Asianet News MalayalamAsianet News Malayalam

'തോമസിനെ വിലക്കിയത് എന്നെ വെടിവെച്ച് കൊല്ലാൻ ആളെകൂട്ടിപ്പോയവൻ', സുധാകരനെതിരെ ഇപി ജയരാജൻ

സെമിനാറിൽ പങ്കെടുക്കുന്നത് വിലക്കിയ കോൺഗ്രസ് നിലപാടിനെതിരെ പ്രതികരിച്ച് കൂടുതൽ സിപിഎം നേതാക്കൾ 

ep jayarajan against sudhakaran over kv thomas party congress seminar
Author
Kerala, First Published Apr 7, 2022, 9:31 AM IST

കണ്ണൂർ: കോൺഗ്രസ് (Congress) നിർദ്ദേശം മറികടന്ന് സിപിഎം പാർട്ടി കോൺഗ്രസിലെ (CPM Party Congress) സെമിനാറിൽ കെ വി തോമസ് (K V Thomas)പങ്കെടുക്കുമോ എന്നതിനെ ചൊല്ലിയുടെ വാദപ്രതിവാദങ്ങൾ കനക്കുകയാണ്. സെമിനാറിൽ പങ്കെടുക്കുന്നത് വിലക്കിയ കോൺഗ്രസ് നിലപാടിനെതിരെയും കെ സുധാകരനെതിരെയും രൂക്ഷവിമർശനമുന്നയിച്ച് കൂടുതൽ സിപിഎം നേതാക്കൾ രംഗത്തെത്തി. 

തന്നെ വെടി വെച്ചു കൊല്ലാൻ ആളെ കൂട്ടിപ്പോയവനാണ് തോമസിനെ വിലക്കിയതെന്ന് കെപിസിസി പ്രസിഡന്റ് സുധാകരനെ കുറിച്ച് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ പറഞ്ഞു. മറ്റ് പാർട്ടികളിലെ പല നേതാക്കളും സിപിഎമ്മിലേക്ക് വരുന്ന കാലമാണിത്. തോമസ് പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമോയെന്നത് കാത്തിരുന്ന് കാണാമെന്നും ജയരാജൻ പറഞ്ഞു. 

വിഷയത്തിൽ കെ വി തോമസ് നല്ല സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്  എ കെ ബാലനും പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ്  സുധാകരൻ പറയുന്നത് പടു വിഡ്ഢിത്തമാണ്. സിപിഎമ്മിന്റെ സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസുകാർ അർഹരല്ലെന്ന സന്ദേശമാണത് നൽകുന്നത്. ആർ എസ് എസിനെയും ബിജെപിയേക്കാളും എതിർക്കപ്പെടേണ്ട പാർട്ടിയായാണോ സിപിഎമ്മിനെ കോൺഗ്രസ് കാണുന്നതെന്നും ബാലൻ ചോദിച്ചു. കെ വി തോമസിനെ കോൺഗ്രസ് പുറത്താക്കിയാൽ സ്വീകരിക്കുമോയെന്നത് അപ്പോഴത്തെ കാര്യമാണെന്നും ബാലൻ പ്രതികരിച്ചു. 

പാർട്ടി കോൺഗ്രസിൽ പങ്കെടുത്തുവെന്നത് കൊണ്ട് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടാൽ കെ വി തോമസ് വഴിയാധാരമാവില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും വ്യക്തമാക്കി. പാർട്ടി കോൺഗ്രസിന്റെ സെമിനാറിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചത്. സെമിനാർ വിലക്ക് കോൺഗ്രസിന്റെ തിരുമണ്ടൻ തീരുമാനമാണെന്നും ആർ എസ് എസ് മനസുള്ളവരാണ് കെവി തോമസിനെ വിലക്കുന്നതെന്നും ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്കാണ് കെ വി തോമസിനെ ക്ഷണിച്ചിട്ടുള്ളത്. കോൺഗ്രസിന്റെ നിലപാട് പറയാനുള്ള വേദിയായി അതിനെ ഉപയോഗിക്കാവുന്നതാണ്. നെഹ്റുവിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസുകാർ കെ വി തോമസ് സെമിനാറിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്നതാണ് ദേശീയ കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയെന്നും ജയരാജൻ പരിഹസിച്ചു. 

Follow Us:
Download App:
  • android
  • ios