കണ്ണൂർ പാർട്ടിയിൽ രണ്ടാമൻ, തുടങ്ങിയത് നിരവധി സംരംഭങ്ങൾ; ഒപ്പം നിൽക്കാൻ ആരുമില്ലാതെ ഇപിയുടെ പടിയിറക്കം
പദവികൾ ഇല്ലാത്ത സാഹചര്യത്തിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് ഇപി ജയരാജൻ അവധി എടുത്തേക്കുമെന്നാണ് വിവരം
കണ്ണൂർ: കണ്ണൂരിൽ നിന്നുയർന്ന സിപിഎം നേതാക്കളിൽ പ്രമുഖനായ ഇപി ജയരാജൻ്റെ വീഴ്ച തുടർച്ചയായി പിഴവുകൾക്ക് പിന്നാലെ. സംസ്ഥാനത്ത് സിപിഎമ്മിൽ ഏറ്റവും പ്രബലമായ കണ്ണൂർ ജില്ലാ ഘടകം പലകുറി ഇപി ജയരാജനെ തള്ളി. ജില്ലയിൽ പാർട്ടി തുടങ്ങിയ സംരംഭങ്ങൾക്ക് എല്ലാം മുന്നിൽ നിന്നെങ്കിലും വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നാണ് ഇപിയുടെ സങ്കടം.
നിലനിന്ന് പോകേണ്ട പുതിയ വഴി എന്തെന്ന് പാർട്ടിയോട് പറഞ്ഞയാളും നടപ്പാക്കിയ നേതാവുമാണ് ഇപി ജയരാജൻ. പുതിയ കാലത്തെ മൂലധനം എങ്ങനെ, എവിടെ നിന്ന് എന്നതിൽ ഇപിയുടെ ധാരണ പുതിയ സംരംഭങ്ങളിലേക്ക് പാർട്ടിയെ എത്തിച്ചു. കണ്ണൂരിലെ കണ്ടൽ പാർക്ക് ഉൾപ്പെടെ അതിലുണ്ട്. വൈദേകം റിസോർട്ടടക്കം സംരംഭങ്ങൾ നാടിനും നാട്ടുകാർക്കും വേണ്ടി കൊണ്ടുവന്ന പദ്ധതിയെന്നാണ് ഇപി ജയരാജൻ്റെ വാദം. എല്ലാം തുടങ്ങിയെങ്കിലും താൻ നിരാശനെന്ന് പാർട്ടിയിൽ വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് സൂചിപ്പിച്ച് കഴിഞ്ഞ ജനുവരിയിൽ
പിണറായി കഴിഞ്ഞാൽ കണ്ണൂർ പാർട്ടിയിൽ ഇപി ആയിരുന്നു അവസാന വാക്ക്. എന്നാൽ സമവാക്യങ്ങൾ മാറി. ബന്ധു നിയമന വിവാദത്തോടെ കണ്ണൂർ ഘടകത്തിൽ ഇപിക്കുള്ള പിന്തുണ കുറഞ്ഞു. അധികാരമൊഴിഞ്ഞതോടെ കീച്ചേരിയിലെ വീട്ടിലേക്ക് ഇപി ഒതുങ്ങി. പാർട്ടി പരിപാടികളിലേക്ക് പോലും ഇപിയെ ക്ഷണിക്കാതെയായി. തന്നേക്കാൾ ജൂനിയറായ എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതോടെ പ്രതിഷേധമെന്നോണം പാർട്ടി യോഗങ്ങളിൽ നിന്നും പരിപാടികളിൽ നിന്നും ഇപി വിട്ടുനിന്നു.
ഇതിനിടെയാണ് പാർട്ടി സംസ്ഥാന സമിതിയിൽ പി ജയരാജൻ നേരിട്ട് ഇപിക്കെതിരെ പരാതി ഉന്നയിച്ചത്. വൈദേകം റിസോർട് വിവാദത്തിന് തിരികൊളുത്തിയത് ഇങ്ങനെയായിരുന്നു. പാർട്ടിയിൽ ഇപിയെ പിന്തുണക്കാൻ ആരുമുണ്ടായില്ല. പിന്നീട് ബിജെപി അനുകൂല പ്രസ്താവനകളിലും ജാവദേക്കാർ വിവാദത്തിലും ഇപിക്ക് ആരുടെയും പിന്തുണ ലഭിച്ചില്ല. വീട്ടിൽ മാധ്യമങ്ങളെ പതിവായി കാണുന്ന ഇപിയുടെ രീതിയിൽ കണ്ണൂർ പാർട്ടിയുടെ തലപ്പത്തുള്ളവർക്ക് നീരസമുണ്ടായി.
കണ്ണൂരിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ ഇപി ജയരാജൻ അപൂർവമായാണ് എത്തിയത്. പദവികൾ ഇല്ലാത്ത സാഹചര്യത്തിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് ഇപി ജയരാജൻ അവധി എടുത്തേക്കുമെന്നാണ് വിവരം. അടുത്ത പാർട്ടി കോൺഗ്രസിന് ശേഷം കേന്ദ്രകമ്മിറ്റിയിൽ ഇപി ജയരാജൻ ഉണ്ടാകുമോ എന്നതും സംശയമാണ്. കേന്ദ്ര കമ്മിറ്റിയിൽ നിന്ന് അദ്ദേഹം മാറുകയാണെങ്കിൽ പാർട്ടി തലപ്പത്തെ കണ്ണൂരുകാരിൽ ഒരാളുടെ പേര് മായും.