മാര്‍ക്ക്ദാനത്തിലൂടെ നേടിയ ബിരുദം എന്ന നിലയില്‍ ഈ രണ്ട് വിദ്യാര്‍ത്ഥികളുടെ ഉപരിപഠനവും വിദേശ ജോലി സാധ്യതയും അടഞ്ഞിരുന്നു

തിരുവനന്തപുരം: പുനര്‍മൂല്യ നിര്‍ണ്ണയം വഴി ബിടെക് ജയിച്ച രണ്ട് പേരെ, മാര്‍ക്ക് ദാന പട്ടികയില്‍ ഉള്‍പ്പെടുത്തിയ എംജി സര്‍വകലാശാല കൂടുതല്‍ കുരുക്കിലേക്ക്. ജോലിയും ഉപരിപഠന സാധ്യതയും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയ്ക്കെതിരെ മാനനഷ്ടക്കേസ് നല്‍കും. നാളെ സര്‍വകലാശാല സന്ദര്‍ശിക്കുന്ന ഗവര്‍ണ്ണര്‍ ഈ വിഷയത്തില്‍ വിശദീകരണം ചോദിച്ചേക്കും.

പത്ത് വര്‍ഷമായി ഇംപ്രൂവ്മെന്‍റ് പരീക്ഷയെഴുതിയിട്ടും ബിടെക് കടന്ന് കൂടാതെ വന്നപ്പോള്‍ അഞ്ച് മാര്‍‍ക്ക് നിയമവിരുദ്ധമായി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് പഠിച്ച് പരീക്ഷയെഴുതി ജയിച്ചവരേയും തിരുകി കയറ്റിയത്. കോതമംഗലം എംഎ കോളേജിലെയും മുവാറ്റുപുഴ സിസാറ്റിലെയും രണ്ട് വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക്ദാന പട്ടികയില്‍ ഉള്‍പ്പെട്ടത് വലിയ വിവാദമായിരുന്നു. 

മാര്‍ക്ക്ദാനം റദ്ദാക്കുന്നെന്ന് കാണിച്ച മെമ്മോ അയ്ക്കുമ്പോഴാണ് ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. നോട്ടപ്പിശകിന് അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ എംജി സര്‍വകലാശാല നടപടി എടുത്തു. മാര്‍ക്ക്ദാനത്തിലൂടെ നേടിയ ബിരുദം എന്ന നിലയില്‍ ഈ രണ്ട് വിദ്യാര്‍ത്ഥികളുടെ ഉപരിപഠനവും വിദേശ ജോലി സാധ്യതയും അടഞ്ഞിരുന്നു. രണ്ട് പേര്‍ക്കും നോര്‍ക്ക ബിരുദ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് സര്‍വകലാശാല വീഴ്ചയ്ക്കെതിരെ ഇരുവരും കോടതിയെ സമീപിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ സര്‍വകലാശാല ക്ഷമാപണം നടത്തിയിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് സര്‍വകലാശാലയില്‍ എത്തുന്നത്.എംജിയില്‍ ഔദ്യോഗിക പരിപാടികള്‍ർ ഇല്ലെങ്കിലും ഗവര്‍ണ്ണര്‍ തങ്ങുന്നത് സര്‍വകലാശാല ഗസ്റ്റ് ഹൗസിലാണ്.വിസിയേയും പിവിസിയേും സിൻഡിക്കേറ്റ് അംഗങ്ങളേയും ഗവര്‍ണ്ണര്‍ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഗവര്‍ണ്ണര്‍ കോട്ടയത്ത് തങ്ങുന്ന നാളെയും മറ്റെന്നാളും വൻ സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.

"