തിരുവനന്തപുരം: ടിപി കേസ് കുറ്റവാളി പികെ കുഞ്ഞനന്തന്റെ മൃതദേഹം കാണാനെത്തിയ കോൺഗ്രസുകാരും ലീഗുകാരുമാണ് സാമൂഹിക അകലം പാലിക്കാതിരുന്നതെന്ന് മന്ത്രി ഇപി ജയരാജൻ. ഇവിടെയെത്തിയ സിപിഎം പ്രവർത്തകർ സാമൂഹിക അകലം പാലിച്ചിരുന്നുവെന്നും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞു.

പൂന്തുറയിൽ ജനത്തെ ഇളക്കി വിട്ട് സമരം ചെയ്തത് ഏത് പാർട്ടിക്കാരാണെങ്കിലും സർക്കാർ അപലപിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ മറികടന്ന് സമരം ചെയ്യുമെന്ന് പറഞ്ഞതോടെ കെ സുധാകരന് സമൂഹത്തോട് ഒരു ഉത്തരവാദിത്തവുമില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയും ഇന്നുമായി പ്രതിപക്ഷ പാർട്ടികൾ സംസ്ഥാനത്ത് നടത്തിയ സമരങ്ങളോട് രൂക്ഷമായ ഭാഷയിലാണ് ഭരണപക്ഷ നേതാക്കൾ പ്രതികരിച്ചത്. കൊവിഡ് നിയന്ത്രിക്കാൻ സർക്കാർ പാടുപെടുമ്പോൾ പ്രതിപക്ഷം അതിന് തുരങ്കം വയ്ക്കുന്നുവെന്നാണ് ഭരണപക്ഷത്തിന്റെ വിമർശനം. കൊവിഡ് വന്ന് ചാകേണ്ടെന്നായിരുന്നു ഇന്നലെ പ്രതിപക്ഷ സമരത്തോട് മന്ത്രി ഇപി ജയരാജൻ പ്രതികരിച്ചത്.

പികെ കുഞ്ഞനന്തന്റെ സംസ്കാര ചടങ്ങിൽ ബഹുജന പങ്കാളിത്തം ഉണ്ടായതും അവിടെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടതും പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ആയുധമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്, മൃതദേഹം കാണാനെത്തിയ മുസ്ലിം ലീഗ് പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരുമാണ് കുറ്റക്കാരെന്ന രീതിയിൽ മന്ത്രി പ്രസ്താവന നടത്തിയത്.