Asianet News MalayalamAsianet News Malayalam

വീട്ടിലിരുന്ന് ഡോക്ടറെ കാണാം, ഒപ്പം മരുന്നുകളും ലാബ് പരിശോധനകളും ഇനി സൗജന്യം; ഇ-സഞ്ജീവനി വിപുലീകരിച്ചു

ഇ-സഞ്ജീവനി കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ ലാബ് പരിശോധനകളും നടത്താവുന്നതാണ്. കുറിപ്പടികള്‍ക്കെല്ലാം തന്നെ 24 മണിക്കൂര്‍ മാത്രമേ സാധുതയുള്ളൂ.

esanjeevani telemedicine OP kerala
Author
Thiruvananthapuram, First Published Oct 31, 2020, 1:27 PM IST

തിരുവനന്തപുരം: ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പദ്ധതി ആരോഗ്യവകുപ്പ് വിപുലീകരിച്ചു. വീട്ടിലിരുന്ന് ഡോക്ടറെ കാണുന്നതിന് ഒപ്പം മരുന്നുകളും ലാബ് പരിശോധനകളും സൗജന്യമാക്കാനുള്ള സജ്ജീകരണം ഒരുക്കിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴി കിട്ടുന്ന കുറിപ്പടിയിലെ മരുന്നുകള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യമായവ സൗജന്യമായി ലഭിക്കും. ഇതോടൊപ്പം ഇ-സഞ്ജീവനി കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ ലാബ് പരിശോധനകളും നടത്താവുന്നതാണ്. ഇ-സഞ്ജീവനി കുറിപ്പടികള്‍ക്കെല്ലാം തന്നെ 24 മണിക്കൂര്‍ മാത്രമേ സാധുതയുള്ളൂ. അതിനാല്‍ അന്ന് തന്നെ ആശുപത്രി സേവനം ഉപയോഗിക്കേണ്ടതാണ്. 

തികച്ചും സൗജന്യമായ ഇ-സഞ്ജീവനി സേവനം ആരംഭിച്ച് കുറഞ്ഞ നാള്‍കൊണ്ടുതന്നെ ഇന്ത്യയില്‍ മാതൃകാപരമായിരിക്കുകയാണ്. എല്ലാ ദിവസവും രാവിലെ 8 മുതല്‍ രാത്രി 8 മണി വരെയാണ് ജനറല്‍ മെഡിസിന്‍ ഒ.പി.യുള്ളത്. ശിശു-നവജാതശിശു വിഭാഗം ഒ.പി. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും സൈക്യാട്രി വിഭാഗം ഒ.പി. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും സ്ഥിരമായി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ ജനങ്ങള്‍ സേവനം തേടിയതോടെ പതിവായുള്ള ഈ ജനറല്‍ ഒ.പി. സേവനങ്ങള്‍ക്കു പുറമേ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാക്കി ഇ-സഞ്ജീവനി സേവനം വിപുലീകരിച്ചിട്ടുണ്ട്. കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ 30 സ്ഥാപനങ്ങള്‍ ഇ സഞ്ജീവനി വഴി സൗജന്യ സേവനങ്ങള്‍ നല്‍കാനും തുടങ്ങിയിട്ടുണ്ട്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റിക്‌സ് തിരുവനന്തപുരം, ഇംഹാന്‍സ് കോഴിക്കോട്, ആര്‍സിസി തിരുവനന്തപുരം, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശ്ശേരി തുടങ്ങിയ സ്ഥാപനങ്ങളുടെ ഒപി സേവനങ്ങള്‍ ഇ-സഞ്ജീവനി വഴി ലഭ്യമാണ്. കൂടാതെ മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുമുള്ള സര്‍ക്കാര്‍ മേഖലയിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ഒപികളും, കൗണ്‍സിലിങ്ങ് സേവനങ്ങളും ഇ-സഞ്ജീവനി വഴി ആരംഭിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios