കുറ്റവാളികളെ കണ്ടെത്തി ശക്തമായിട്ടുള്ള നടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ. ശബരിമല ക്ഷേത്രത്തെ ദുരുപയോഗം ചെയ്യാൻ ആരെയും സർക്കാർ അനുവദിക്കില്ലെന്നും ഒരു വിശ്വാസികൾക്കും തടസ്സം ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കില്ലെന്നും ഇ പി ജയരാജൻ.

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ. ആരാണോ തട്ടിപ്പ് നടത്തിയത് ദേവസ്വം ബോർഡിൻ്റെ വിജിലൻസ് അത് കണ്ടെത്തുമെന്ന് ഇ പി ജയരാജൻ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി ശക്തമായിട്ടുള്ള നടപടി സ്വീകരിക്കും. ശബരിമല ക്ഷേത്രത്തെ ദുരുപയോഗം ചെയ്യാൻ ആരെയും സർക്കാർ അനുവദിക്കില്ലെന്നും ഒരു വിശ്വാസികൾക്കും തടസ്സം ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേര്‍ത്തു. ആഗോള അയ്യപ്പ സംഗമത്തെ ലക്ഷ്യമിട്ടുകൊണ്ടാണ് പോറ്റിയെ ഉപയോഗിച്ച് ഹീനമായ കാര്യങ്ങൾ ചെയ്തത്. ഗൂഢാലോചനയുണ്ടോ എന്നതും കണ്ടെത്തുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ പാളികൾ സംബന്ധിച്ച ദുരൂഹത ഏറുകയാണ്. 2019ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ചത് സ്വർണ പാളികൾ ആയിരുന്നില്ലെന്നും ഒരിയ്ക്കലും സ്വർണം പൂശിയിട്ടില്ലാത്ത ചെമ്പ് പാളികൾ ആയിരുന്നുവെന്ന് സ്ഥാപനത്തിന്‍റെ അഭിഭാഷകൻ കെബി പ്രദീപ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ വെളിപ്പെടുത്തിയിരുന്നു. ഒരിക്കൽ സ്വർണം പൂശിയ ലോഹം തങ്ങളുടെ സ്ഥാപനം അറ്റകുറ്റപ്പണിക്കായി സ്വീകരിക്കാറില്ലെന്നും പ്രദീപ് പറയുന്നു. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി തങ്ങളുടെ കസ്റ്റമർ ആണെന്നും ഒന്നിലധികം പ്രോജക്റ്റുകളിൽ ഒപ്പമുണ്ടായിരുന്നുവെന്നും സ്മാർട്ട്‌ ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ടാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അയ്യപ്പ ഭക്തൻ എന്ന നിലയിലാകും അമ്പത്തൂരിലെ ഫാക്ടറിയിൽ നടന്ന പൂജയിൽ ജയറാം പങ്കെടുത്തത്. കോടതിക്ക് മുന്നിലുള്ള വിഷയം ആയതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പങ്കജ് ഭണ്ടാരി കൂട്ടിച്ചേര്‍ത്തു. 2019ൽ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ പാളികളിലെ അറ്റകുറ്റപ്പണി നടത്തിയത് സ്മാർട് ക്രിയേഷൻ എന്ന സ്ഥാപനത്തിലാണ്. 

സ്വർണം എങ്ങിനെ ചെമ്പായി മാറിയെന്ന അന്വേഷണത്തില്‍ വഴിത്തിരിവ്

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തില്‍ ഒരു വമ്പൻ തട്ടിപ്പ് ചുരുളഴിയുകയാണ്. 1998ൽ വിജയ് മല്ല്യ പൂശി നൽകിയ സ്വർണം അല്ല, 2019ൽ അറ്റകുറ്റപ്പണിക്ക് എത്തിയത്. വിജയ് മല്യ നല്‍കിയ സ്വര്‍ണത്തിന്‍റെ യഥാര്‍ഥ രേഖകളും ദേവസ്വം വിജിലന്‍സ് കണ്ടെടുത്തി. നേരത്തെ ഈ രേഖകള്‍ കാണാതായത് വിവാദമായിരുന്നു. ദേവസ്വം മരാമത്ത് ഓഫീസില്‍ നിന്നാണ് ദേവസ്വം വിജിലന്‍സ് സംഘം രേഖകള്‍ കണ്ടെടുത്തത്. 1998ല്‍ സ്വർണം പൂശുന്ന ജോലികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് മരാമത്ത് വിഭാഗമായിരുന്നു. അന്നത്തെ രജിസ്റ്ററും അനുബന്ധരേഖകളുമാണ് കണ്ടെത്തിയത്. ഇതോടെ ഒരോന്നിനും എത്ര വീതം സ്വര്‍ണം ഉപയോഗിച്ചെന്ന് കണ്ടെത്താനാകും. വിജയ് മല്യ മൊത്തം നല്‍കിയത് 30.3 കിലോ സ്വര്‍ണവും 1900 കിലോ ചെമ്പുമാണ്. ഇതുപയോഗിച്ച് ശ്രീകോവില്‍, മേല്‍ക്കൂര, ദ്വാരപാലക ശില്‍പ്പം എന്നിവക്ക് സ്വര്‍ണം പൂശി. രജിസറ്റര്‍ പരിശോധിച്ച് ഓരോന്നിനും എത്ര വീതം സ്വര്‍ണ ഉപയോഗിച്ചെന്ന് പരിശോധിക്കും. 1999 ല്‍ സ്വര്‍ണ പൂശുന്ന ജോലി പൂര്‍ത്തിയായെന്നും രേഖകളിലുണ്ട്. ഇക്കാര്യം അന്നത്തെ ദേവസ്വം ബോര്‍ഡ് അധ്യക്ഷന് അനന്തഗോപനും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ 2019ല്‍ തങ്ങള്‍ക്ക് ലഭിച്ചത് ദാരുശില്‍പ്പത്തിലെ ചെമ്പ് പാളിയെന്നാണ് ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ വാദം. ചെന്നൈയില്‍ എത്തിച്ചത് ചെമ്പ് പാളിയെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് വ്യക്തമാക്കിയിരുന്നു. പഴയ രേഖകള്‍ ലഭിച്ചതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.