ഇടുക്കി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.
തിരുവനന്തപുരം: ഇടുക്കി ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് വനിതാ കമ്മിഷന്‍. അതിജീവിത മരിച്ചത് കഴുത്തു ഞെരിഞ്ഞ് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു.
അതിജീവിതയുടെ മരണം കഴുത്തില്‍ ബെല്‍റ്റ് മുറുകിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആത്മഹത്യയെന്നാണ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ പ്രാഥമിക നിഗമനം. ശാസ്ത്രീയ പരിശോധനക്ക് അയച്ച ആന്തരീകാവയവങ്ങളുടെ പരിശോധന ഫലം ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ.
ചൊവ്വാഴ്ച രാവിലെയാണ് പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. സമയം വൈകിയിട്ടും പെണ്‍കുട്ടി എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് അമ്മ വിളിച്ചുണര്‍ത്തുവാന്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് നാട്ടുകാരെ വിളിച്ച് വരുത്തി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ കൊലപാതകമാണോയെന്ന സംശയം പൊലീസ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതിനുള്ള സാധ്യതയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കട്ടപ്പന, ഇടുക്കി ഡിവൈഎസ്പിമാരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ഈ കേസില്‍ അന്ന് രണ്ട് പേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഈ കേസുമായി പെണ്‍കുട്ടിയുടെ മരണത്തിന് ബന്ധമുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
സ്‌കൂൾ തുറക്കൽ: ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി മന്ത്രി,'ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകൾ ഉടൻ നൽകണം'

