ആഴക്കടൽ മത്സ്യ ബന്ധനം നടത്താൻ ഇഎംസിസി എന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയുമായി കരാറില്‍ അഴിമതി നടന്നുവെന്നാണ് ചെന്നിത്തലയുടെ ആരോപണം

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പിട്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം നിഷേധിച്ച് മന്ത്രി ഇപി ജയരാജൻ. വ്യവസായ നിക്ഷേപത്തിനായി നിരവധി അപേക്ഷകൾ കേരളത്തിലെത്തുന്നു. ആ അപേക്ഷകളിൽ ശരിയായ രീതിയിലാണ് തീരുമാനമെടുക്കുന്നത്. പരാതി വന്നാൽ സർക്കാർ പരിശോധിക്കും. ചെന്നിത്തല വായിൽ തോന്നിയത് പറയുന്നുവെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവിന്റെ ആരോപണം

ആഴക്കടൽ മത്സ്യ ബന്ധനം നടത്താൻ ഇഎംസിസി എന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയുമായി കരാറില്‍ അഴിമതി നടന്നുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. 5000 കോടി രൂപയുടെ കരാറിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ഒപ്പിട്ടത്. വൻകിട അമേരിക്കൻ കുത്തക കമ്പനിക്ക് കേരള തീരം തീറെഴുതി കൊടുക്കുന്ന വൻ അഴിമതിയാണ് കരാറിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സ്പ്രിംക്ളറിനേക്കാളും ഇ മൊബിലിറ്റിയെക്കാളും വലിയ അഴിമതിയാണ് നടന്നതെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ ഗൂഢാലോചന നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു. ഇഎംസിസി പ്രതിനിധികളുമായി 2018 ൽ ന്യൂയോർക്കിൽ മേഴ്സിക്കുട്ടിയമ്മ ചർച്ച നടത്തി. എല്‍ഡിഎഫിലും മന്ത്രിസഭയിലും ചര്‍ച്ച നടത്താതെയാണ് കരാറില്‍ ഒപ്പിട്ടത്. 10 ലക്ഷം രൂപ മാത്രം മൂലധനമുള്ള 2 വർഷം മുമ്പ് മാത്രം തുടങ്ങിയ കമ്പനിയാണ് ഇഎംസിസി. കരാറിന് മുമ്പ് ഗ്ലോബൽ ടെൻഡർ വിളിച്ചില്ല. എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് വിളിച്ചില്ല. 400 ട്രോളറുകളും രണ്ട് മദർ ഷിപ്പുകളും കേരള തീരത്ത് മത്സ്യബന്ധനം നടത്താൻ പോവുകയാണ്. നമ്മുടെ മത്സ്യസമ്പത്ത് നശിക്കുമെന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന കരാറാണെന്നും ചെന്നിത്തല കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ മറുപടി

എന്നാൽ ചെന്നിത്തലയെ തള്ളി മന്ത്രി മേഴ്സിക്കുട്ടിയമ്മ രംഗത്ത് വന്നു. മത്സ്യബന്ധനം നടത്താൻ അനുമതി നൽകേണ്ടത് ഫിഷറീസ് വകുപ്പാണ്. ഒരു അപേക്ഷയും ഇതിനായി കിട്ടിയിട്ടില്ല. തികച്ചും അസംബന്ധമായ കാര്യങ്ങളാണ് ചെന്നിത്തല പറയുന്നത്. ഞാൻ ആരേയും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയൊരു ഉത്തരവില്ല. വ്യവസായവകുപ്പ് അങ്ങനെയൊരു കരാറിൽ ഒപ്പിട്ടെങ്കിൽ അവരോട് ചോദിക്കൂ. ഉൾനാടൻ മത്സ്യബന്ധനം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനം പറയേണ്ടത് ഫിഷറീസ് വകുപ്പാണ്. 

ഞങ്ങളുടെ അറിവിൽ ഇങ്ങനെയൊരു കരാറില്ല. 2018-ൽ ഞാൻ അമേരിക്കയിൽ പോയത്. യുഎന്നിലെ ചർച്ചയ്ക്കാണ്. ആകെ മൂന്ന് ദിവസമാണ് അവിടെ ഉണ്ടായിരുന്നുള്ളൂ. ടികെഎം കോളേജ് ചെയർമാൻ, പ്രിൻസിപ്പൾ, കൊല്ലം കളക്ടർ എന്നിവരാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. ടികെഎം കോളേജും യൂണിവേഴ്സ്റ്റി കോളേജ് വിദ്യാർത്ഥികളും ഫിഷറീസ് വകുപ്പും ചേർന്നുള്ള ഒരു പ്രൊജക്ടിൽ താത്പര്യം കാണിച്ച യുഎന്നിന്റെ ക്ഷണപ്രകാരമാണ് ഞങ്ങൾ അവിടെ പോയത്. 

വ്യവസായ വകുപ്പുമായി കരാറൊപ്പിട്ടോ എന്നത് ഇവിടെ പ്രസക്തമല്ല. ഇവിടെ ലൈസൻസ് കൊടുക്കേണ്ടത് ഫിഷറീസ് വകുപ്പാണ്. ഫിഷറീസ് വകുപ്പിൽ ഇങ്ങനെയൊരു അപേക്ഷ വന്നിട്ടില്ല, അതിന് ലൈസൻസ് കൊടുത്തിട്ടുമില്ല. ഇതൊക്കെ ഫിഷറീസ് നയം കൃത്യമായി നേരത്തെ തന്നെ പറഞ്ഞതാണ്. ആഴക്കടൽ മത്സ്യബന്ധനം പൂർണമായും പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമായിട്ടാണ് അനുവദിച്ചു കൊടുത്തിട്ടുള്ളത്. അതിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും മന്ത്രി വിശദീകരിച്ചു.

ആരോപണം നിഷേധിച്ച് ഇഎംസിസി കമ്പനി

സംസ്ഥാന സര്‍ക്കാരുമായി ഒരു കരാറും ഇതുവരെ ഒപ്പിട്ടിട്ടില്ലെന്ന് ഇഎംസിസി കമ്പനി ഡയറക്ടര്‍ ഷിബു വര്‍ഗീസ് പ്രതികരിച്ചു. ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്ന് വാങ്ങുന്നില്ലെന്നും ഷിബു വര്‍ഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇഎംസിസി. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയിൽ കുടുംബാംഗങ്ങളും അമേരിക്കന്‍ പൗരന്‍മാരുമുണ്ട്. അങ്കമാലി കേന്ദ്രീകരിച്ച് സബ്സിഡിയറി കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇഎംസിസി കമ്പനി ഡയറക്ടര്‍ വിശദീകരിച്ചു.

മത്സ്യബന്ധന ബോട്ടുകള്‍, വള്ളങ്ങള്‍, വില്‍പ്പന സ്റ്റാളുകള്‍ എന്നിവ നിര്‍മിക്കാനാണ് പദ്ധതി. 5000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത് വിദേശ നിക്ഷേപം വഴിയാണ്. ഒരു രൂപയുടെ അഴിമതി പോലും പദ്ധതിയിലില്ലെന്നും സര്‍ക്കാരുമായി ഒരു കരാറും ഇത് വരെ ഒപ്പിട്ടിട്ടില്ലെന്നും ഷിബു വര്‍ഗീസ് വ്യക്തമാക്കി. പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിട്ടേയുള്ളൂ. ഇതിന് സര്‍ക്കാരിന്‍റെ അംഗീകാരം കാത്തിരിക്കുകയാണ്. പദ്ധതിയുടെ ഭാഗമായ ബോട്ടുകള്‍ നിര്‍മിക്കാന്‍ കെഎസ്ഐഎന്‍സിയുമായി ധാരണാപത്രം ഒപ്പിട്ടുണ്ട്. 2000 കോടി രൂപയ്ക്കുള്ള ബോട്ടുകള്‍ നിര്‍മിക്കാനാണ് ധാരണാപത്രം. 400 ബോട്ടുകൾ നിർമിക്കാനാണ് പദ്ധതി. തുടര്‍ന്ന് നാട്ടിലെ തൊഴിലാളികളെ ഉപയോഗിച്ച് ആഴക്കടൽ മത്സ്യബന്ധനം നടത്താണ് ധാരണയെന്നും രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ കള്ളമാണെന്നും ഷിബു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.