ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനി മരണത്തിന് മുമ്പ് കുടുംബശ്രീ യൂണിറ്റ് പ്രസിഡന്‍റുമായി വായ്പയുമായി ബന്ധപ്പെട്ട് നടത്തിയ ഫോണ്‍ സംഭാഷണത്തിലെ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവ് പണം നൽകാത്തതിനാലാണ് തിരിച്ചടവ് മുടങ്ങിയതെന്നും ഒരുവഴിയുമില്ലെന്നുമാണ് ഷൈനി പറയുന്നത്.
കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ രണ്ടു പെണ്‍മക്കളുമായി ജീവനൊടുക്കിയ ഷൈനിയുടെ നിസഹായത തെളിയിക്കുന്ന കൂടുതൽ ശബ്ദസംഭാഷണങ്ങൾ പുറത്ത്. ഭർത്താവ് സഹായിക്കാത്തത് കൊണ്ട് കുടുംബശ്രീയിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയില്ലെന്നാണ് ഷൈനി കുടുംബശ്രീ യൂണിറ്റ് പ്രസിഡന്‍റിനോട് പറഞ്ഞത്. അതേസമയം, ഷൈനിക്കും മക്കൾക്കും നീതി ഉറപ്പാക്കാൻ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ക്നാനായ സഭയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
മാനസിക സമ്മർദം സഹിക്കാൻ കഴിയാതെ ഹൃദയംനൊന്താണ് ഷൈനി മക്കളെ ചേർത്ത് പിടിച്ച് ജീവനൊടുക്കിയതെന്ന് തെളിയിക്കുന്നതാണ് ഓരോ ദിവസം പുറത്ത് വരുന്ന പുതിയ വിവരങ്ങൾ. മക്കളുമായി മുന്നോട്ട് ജീവിക്കാൻ വരുമാനമില്ലാതെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടെയാണ് ഭർത്താവിന്‍റെ വീട്ടുകാർക്ക് വേണ്ടി എടുത്ത വായ്പയുടെ ബാധ്യത കൂടി ഏറ്റെടുക്കേണ്ടി വന്നത്. തൊടുപുഴ കരിങ്കുന്നത്തെ കുടുംബശ്രീയിൽ നിന്ന് മൂന്ന് തവണയായ് മൂന്ന് ലക്ഷം രൂപയാണ് ഷൈനി വായ്പ എടുത്തത്.
ഇനി 1,26000 രൂപയാണ് അടയ്ക്കാനുള്ളത്. ഇതിനിടെയാണ് ഭർത്താവിന്‍റെ വീട്ടിൽ നിന്നിറങ്ങിയത്. നാല് മാസം മാസം മുമ്പ് പണം ആവശ്യപ്പെട്ട് കുടുംബശ്രീയുടെ പ്രസിഡന്‍റ് ഷൈനിയെ വിളിച്ച ശബ്ദസംഭാഷണമാണ് പുറത്തുവന്നത്. വായ്പ തുക തിരിച്ചടയ്ക്കാത്തതിനെതിരെ കുടുംബശ്രീ പ്രവർത്തകർ കരിങ്കുന്ന പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അടക്കം മധ്യസ്ഥതയിൽ പണം നൽകാമെന്ന് ഉറപ്പിൽ അന്ന് കേസ് പിൻവലിക്കുകയും ചെയ്തു. എന്നാൽ, ഇതുവരെയും പണം അടയ്ക്കാൻ കഴിഞ്ഞിട്ടില്ല.
ഇക്കാര്യങ്ങളടക്കം ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് നിഗമനം. അതേസമയം, ക്നാനായ സഭയിൽ നിരവധി സ്ഥാപനങ്ങളുണ്ടായിട്ടും ഷൈനിയെ സഹായിച്ചില്ലെന്ന് ആരോപണം സഭയിലെ ഒരു വിഭാഗം കടുപ്പിക്കുകയാണ്. ഇന്ന് ചുങ്കം മള്ളൂശ്ശേരിപള്ളിയിലും നീണ്ടൂർ സെന്‍റ് മൈക്കിള്‍സ് പള്ളിയിലും കുർബാനയ്ക്ക് ശേഷം ഇടവകാംഗങ്ങൾ ഒത്തുകൂടി.തൊടുപുഴയിലെ ഷൈനിയുടെയും മക്കളുടെയും കല്ലറയും അനാഥമായ നിലയിലാണ്. അടുത്ത ബന്ധുക്കളിലാരും മെഴുതിരികൾ കത്തിക്കുകയോ പുഷ്പങ്ങളർപ്പിക്കുകയോ ചെയ്തിട്ടില്ല.

