മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് പറഞ്ഞ ഇ പി ജയരാജൻ, മാധ്യമ ധർമ്മം എല്ലാവരും പാലിക്കണമെന്നും വ്യക്തിഹത്യ ഉപേക്ഷിക്കണം, രക്‌തത്തിന് വേണ്ടി ദാഹിക്കൽ അരുതെന്നും കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എല്‍ഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ. പരിശോധിച്ച ശേഷം പ്രതികരിക്കാം എന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. വിഷയം എന്താണെന്നു അറിയില്ലെന്നും പരിശോധിച്ച ശേഷം മെറിട്ട് നോക്കിയിട്ട് പ്രതികരിക്കാമെന്ന് ഇപി മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് പറഞ്ഞ ഇ പി ജയരാജൻ, മാധ്യമ ധർമ്മം എല്ലാവരും പാലിക്കണമെന്നും വ്യക്തിഹത്യ ഉപേക്ഷിക്കണം, രക്‌തത്തിന് വേണ്ടി ദാഹിക്കൽ അരുതെന്നും കൂട്ടിച്ചേര്‍ത്തു.
മുപ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകരാണ് ഇന്നലെ രാത്രി ഏഴേമുക്കാലോടെയാണ് കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനകത്തേക്ക് അതിക്രമിച്ച് കയറിയത്. സുരക്ഷ ഉദ്യോഗസ്ഥര്‍ തടയാൻ ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റിയായിരുന്നു പ്രവര്‍ത്തകര്‍ നാലാം നിലയിലുള്ള ഓഫീസ് മുറിയിലേക്ക് അതിക്രമിച്ച് കടന്നത്ത്. ഓഫീസിനുളളിൽ കയറി മുദ്രവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഓഫീസ് പ്വര്‍ത്തനം തടസപെടുത്തി. ഒരു മണിക്കൂറോളം ഓഫീസില്‍ ബഹളം വച്ച പ്രവര്‍ത്തകരെ കൂടുതല്‍ പൊലീസെത്തിയാണ് ഓഫീസില്‍ നിന്നും നീക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് മുന്നിൽ എസ്എഫ്ഐ പ്രവർത്തകർ അധിക്ഷേപ ബാനറും കെട്ടി.
സംഭവത്തില്‍ കണ്ടാലറിയാവുന്ന മുപ്പതോളം എസ് എഫ് ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതിക്രമിച്ച് കയറി ഓഫീസിന്‍റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി നായരുടെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുള്ളത്. സെക്യൂരിറ്റി ജീവനക്കാരെ തളളിമാറ്റി ഓഫീസിലേക്ക് പ്രവർത്തകർ അതിക്രമിച്ചു കടന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളും തെളിവായി പരാതിക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച് എസ് എഫ് ഐ പ്രവര്‍ത്തകരെ പ്രതിചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. സൗത്ത് എസിപി രാജ്കുമാറിന്‍റെ മേല്‍നോട്ടത്തില്‍ പാലാരിവട്ടം എസ് എച്ച്.ഒക്കാണ് കേസിന്‍റെ അന്വേഷണ ചുമതല. ഇതിനിടെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും രംഗത്തെത്തി.
