തിരിച്ചടവ് മുടങ്ങിയതോടെ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല. ഷൈനിയുടെ ആവശ്യത്തിന് എന്നു പറഞ്ഞ് ഇവർ കൈയൊഴിഞ്ഞു. 

കോട്ടയം: ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം കൂട്ട ആത്മഹത്യ ചെയ്ത ഷൈനി വായ്പ എടുത്തത് ഭർത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കായെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങൾ. തിരിച്ചടവ് മുടങ്ങിയതോടെ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല. ഷൈനിയുടെ ആവശ്യത്തിന് എന്നു പറഞ്ഞ് ഇവർ കൈയൊഴിഞ്ഞു. ഷൈനിയുടെ പേർക്ക് നോബി വാങ്ങിയ വാഹനങ്ങളുടെ ഉടമസ്ഥാവകാശം തിരിച്ചു നൽകുന്ന മുറയ്ക്ക് വായ്പ തിരിച്ചടയ്ക്കുമെന്നാണ് നോബി പറഞ്ഞതെന്ന് കുടുംബശ്രീ യൂണിറ്റ് പ്രസിഡൻ്റ് ഉഷ രാജു ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഷൈനി മരിച്ചതോടെ വായ്പാ തുക എങ്ങനെ കിട്ടും എന്നറിയാതെ പ്രതിസന്ധിയിലാണ് ഈ കുടുംബശ്രീ യൂണിറ്റ്. മധ്യസ്ഥ ചർച്ചയ്ക്ക് ശേഷം ഷൈനി പണം തിരിച്ചടച്ചു തുടങ്ങിയിരുന്നു. കുടുംബശ്രീ യൂണിറ്റിന് ഇപ്പോഴും ഒരു ലക്ഷത്തി ഇരുപത്തിയാറായിരം രൂപ ബാധ്യത ഉണ്ട്. ഷൈനി മരിച്ചതോടെ ഇതെങ്ങനെ പരിഹരിക്കും എന്ന് അറിയില്ല. ഷൈനി വീട്ടിൽ അനുഭവിച്ച പ്രശ്നങ്ങൾ ഒരിക്കലും പറഞ്ഞിരുന്നില്ല എന്നും കരിങ്കുന്നത്തെ പുലരി കുടുംബശ്രീ യൂണിറ്റ് വെളിപ്പെടുത്തി. 

കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് ഉത്തരവ്പറയും. ഏറ്റുമാനൂർ കോടതിയാണ് ജാമ്യപേക്ഷ പരിഗണിച്ചത്. കഴിഞ്ഞദിവസം പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായിരുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ കേസിന്റെ തുടർന്വേഷണത്തിന് ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിൽ നിർണായക തെളിവായ മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധന പൂർത്തിയാക്കിയ ശേഷം വീണ്ടും പ്രതിയെ കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ആത്മഹത്യാ പ്രേരണ കൃത്യമായി കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥരും ജാമ്യത്തെ എതിർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates