഘട്ടം ഘട്ടമായി  പുതിയ സംസ്കാരത്തിലൂടെ തിരിച്ചുപിടിക്കേണ്ടത് നമ്മുടെ കടമയാണ്.

കാടുണ്ടെങ്കിൽ.
വീടുണ്ട്.
നാടുണ്ട്.
നാമുണ്ട്
തലമുറയുണ്ട്.. 
ഈ വാചകം ഞാൻ തന്നെ എഴുതിയതാണ്.

ആദ്യമായി അമ്മയുടെ അടുത്ത് യാത്ര തുടങ്ങിയ അതെ വാൽപ്പാറയിൽ എൻ്റെ അവസാന യാത്രയിൽ (06-01-2023 )  ഞാനേറെ കൊതിച്ചിരുന്ന
Akkamalai പുൽമേടിന് അഭിമുഖയായി മാതാവിൻ്റെ മടിയിൽ  അമർന്നിരുന്ന് തന്നെയാണ് ഫോണിൽ  എഴുതുന്നത്. ഇതു വരെ നേരിൽ ആരും ദർശിച്ചിട്ടില്ലാത്ത ദൈവ സങ്കൽപ്പങ്ങൾക്ക് നാം നൽകി വരുന്ന പരിഗണനയുടെ ചെറിയൊരു അളവിലെങ്കിലും  ശ്യാസമായി  കൺമുന്നിൽ സത്യമായി നിറത്തിടുന്ന പോറ്റമ്മയ്ക്ക മതിയായ പരിഗണന നൽകേണ്ടതല്ലെ എന്ന് പലപ്പോഴും തോന്നാറുണ്ട്.

വിശ്വാസികളെ കുറച്ചു കാണുന്നതായി ദയവായി തോന്നരുത്. ഞാനുമൊരു വിശ്വാസി തന്നെയാണ്.( മാതാ പിതാ ഗുരു ദൈവം എന്ന രീതിയിൽ തന്നെയാണ് പറഞ്ഞത്.) ഒൻപതാം ക്ലാസ് വരെ മാത്രം  വിദ്യാഭ്യാസമുള്ള എൻ്റെ എഴുത്തിൽ മനസിൽ നിറയുന്ന കാര്യങ്ങൾ പകർത്തുന്നതിൽ 
പരിമിതികൾ ഏറെയുണ്ടെന്നറിയാം എവിടെയെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നുവെങ്കിൽ ക്ഷമിക്കുക. 

അമ്മയുടെ സംരക്ഷണത്തിലും സംഭാവനയിലും ലഭ്യമായ എൻ്റെ ശ്വാസം അമ്മയ്ക്കായി ഞാൻ സമർപ്പിച്ചു കൊണ്ട് എൻ്റെ അപേക്ഷ ഇവിടെ അവസാനിപ്പിക്കുന്നു..

അമ്മേ ശരണം...

വ്യക്തിപരമായ എൻ്റെ ഒന്ന് രണ്ട് ആഗ്രഹങ്ങൾ കൂടി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കട്ടെ.
1, എൻ്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വാൽപ്പാറയിലെ Akkamalai മുതൽ മൂന്നാറിലെ eravikulam national park വരെയുള്ള
ലോകത്തിൽ പകരം വയ്ക്കാനില്ലാത്ത  അമ്മയുടെ മാഹാത്മ്യം നിറഞ്ഞ ആ മണ്ണിൽ ഒന്നു ചവുട്ടി നിന്ന് കൈകൂപ്പിടണം എന്നുള്ളത്.  അവിടെ ചെല്ലുന്നതിന് ഒരുപാട്  നിയന്ത്രണം ഉണ്ടായതിനാൽ ചെല്ലുവാൻ കഴിഞ്ഞില്ലേലും  ആരും കടക്കാതെ പവിത്രമായി അതവിടെ കിടക്കുന്ന സന്തോഷമായിരുന്നു ഞാൻ വാൽപ്പാറ വരുമ്പോഴെല്ലാം മണിക്കൂറുകൾ കണ്ണും മനസും ഉടക്കി നിൽക്കുന്നത് പതിവാണ്.  അതിനാൽ എൻ്റെ മരണശേഷം എൻ്റെ മൃതദേഹം കൊഴിഞ്ഞാബാറ വീട്ടിൽ കൊണ്ടുപോയി അവിടെ നിന്ന്  (വിഷം പുരണ്ട ശരീരത്തിൻ്റെ 
ഒരു ഭാഗവും ആർക്കും ദാനം ചെയാൻ ആകുമെന്ന് കരുതുന്നില്ല) 
ഏതെങ്കിലും electric ശ്മശാനത്തിൽ കത്തിച്ച ശേഷം ഒരു പിടി ചാരമെങ്കിലും  മേൽ പറഞ്ഞ Akkamalai മുതൽ ഇരവികുളം വരെയുള്ള പുൽമേടിൽ മകൻ്റെ കൈ കൊണ്ട് വിതറിടണമെന്ന് ആഗ്രഹിക്കുന്നു. (സർക്കാർ അനുമതിക്കുകയാണെങ്കിൽ മാത്രം) വേറൊന്നും കൊണ്ടല്ല  മാതാവിൻ്റെ അത്രയും ഭാഗം  എത്രത്തോളം പവിത്രമാണെന്ന്   ഏവർക്കും അറിയാനിട വരുമെന്ന് ആശിക്കുന്നു.

2, എൻ്റെ  ഭാര്യയും മകനും  നിലവിലുള്ള വീട്ടിൽ ഇനി താമസിക്കാതെ vannamada യിലുള്ള ഭാര്യയുടെ വീട്ടിൽ താമസിക്കണമെന്നും നിലവിലുള്ള വീട് വിറ്റ് കിട്ടുന്ന പൈസയിൽ വണ്ണാമടയിൽ തന്നെ ചെറിയൊരു സ്ഥലം വാങ്ങി പിന്നീട്  കൊച്ചു വീട് ഉണ്ടാക്കാവുന്നതുമാണ്. എൻ്റെ വിയോഗം പ്രത്യേകിച്ച് ഞാനേറെ സ്നേഹിക്കുന്ന എൻ്റെ ഭാര്യയ്ക്കും മക്കൾക്കും  കുടുബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും താങ്ങാവുന്നതിലും അപ്പുറമാണെന്നറിയാം   പ്രത്യേകിച്ച് തീരെ നിഷ്കളങ്കരായ ഭാര്യയോടും മകനോടും മകളോടും മരുമകനോടും സഹോദരിമാരോടും മറ്റു മക്കളോടും
കണ്ണീരോടെ ഞാനിത് എഴുതുമ്പോഴും എന്തു പറയണമെന്നറിയില്ല  തനിച്ചാക്കി യാത്രയാവുന്നതിൽ വെറുക്കരുത്  പൊറുക്കുക പൊറുക്കുക...

3, എൻ്റെ ഷാപ്പിലെ ജോലി എൻ്റെ മകൻ ജയേഷിന് നൂറ് ശതമാനം യോജിക്കില്ല എന്ന് എനിക്കറിയാം. ആ ജോലിയിൽ നിൽക്കരുത്. അതിനാൽ നിനക്ക് മാന്യമായ എന്തെങ്കിലും ജോലി തന്ന് സഹായിക്കുവാൻ  സന്മസുള്ള ആരുടെയെങ്കിലും ഒരു കൈ ദൈവനിയോഗമായി കടന്ന് വരുമെന്ന്  എനിക്കുറപ്പുണ്ട്. എൻ്റെ മകൾ ഞാൻ തന്നെയാണ്. മകൻ്റേയും ഭാര്യയുടേയും കാര്യങ്ങളിൽ  മകളും മരുമകൻ്റേയും പിന്തുണയോടൊപ്പം  മറ്റ് കുടുബാംഗങ്ങളുടെ പിന്തുണയും ഉണ്ടാകുമെന്ന് ആശിക്കുന്നു  സമാധാനിക്കുന്നു.

എൻ്റെ സഹോദരി സുമതി ചേച്ചിയെ  പ്രായമാകുമ്പോൾ ഇവിടെ കൊണ്ട് വന്ന് ശ്രദ്ധിക്കുവാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ   നിങ്ങൾക്കത് എന്നെ ശുശ്രൂഷിച്ചതിന് തുല്യമായി സമാധാനിക്കാം.

4 , മാതാവിൻ്റെ മനോഹരമായ ചിത്രങ്ങൾ സുഹൃത്തുക്കളുടെ സഹായത്തോടെ  ഞാൻ പകർത്തിയ ചിത്രങ്ങൾ നിരവധിയാണ്.
Kannimari ദിനേശേട്ടൻ, alambady ranjith,karimannu pradeep തുടങ്ങിയവരുടെ നേതൃത്തിൽ 
Love the nature.  Save the nature.  That is the future..

എന്ന സന്ദേശം മുൻ നിർത്തി കഴിയുമെങ്കിൽ  ചിത്രപ്രദർശനം  മുൻകൈയെടുത്ത്  ചെയാവുന്നതാണ്..പറയുവാൻ കൊതിച്ച  പല കാര്യങ്ങ ളും ഒറ്റ ഇരിപ്പിൽ എഴുതിയതിനാൽ  വേണ്ട രീതിയിൽ പറയുവാൻ കഴിഞ്ഞില്ല എന്ന വിഷമം എങ്കിലും 
സ്നേഹത്തോടെ 
K.v.jayapalan.
 

Follow Us:
Download App:
  • android
  • ios