എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ വലിയ ജലാശയമായ പതിയാരം കാവാലം ചിറ മത്സ്യകൃഷി ഒഴിവാക്കി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനുള്ള നടപടി ഇതുവരെയും പ്രാഭല്യത്തിലായില്ല

തൃശൂര്‍: എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ വലിയ ജലാശയമായ പതിയാരം കാവാലം ചിറ മത്സ്യകൃഷി ഒഴിവാക്കി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനുള്ള നടപടി ഇതുവരെയും പ്രാഭല്യത്തിലായില്ല. പ്രദേശവാസികളുടെ നിരന്തരമായ പ്രതിഷേധത്തെയും, പരാതിയെയും തുടര്‍ന്നാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തദ്ദേശസ്വയംഭരണ വകുപ്പ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഈ ജലാശയം പൂര്‍വ സ്ഥിതിയിലാക്കണമെന്നും ജനങ്ങള്‍ക്കായി തുറന്നു കൊടുക്കണമെന്നും ഉത്തരവിട്ടു. എന്നാല്‍ ഇതുവരെയായും നടപടി തുടങ്ങാത്ത സ്ഥിതിയാണ്. എരുമപ്പെട്ടി പഞ്ചായത്ത് ഈ പ്രദേശത്തെ ഒരു സംരംഭ ഗ്രൂപ്പിനാണ് മത്സ്യകൃഷിക്കായി ജലാശയം നല്‍കിയിട്ടുള്ളത്. പ്രതി വര്‍ഷം 500 രൂപ പാട്ടത്തിലാണ് നാല് ഏക്കര്‍ വരുന്ന ഈ കുളം സംരംഭകര്‍ക്ക് നല്‍കിയത്. സംരംഭകര്‍ 2025 ഓഗസ്റ്റില്‍ ഇവിടെ മത്സ്യകൃഷി ആരംഭിക്കുകയും കുളത്തിന് ചുറ്റും വല കെട്ടി മൂടുകയും ചെയ്തിരുന്നു. ഇതോടെ പരിസരവാസികള്‍ക്ക് ഈ ജലാശയത്തില്‍ കുളിക്കാനോ വസ്ത്രങ്ങള്‍ അലക്കാനോ കന്നുകാലികളെ കഴുകാനോ സാധിച്ചിരുന്നില്ല. സഹസ്ര സരോവരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് കാവാലം ചിറ പുനര്‍ നിര്‍മ്മാണം നടത്തിയത്.

ജനങ്ങള്‍ക്ക് കുളിക്കുവാനും, വസ്ത്രങ്ങള്‍ അലക്കുന്നതിനും, കാര്‍ഷിക ജലസേചനത്തിനും, കുടിവെള്ള പദ്ധതിക്കും, പ്രാദേശിക മത്സ്യബന്ധനത്തിനും ആയിട്ടാണ് കുളം പുനര്‍ നിര്‍മാണം നടത്തിയിട്ടുള്ളത്. എന്നാല്‍ മത്സ്യം വളര്‍ത്തല്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ക്ക് കുളത്തിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് ജനങ്ങള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ്, ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുകയായിരുന്നു. കുളത്തിലെ ഒരു കടവ് മാത്രം ജനങ്ങള്‍ക്ക് കുളിക്കാനായി തുറന്നു കൊടുത്തിരുന്നെങ്കിലും ഇവിടെ എണ്ണ, സോപ്പ് എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശവും ഉണ്ടായിരുന്നു. ഇതോടെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലായി. മുന്‍കാലങ്ങളില്‍ കര്‍ഷകര്‍ ഇവിടെ മത്സ്യകൃഷി നടത്തിയിരുന്നെങ്കിലും ഈ കുളം വല ഉപയോഗിച്ച് ചുറ്റും പൊതിഞ്ഞ കെട്ടിയിരുന്നില്ല. മാത്രമല്ല ആ സമയത്ത് ഇവിടെ ജനങ്ങള്‍ കുളിക്കുകയും, കന്നുകാലികളെ കഴുകുകയും ചെയ്തിരുന്നു. പഞ്ചായത്ത് പ്രദേശവാസികളുടെ നിരന്തരമായ പരാതിക്ക് മുന്നില്‍ അവഗണനയം തുടരുകയാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കുളം പൂര്‍വ സ്ഥിതിയില്‍ ആക്കണമെന്ന നടപടി നടപ്പാക്കുന്നില്ലെന്നും ജനങ്ങള്‍ പരാതിപ്പെട്ടു.

YouTube video player