കൊച്ചി: ശമ്പളം കിട്ടിയില്ലെന്ന് പരാതി പറയാനെത്തിയ വനിതാഹൗസ് സർജൻമാരെ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ അധിക്ഷേപിച്ചതായി ആരോപണം. പെൺകുട്ടികൾക്ക് എന്തിനാണ് ശമ്പളം എന്ന് ചോദിച്ചു അപമാനിച്ചെന്നും ആരോപണം ഉണ്ട്. എന്നാൽ ഇക്കാര്യം നിഷേധിച്ചു ഡിഎംഒ ഡോക്ടർ എൻ കെ കുട്ടപ്പൻ രംഗത്തെത്തി.

''സ്ത്രീകളായ ഹൗസ് സർജൻമാര് അങ്ങേരുടെ അടുത്ത് പോയി ശമ്പളം കിട്ടിയിട്ടില്ല എന്ന് പറഞ്ഞപ്പോഴത്തേയ്ക്ക്, പെൺകുട്ടികൾക്ക് എന്തിനാ ശമ്പളം എന്ന് ചോദിച്ചുവെന്നാണ് അവർ പറഞ്ഞത്. പെൺകുട്ടികൾക്ക് എന്തിനാ ശമ്പളം എന്നറിയാത്ത ഒരുത്തനാണ് ആ സ്ഥാനത്ത് ഇരിക്കുന്നതെങ്കിൽ അവിടെ ഇരിക്കാൻ അദ്ദേഹം യോഗ്യനല്ല. അദ്ദേഹം ആ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞേ പറ്റത്തുള്ളൂ'', കളമശ്ശേരി മെഡിക്കൽ കോളേജിലെ മുൻ ഹൗസ് സർജനായ ഡോ. വീണ ജെ എസ്സാണ് സ്വന്തം സുഹൃത്തുക്കൾക്കുണ്ടായ അനുഭവം സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞത്. 

ഡിഎംഒ ഡോ. എൻ കെ കുട്ടപ്പനെതിരെ രൂക്ഷമായ വിമർശനവും ഡോ. വീണ ജെ എസ് ഉന്നയിച്ചു. കൊവിഡ് ഡ്യൂട്ടി സംബന്ധിച്ച പ്രശ്നങ്ങളും ശമ്പളം കിട്ടാത്തതും ഉന്നയിച്ചാണ് രണ്ട് ഹൗസ് സർജൻമാരടക്കം മൂന്ന് പേർ എറണാകുളം ‍ഡിഎംഒയെ കാണാൻ പോയത്. എന്നാൽ ഈ ആവശ്യം പുച്ഛിച്ച് തള്ളിയ ഡിഎംഒ സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയെന്നാണ് ഡോ. വീണ ജെ എസ് പറയുന്നത്.

തൊഴിലിടത്തിൽ മുമ്പും ഇത്തരം മോശമായതും വിവേചനപരവുമായ പരാമർശങ്ങളുണ്ടായിട്ടുണ്ടെന്ന് മറ്റ് വനിതാഡോക്ടർമാരും ചൂണ്ടിക്കാട്ടുന്നു. ''പലപ്പോഴും പരാതി പറയുന്നവർ ഇരയാക്കപ്പെടുന്ന സ്ഥിതിയാണ് ഈ മെഡിക്കൽ രംഗത്തുള്ളത്. ഇതിനൊരു മാറ്റം വന്നേ തീരൂ. ഒരു വനിത ആരോഗ്യമന്ത്രിയായിരിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ നല്ല തരത്തിലുള്ള ഇടപെടൽ ഇതിലുണ്ടാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ'', എന്ന് അവർ പറയുന്നത്.

അധിക്ഷേപത്തിനിരയായവർക്ക് പിന്തുണയുമായി ഫേസ്ബുക്കിൽ ഡോ. മനോജ് വെള്ളനാട് അടക്കമുള്ളവർ പോസ്റ്റുകളിട്ടത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ തൽക്കാലം പരസ്യപ്രതികരണത്തിനില്ല എന്നാണ് അധിക്ഷേപത്തിന് ഇരയായ വനിതാ ഹൗസ് സർജൻമാരുടെ തീരുമാനം.

അതേസമയം, ഇങ്ങനെ ഒരു പരാമർശമൊന്നും നടത്തിയിട്ടില്ലെന്ന ഒഴുക്കൻ മറുപടിയാണ് എറണാകുളം ഡിഎംഒ ഡോ. എൻ കെ കുട്ടപ്പൻ പറയുന്നത്. ശമ്പളമടക്കമുള്ള പ്രശ്നങ്ങൾ ഉന്നയിക്കാൻ വനിതാ ഡോക്ടർമാർ വന്നിരുന്നുവെന്നും അദ്ദേഹം സമ്മതിക്കുന്നു.