Asianet News MalayalamAsianet News Malayalam

ഒരേ ജോലി, പല വേതനം, വിവേചനത്തിനെതിരെ ഹൗസ് സർജന്മാർ; ചൂഷണമെന്ന് സ്വാശ്രയ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ

സർക്കാർ മേഖലയിൽ ഹൗസ് സർജ്ജന്മാർക്ക് 25,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കുമ്പോൾ 5000, 8000 മുതൽ 12,000 രൂപ വരെ തോന്നും പടിയാണ് തങ്ങൾക്ക് ലഭിക്കുന്ന സ്റ്റൈപ്പൻഡെന്ന് സ്വാശ്രയ കോളേജിലെ വിദ്യാർത്ഥികൾ പറയുന്നു

equal work, multiple pay, house surgeons against discrimination and exploitation
Author
Thiruvananthapuram, First Published Aug 10, 2021, 12:50 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഹൗസ് സർജ്ജന്മാരുടെ സ്റ്റൈപ്പൻഡിന്റെ പേരിൽ വൻ ചൂഷണമെന്ന് പരാതി. സർക്കാർ മേഖലയിലേതിന് തുല്യമായ സ്റ്റൈപ്പൻഡ് നൽകണമെന്ന് നിർദേശമുണ്ടെങ്കിലും പകുതി പോലും നൽകുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

സ്റ്റൈപ്പൻഡ് ഏകീകരണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിയെയടക്കം സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. സർക്കാർ മേഖലയിൽ ഹൗസ് സർജ്ജന്മാർക്ക് 25,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കുമ്പോൾ 5000, 8000 മുതൽ 12,000 രൂപ വരെ തോന്നും പടിയാണ് തങ്ങൾക്ക് ലഭിക്കുന്ന സ്റ്റൈപ്പൻഡെന്ന് സ്വാശ്രയ കോളേജിലെ വിദ്യാർത്ഥികൾ പറയുന്നു. പലയിടത്തും പലതുക. കോവിഡ് ഡ്യൂട്ടിയടക്കം ചെയ്യുമ്പോഴാണ് ഈ കടുത്ത വിവേചനം.

പ്രതികാര നടപടി ഭയന്ന് പ്രതികരിക്കാൻ പോലും ആകാത്ത അവസ്ഥയെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സർക്കാർ മേഖലയിലേതിന് തുല്യമായി സ്റ്റൈപ്പൻഡ് നൽകണമെന്ന് ആരോഗ്യസർവ്വകലാശാലയുടെ നിർദേശമുണ്ടെങ്കിലും മാനേജ്മെന്റുകൾ ഇത് വകവെയ്ക്കാറില്ല. രോഗികളുടെ എണ്ണം, വരുമാനം ഇവ നോക്കി സ്റ്റൈപ്പൻഡ് തങ്ങൾക്ക് തീരുമാനിക്കാമെന്നാണ് മെഡിക്കൽ കോളേജുകൾ പറയുന്നത്. 

ദേശീയ ആരോഗ്യ കമ്മീഷൻ തയാറാക്കുന്ന പുതിയ കരട് മാർഗനിർദേശം മാനേജ്മെന്റുകൾക്ക് കൂടുതൽ അധികാരം നൽകുന്നതാണെന്നും വിദ്യാർത്ഥികൾ പറയുന്നുണ്ട്. സ്റ്റൈപ്പൻഡ് ഏകീകരണത്തിനായി സർക്കാരിന് മാത്രമാണ് ഇടപെടാനാവുക എന്നിരിക്കെ ഇതിനുള്ള ശ്രമങ്ങളാണ് ഉണ്ടാകാത്തതും.

Follow Us:
Download App:
  • android
  • ios