കൊച്ചി: എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സ്ഥാനാര്‍ത്ഥിക്ക് തന്‍റെ ഇഷ്ട താരത്തെ നേരില്‍ കണ്ട് പിന്തുണ തേടാനായത്.

മാമാങ്കം സിനിമയുടെ തമിഴ് പതിപ്പിന്‍റെ ഡബ്ബിംഗ് നടക്കുന്ന എറണാകുളം പനമ്പള്ളി നഗറിലെ വിസ്മയ സ്റ്റുഡിയോയിലാണ് മമ്മൂട്ടിയെ കാണാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് എത്തിയത്. സിനിമാ ചിത്രീകരണത്തിന്‍റെ തിരക്കായതിനാലാണ് മമ്മൂട്ടിയെ കാണാൻ വൈകിയതെന്ന് മനു റോയ് പറഞ്ഞു. ഇനി മോഹൻലാലിനെ കാണണം എന്നാണ് മനു റോയ് പറയുന്നത്.

മമ്മൂട്ടിക്കും മോഹൻ ലാലിനും എറണാകുളം മണ്ഡലത്തില്‍ വോട്ടില്ല. എങ്കിലും ഇരുവരെയും കാണാൻ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും സമയം ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണെന്ന് മമ്മൂട്ടി പറഞ്ഞത് എന്‍ഡിഎ വിവാദമാക്കിയിരുന്നു. മമ്മൂട്ടിയെ പോലെ മുതിര്‍ന്ന താരം ഇങ്ങനെ പറയരുതെന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചത്.