എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ഓണ്‍ലൈനിലൂടെ പെണ്‍വാണിഭം നടത്തിയിരുന്ന സംഘം പിടിയിലായി. അക്ബർ അലി പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കുകയായിരുന്നു. പിടിയിലായ പെണ്‍കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം അറസ്റ്റിലായ പെണ്‍വാണിഭ സംഘം ഇടപാടുകള്‍ നടത്തിയിരുന്നത് ഓണ്‍ലൈനിലൂടെയെന്ന് പൊലീസ് കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശിയായ അക്ബര്‍ അലി പ്രണയം നടിച്ച് അടുപ്പം സ്ഥാപിച്ച ശേഷമാണ് പെണ്‍കുട്ടികളെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് പിടികൂടിയ പെണ്‍കുട്ടികളെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനു സമീപത്തെ വാടക വീട്ടില്‍ നിന്ന് ഇന്നലെയാണ് 6 പെണ്‍കുട്ടികളടക്കം 9 പേരെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. പണം വാങ്ങി പെണ്‍കുട്ടികളെ അനാശാസ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന. റെയ്ഡ് സമയത്ത് വീട്ടിലുണ്ടായിരുന്നവരെല്ലാം ഉത്തരേന്ത്യക്കാരായ യുവതികളാണ്. മണ്ണാര്‍ക്കാട് സ്വദേശി അക്ബര്‍ അലി എന്ന ഇരുപത്തിയാറുകാരനാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഒരു ആപ്പ് വഴിയാണ് ഇയാള്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഓണ്‍ലൈന്‍ മുഖേന സമീപിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വാട്സാപ്പിൽ അയച്ചു കൊടുക്കും. പിന്നീട് ഇവരെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് എത്തിക്കും. അക്ബറിന്‍റെ നാട്ടുകാരും സുഹൃത്തുക്കളുമായ ഷെഫീഖ്, മന്‍സൂര്‍ അലി എന്നിവര്‍ക്കും നടത്തിപ്പില്‍ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ഇടപാടിന് 750 രൂപ വീതമായിരുന്നു ഇരുവരുടെയും കമ്മീഷന്‍. 1000 മുതല്‍ 1500 രൂപ വരെയായിരുന്നു പെണ്‍കുട്ടികള്‍ക്കുളള പ്രതിഫലം. മാസങ്ങളായി ഇവര്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍.
ആഡംബര വാഹനത്തില്‍ രാത്രി കാലങ്ങളില്‍ കറങ്ങി നടക്കുന്ന അക്ബര്‍ അലി വഴിയില്‍ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി അനാശാസ്യത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. അക്ബറിന് ലഹരി ഇടപാടുണ്ടായിരുന്നോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. പാലക്കാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു പോക്സോ കേസില്‍ അക്ബര്‍ പ്രതിയാണെന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്. റെയ്ഡ് സമയത്ത് പിടിയിലായ പെണ്‍കുട്ടികളെല്ലാം ഉത്തരേന്ത്യക്കാരാണ്. എന്നാല്‍ നഗരത്തിലെ കോളജ് വിദ്യാര്‍ഥിനികളടക്കമുളളവരുമായി അക്ബറിന് സൗഹൃദമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. റെയ്ഡിനിടെ പിടികൂടിയ പെണ്‍കുട്ടികളെയെല്ലാം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.



