Asianet News MalayalamAsianet News Malayalam

Thrikkakara By Election : യുഡിഎഫ് പരാതിയില്‍ നടപടി; എറണാകുളം തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറെ മാറ്റി

അനിത കുമാരിയെ വയനാട്ടിലേക്കാണ് മാറ്റിയത്. വയനാട് ഡെപ്യൂട്ടി കളക്ടർ നിർമൽ കുമാറിനാണ് പുതിയ ചുമതല. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർക്കെതിരെ യുഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു.

ernakulam election deputy collector transferred over  udf complaint
Author
Kochi, First Published May 18, 2022, 9:14 AM IST

കൊച്ചി: യുഡിഎഫിന്‍റെ (UDF) പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലയിലെ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറെ (Deputy collector) മാറ്റി. അനിത കുമാരിയെ വയനാട്ടിലേക്കാണ് മാറ്റിയത്. വയനാട് ഡെപ്യൂട്ടി കളക്ടർ നിർമൽ കുമാറിനാണ് പുതിയ ചുമതല. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർക്കെതിരെ യുഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. തൃക്കാക്കരയിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ടാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. യുഡിഎഫ് കൂട്ടിച്ചേർക്കാൻ നൽകിയ പുതിയ വോട്ടുകളിൽ ഭൂരിഭാഗവും തള്ളി എന്നായിരുന്നു യുഡിഎഫിന്‍റെ ആക്ഷേപം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം - കോഴിക്കോട് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍മാരെ പരസ്പരം മാറ്റുകയായിരുന്നു. 2011-ല്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തില്‍ നടപടി നേരിട്ടയാളെയാണ് പുതിയ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറായി എറണാകുളത്ത് നിയമിച്ചിരിക്കുന്നത് എന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. ഭരണാനുകൂല സര്‍വീസ് സംഘടന നേതാവായ ഇവര്‍ക്ക് ഭരണകക്ഷി നേതാക്കളുമായി നേരിട്ട് ബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് യുഡിഎഫിന് വേണ്ടി നല്‍കിയ പരാതിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടത്.

തൃക്കാക്കരയിൽ ആകെ എട്ട് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ബാലറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ പേര് ഒന്നാമതെത്തും. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫായിരിക്കും രണ്ടാമത്. മൂന്നാമതായി ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണനായിരിക്കും. ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന്റെ അപരനായി കരുതപ്പെടുന്ന ജോമോൻ ജോസഫ് ബാലറ്റിൽ അഞ്ചാമതാണ്. ഇദ്ദേഹത്തിന് അനുവദിച്ച ചിഹ്നം കരിമ്പ് കർഷകന്റേതാണ്. അനിൽ നായർ, ബോസ്കോ കളമശേരി, മന്മഥൻ, സിപി ദിലീപ് നായർ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവർ. മെയ് 31-നാണ് വോട്ടെടുപ്പ് നടക്കുക. ജൂണ് മൂന്നിന് വോട്ടെണ്ണൽ നടക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ്‍ അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂർത്തിയാക്കണം എന്നാണ് നിർദേശം. 

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ഈ തെരഞ്ഞെടുപ്പ് ജയിക്കാനായാൽ നിയമസഭയിലെ എൽഡിഎഫ് അംഗബലം നൂറാവും. നൂറ് സീറ്റുകളോടെ സർക്കാരിന്‍റെ ഒന്നാം വാർഷികം ആഘോഷിക്കാനുള്ള സുവർണാവസരമായിട്ടാണ് സിപിഎം തെരഞ്ഞെടുപ്പിനെ കാണുന്നത്. അതേസമയം സിൽവർ ലൈൻ വിഷയം വലിയ ചർച്ചയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് എന്നതും രാഷ്ട്രീയമായ വെല്ലുവിളിയായി സർക്കാരിന് മുന്നിലുണ്ട്. പാർട്ടി കോണ്ഗ്രസ് വരെ സംഘടനാ പരിപാടികളെല്ലാം വിജയകരമായി പൂർത്തിയാക്കിയെങ്കിലും ഒന്നാം പിണറായി സർക്കാരുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദപരമ്പരകൾ ജനങ്ങളെ എത്രത്തോളം സ്വാധീനിച്ചു എന്നതും തെരഞ്ഞെടുപ്പിൽ വ്യക്തമാവും എന്നതിനാൽ അട്ടിമറി ജയം ലക്ഷ്യമിട്ടുള്ള കടുത്ത പോരാട്ടത്തിനാണ് എൽഡിഎഫ് ഇറങ്ങുന്നത്. 

പാർട്ടിയിലെ നേതൃമാറ്റത്തിന് ശേഷം കോണ്‍ഗ്രസ് നേരിടുന്ന ആദ്യതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. പാർട്ടിയുടെ ഉറച്ച മണ്ഡലമായി വിലയിരുത്തുന്ന തൃക്കാക്കരയിൽ 2021-നേക്കാളും മികച്ച ഭൂരിപക്ഷത്തിലുള്ള ഒരു വിജയം ലഭിച്ചില്ലെങ്കിൽ കെ സുധാകരനും വി ഡി സതീശനും കടുത്ത തിരിച്ചടിയാവും. ഉമാ തോമസിനെ സ്ഥാനാർത്ഥിയാക്കിയതിനാൽ പാർട്ടിയേയും മുന്നണിയേയും ഒറ്റക്കെട്ടായി തൃക്കാക്കരയിൽ രംഗത്തിറക്കാം എന്ന് സുധാകരൻ കണക്കു കൂട്ടുന്നൂ. സെമി കേഡർ സംവിധാനത്തിലേക്ക് പാർട്ടിയെ മാറ്റുമെന്ന് അവകാശപ്പെടുന്ന സുധാകരനും സതീശനും തൃക്കാക്കരയിൽ എണ്ണയിട്ട യന്ത്രം പോലെ യുഡിഎഫും കോണ്ഗ്രസും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫിന് മുന്നിൽ തുടർച്ചയായി പരാജയപ്പെടുന്നു എന്ന അവസ്ഥ കൂടിയാവും. 

Follow Us:
Download App:
  • android
  • ios