മന്ത്രിയും ഏറ്റുമാനൂരിലെ എംഎല്‍എയും സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവുമായ വി. എന്‍ വാസവന്‍ തന്നെയാണ് ഇക്കുറിയും ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

കോട്ടയം ലോക്‌സഭാ മണ്ഡലത്തിന്‍റെ ഭാഗമായ ഏറ്റുമാനൂർ ദീർഘകാലമായി ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രമാണ്. ഒരു വിഐപി മണ്ഡലം കൂടിയാണ് ഏറ്റുമാനൂര്‍. മന്ത്രിയും ഏറ്റുമാനൂരിലെ എംഎല്‍എയും സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവുമായ വി. എന്‍ വാസവന്‍ തന്നെയാണ് ഇക്കുറിയും ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് ആണ് യുഡിഎഫ് സ്ഥാനാർത്ഥി. ഏറെ നാളുകള്‍ക്ക് ശേഷമാണ് മണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തിൽ ഒരു സ്ഥാനാര്‍ത്ഥി വരുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ശക്തമായ പോരാട്ടം തന്നെയാകും ഏറ്റുമാനൂരില്‍ നടക്കുക എന്നാണ് വിലയിരുത്തല്‍. അതേസമയം എൻഡിഎ സ്ഥാനാർഥി നർത്തകിയും ഗായികയും യുട്യൂബ് ഇൻഫ്ളുവൻസറുമായ ആതിര ഡി നായരാണ്.

ഏറ്റുമാനൂരിന്‍റെ രാഷ്ട്രീയ സ്വഭാവം

ഏറ്റുമാനൂരിന്‍റെ രാഷ്ട്രീയം എന്നത് വ്യക്തിപ്രഭാവങ്ങൾക്കപ്പുറം അടിസ്ഥാന വികസനം, നിരന്തരമായ സാന്നിധ്യം എന്നിവയില്‍ ആശ്രയിച്ചിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ, റോഡ്, പൊതുഗതാഗതം, മികച്ച ആരോഗ്യ സേവനങ്ങൾ എന്നിവ പ്രധാനപ്പെട്ട രാഷ്ട്രീയ ചർച്ചാവിഷയങ്ങളാണ്. ഭവന പദ്ധതികൾ, ക്ഷേമ പദ്ധതികൾ, ആരോഗ്യ സൗകര്യങ്ങൾ എന്നിവ ഇവിടത്തെ വോട്ടര്‍മാരുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിൽ പ്രധാന പങ്കുവഹിക്കുന്നു. താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളും സമുദായ ശൃംഖലകളും തമ്മിലുള്ള ഏകോപനവും വോട്ട് കിട്ടാന്‍ അത്യന്താപേക്ഷിതമാണ്.

2021-ലെ തെരഞ്ഞെടുപ്പ് ഫലം

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി വി. എൻ വാസവൻ 58,289 വോട്ടുകൾ നേടി വിജയിച്ചു. കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസിന് 43,986 വോട്ടുകളാണ് ലഭിച്ചത്. 14,303 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വി.എൻ. വാസവന്‍ എംഎല്‍എ ആയത്. ബിജെപി സ്ഥാനാർത്ഥി ടി.എൻ. ഹരികുമാർ 13,746 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.

വി. എന്‍. വാസവന്‍

അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ 4,200 കോടി രൂപയുടെ വികസനത്തിന്‍റെ ആത്മവിശ്വാസത്തിലാണ് വി എൻ വാസവന്‍. ജനങ്ങളുടെ ചിരകാല ആവശ്യങ്ങളായിരുന്ന കാരിത്താസ്‌ മേൽപ്പാലം, കമ്പനിക്കടവ്‌ പാലം, കോണത്താറ്റ്‌ പാലം തുടങ്ങിയ പദ്ധതികൾ, മെഡിക്കൽ കോളേജിന്‌ മാത്രമായി 1,200 കോടി രൂപയുടെ പദ്ധതികൾ, കിഫ്‌ബിയിലൂടെ നടപ്പാക്കിയ എണ്ണമറ്റ പദ്ധതികള്‍ തുടങ്ങിയവയുടെ ഫലം വോട്ടായി ലഭിക്കുമെന്ന പിൻബലമാണ്‌ വാസവനുള്ളത്.

വി. എന്‍. വാസവന്‍ v/s നാട്ടകം സുരേഷ്

ഏറ്റുമാനൂര്‍ ഇത്തവണ സാക്ഷ്യം വഹിക്കുന്നത് ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് അങ്കമായിരിക്കും. ഡിസിസി പ്രസിഡന്‍റും യുഡിഎഫ്‌ സ്ഥാനാർഥിയുമായ നാട്ടകം സുരേഷ് വി. എന്‍. വാസവനൊത്ത കരുത്തുറ്റ എതിരാളി തന്നെയാണ് എന്നാണ് ജനസംസാരം. ഏറ്റുമാനൂരില്‍ പുതിയ ഒരു വികസന പ്രവർത്തനവും നടത്താതെ പഴയത് ഊതിപ്പെരുപ്പിച്ച് കാണിക്കുകയാണ് എന്നാണ് നാട്ടകം സുരേഷിന്‍റെ വാദം. അടിസ്ഥാന ജനകീയപ്രശ്നങ്ങൾക്ക് പരിഹാരം കാണാനായില്ല, രണ്ട് മഴപെയ്താൽ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാകും, നെല്ല് സംഭരണ പ്രശ്നം കീറാമുട്ടിയായി തുടരുന്നു, മെഡിക്കല്‍ കോളേജിലെ പ്രശ്നങ്ങള്‍ തുടങ്ങിയവ എണ്ണി പറഞ്ഞാണ് നാട്ടകം സുരേഷിന്‍റെ പ്രചരണം.

ആതിര ഡി നായരും ആഷ്ന തമ്പിയും

വി. എന്‍. വാസവന്‍, നാട്ടകം സുരേഷ് തുടങ്ങിയ ശക്തരായ നേതാക്കള്‍ക്കെതിരെ എന്‍ഡിഎ മത്സരിപ്പിക്കുന്നത് ട്വന്റി 20 സ്ഥാനാർഥിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ആതിര ഡി നായരെയാണ്. ഇതിനെതിരെ യുഡിഎഫ് ‘ഡീല്‍’ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ആദ്യം നിശ്ചയിച്ച നടി വീണാ നായരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാലാണ് ആതിര ഡി. നായരെ ട്വന്റി 20 സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. 25 വയസ് പ്രായമുള്ള ആതിര എന്‍ഡിഎ സഖ്യത്തിന്റ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ്. 

കിഴക്കമ്പലം മോഡൽ ഏറ്റുമാനൂർ കൊണ്ട് വരാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് ആതിര പറയുന്നത്. നമ്മുക്ക് റേഷന്‍ അരി തരുന്നത് കേന്ദ്രമാണെന്നും കേരള സര്‍ക്കാര്‍ അതിന്‍റെ ക്രെഡിറ്റ് എടുക്കുന്നു എന്നുമൊക്കെയുള്ള ആതിരയുടെ പരാമർശം ഇതിനോടകം വിവാദമായിട്ടുണ്ട്. ഇതിനിടെ എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സ്ഥാനാര്‍ഥിയായി ആഷ്‌ന തമ്പിയും ഏറ്റുമാനൂരില്‍ മത്സരിക്കുന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും ആസ്തി കുറവുള്ള സ്ഥാനാർഥിയാണ് 26കാരിയായ ആഷ്‌ന തമ്പി. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആസ്തി 84 രൂപ എന്ന് നല്‍കിയതൊക്കെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.