വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ് ബലാത്സംഗ കേസിൽ പ്രതിയായ സിഐ സുനുവിന്റെ കാര്യത്തിൽ സംഭവിച്ചത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ : പൊലീസിനെ വിമര്‍ശിച്ചുള്ള പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് ഇ പി ജയരാജൻ. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ് ബലാത്സംഗ കേസിൽ പ്രതിയായ സിഐ സുനുവിന്റെ കാര്യത്തിൽ സംഭവിച്ചത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇപി ജയരാജൻ പറഞ്ഞു.
പൊലീസുകാർക്കെതിരായ കേസുകൾ വർധിച്ചതിന് പിന്നാലെയാണ് പി കെ ശ്രീമതി ഫേസ് ബുക്കിൽ വിമർശന പോസ്റ്റിട്ടത്. വേലി തന്നെ വിളവ് തിന്നുന്നോ എന്ന ചോദ്യത്തോടെയായിരുന്നു പി കെ ശ്രീമതിയുടെ പോസ്റ്റ്. കൂട്ട ബലാത്സംഗ കേസിൽ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിഐ സുനുവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു വിമർശനം. തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പി ആര്‍ സുനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സമാനമായി നിരവധി പരാതികളാണ് പൊലീസുകാർക്കെതിരെ ഉയരുന്നത്. അമ്പലവയലിൽ പോക്സോ കേസ് അതിജിവിതയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവവും പിന്നാലെയുണ്ടായി. കോഴിക്കോട്ട് പോക്സോ കേസിൽ പൊലീസ് പ്രതിയാകുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് പൊലീസിനെതിരെ സിപിഎം നേതാക്കൾ തന്നെ വിമർശനവുമായെത്തിയത്.
'വേലി തന്നെ വിളവ് തിന്നുന്നോ?' കേരള പൊലീസിനെതിരെ പി കെ ശ്രീമതി

