Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ പിൻവലിച്ചാലും ജനങ്ങൾ ജാ​ഗ്രത കൈവിടരുത്: ഇ പി ജയരാജൻ

ലോക്ക്ഡൗൺ സംബന്ധിച്ച പുതിയ മാർ​ഗനിർദ്ദേശങ്ങൾ ഉടൻ തന്നെ കേന്ദ്രം സംസ്ഥാനങ്ങളെ രേഖാമൂലം അറിയിക്കുമെന്നാണ് കരുതുന്നത്. അതിനു ശേഷം കൂടിയാലോചിച്ച് നടപടികൾ തീരുമാനിക്കും. കാര്യമായ ബോധവൽക്കരണം ഇക്കാര്യത്തിൽ ആവശ്യമാണ്.

ep jayarajan says even if the lockdown is withdrawn people should not forget to be alert
Author
Thiruvananthapuram, First Published May 30, 2020, 7:41 PM IST

തിരുവനന്തപുരം: ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിച്ചാലും ജനങ്ങൾ കൊവിഡിനെതിരായ ജാ​ഗ്രത കൈവിടരുതെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. സംസ്ഥാനത്ത് രോ​ഗവ്യാപനം വളരെ കുറവാണ്. അത് നമ്മൾ സ്വീകരിച്ച ജാ​ഗ്രതയുടെ ഫലമാണ്. തുടർന്നും ജനങ്ങൾ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ലോക്ക്ഡൗൺ സംബന്ധിച്ച പുതിയ മാർ​ഗനിർദ്ദേശങ്ങൾ ഉടൻ തന്നെ കേന്ദ്രം സംസ്ഥാനങ്ങളെ രേഖാമൂലം അറിയിക്കുമെന്നാണ് കരുതുന്നത്. അതിനു ശേഷം കൂടിയാലോചിച്ച് നടപടികൾ തീരുമാനിക്കും. കാര്യമായ ബോധവൽക്കരണം ഇക്കാര്യത്തിൽ ആവശ്യമാണ്. അതുകൊണ്ടു തന്നെ വേണ്ട നടപടികൾ എന്തൊക്കെയാണെന്ന് ആലോചിച്ച ശേഷം സംസ്ഥാനം നിലപാട് വ്യക്തമാക്കും.  ഇത്തരം കാര്യങ്ങളിൽ നമ്മുടെ സംസ്ഥാനം വളരെ വേ​ഗം കാര്യങ്ങൾ നിരീക്ഷിച്ച് തീരുമാനമെടുക്കും. അതുകൊണ്ടു തന്നെ സംസ്ഥാനസർക്കാരിന്റെ തീരുമാനം എന്താണെന്ന് ഉടനെ തന്നെ അറിയാനാവും.

രാജ്യവ്യാപകമായി തീവ്രബാധിതമേഖലകളിൽ മാത്രം ലോക്ക്ഡൗൺ വീണ്ടും ഒരു മാസം കൂടി നീട്ടി കേന്ദ്രസർക്കാർ ഉത്തരവിറക്കിയതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ജൂൺ 30 വരെ കണ്ടെയ്ൻമെന്‍റ് സോണുകൾ അഥവാ ഹോട്ട്സ്പോട്ടുകളിൽ മാത്രം കർശനനിയന്ത്രണം ഏർപ്പെടുത്താനാണ് ലോക്ക്ഡൗൺ ഉത്തരവിൽ കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്. കണ്ടെയ്ൻമെന്‍റ് സോണുകളല്ലാത്ത പ്രദേശങ്ങളിൽ ജൂൺ 8-ന് ശേഷം, നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാമെന്നും കേന്ദ്ര ഉത്തരവിൽ പറയുന്നു. 

ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റസ്റ്റാറന്‍റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവ ജൂൺ 8 മുതൽ തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്‍റ് സോണുകളല്ലാത്ത ഇടങ്ങളിൽ മാത്രമാണ് ഈ ഇളവുകളുണ്ടാകുക. ആദ്യഘട്ടത്തിലാണ് ഈ ഇളവുകളുണ്ടാകുക.

Read Also: ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നു, തീവ്രമേഖലകൾ മാത്രം ജൂൺ 30 വരെ അടച്ചിടും...
 

Follow Us:
Download App:
  • android
  • ios