വൈദേകം റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും, പരിശോധന നടത്തിയത് ആദായനികുതി വകുപ്പ് ടിഡിഎസ് വിഭാഗമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

തിരുവനന്തപുരം: വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ വീണ്ടും ഗൂഢാലോചന ആരോപിച്ച് എൽഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പിന്നില്‍ ആരെന്ന് തനിക്കറിയാമെന്നും സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 

സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ പാലക്കാട് പിന്നിട്ടിട്ടും ഗൂഢാലോചന വാദത്തിൽ പിടി വിട്ടിട്ടില്ല ഇപി ജയരാജൻ. റിസോര്‍ട്ട് വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പാര്‍ട്ടി വേദിയിൽ ഉന്നയിച്ച ഇപി അത് പൊതുസമൂഹത്തിന് മുന്നിലും തുറന്ന് പറയുകയാണ്. സമയാമാകുമ്പോൾ എല്ലാം വെളിപ്പെടുത്തുമെന്ന് മുന്നറിയിപ്പും ബാക്കിവെക്കുകയാണ് ഇപി ജയരാജന്‍. ഗൂഢാലോചന പാര്‍ട്ടിക്കുള്ളിൽ നിന്നെന്ന് താൻ പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈദേകം റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും, കഴിഞ്ഞ ദിവസം പരിശോധന നടത്തിയത് ആദായനികുതി വകുപ്പ് ടിഡിഎസ് വിഭാഗമാണെന്നും ഇ പി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്വന്തം ജില്ലയിലെ കാര്യമായത് കൊണ്ടാണ് ഇക്കാര്യം അന്വേഷിച്ചതെന്നും ഇപി കൂട്ടിച്ചേര്‍ക്കുന്നു. സിപിഎമ്മിന്‍റെ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. കേരളം മുഴുവൻ ഒരു പോലെയാണെന്നും, ഏത് ജില്ലയിലും പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടേച്ചേര്‍ത്തു.

YouTube video player

റിസോര്‍ട്ട് വിവാദം പാര്‍ട്ടി വേദിയിൽ പരാതിയായതിലും പൊതുസമൂഹമറിയും വിധം വാര്‍ത്തയായതിലും ഇപി കടുത്ത പ്രതിഷേധത്തിലാണ്. വിവരം ചോര്‍ത്തുന്നതിന് പിന്നിൽ പോലും ഗൂഢാലോചനയുണ്ടെന്നാണ് ഇപിയുടെ വാദം. പിന്നിൽ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പരാതിപ്പെട്ടിട്ടും നടപടി എടുക്കാത്തതിലെ പ്രതിഷേധമാണ് എം വി ഗോവിന്ദനോടും ജനകീയ പ്രതിരോധ ജാഥയോടുമുള്ള നിസ്സഹകരണത്തിന് പിന്നിലെന്നാണ് സൂചന. അവയ്‍ലബില്‍ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്ത ഇപി പക്ഷെ എന്ന് ജാഥയിൽ അണിചേരും എന്ന് വ്യക്തമാക്കുന്നില്ല.