Asianet News MalayalamAsianet News Malayalam

അഞ്ച് പേർ കൊല്ലുമെന്ന് പറഞ്ഞു, പിന്നെ കാണാതായി; 69 ദിവസം കഴിഞ്ഞും വിക്ടർ ഏലിയാസിനെ കണ്ടെത്താനാകാതെ പൊലീസ്

സഹോദരിയുമായുള്ള അവസാന ഫോൺ സംഭാഷണത്തിൽ ഒപ്പം ഉണ്ടായിരുന്ന അഞ്ചുപേർ ചേർന്ന് തന്നെ കൊല്ലാൻ പോകുകയാണെന്നും പൊലീസിനെ വിവരം അറിയിക്കണം എന്നും വിക്ടർ ഏലിയാസ് പറഞ്ഞിരുന്നു. ഇദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചോ എന്ന ആധിയിലാണ് കുടുംബം. 
 

even after 69 days the police could not find victor elias who missing from poonthura
Author
First Published Jan 28, 2023, 4:52 PM IST

തിരുവനന്തപുരം: പൂന്തുറ ചേരിയമുട്ടം പള്ളിവിളാകം പുരയിടം വീട്ടിൽ വിക്ടർ ഏലിയാസ് എന്ന 60 കാരനെ കാണാതായിട്ട് 69 ദിവസം പിന്നിട്ടിട്ടും ഒരു സൂചനയും ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പൊലീസ്. സഹോദരിയുമായുള്ള അവസാന ഫോൺ സംഭാഷണത്തിൽ ഒപ്പം ഉണ്ടായിരുന്ന അഞ്ചുപേർ ചേർന്ന് തന്നെ കൊല്ലാൻ പോകുകയാണെന്നും പൊലീസിനെ വിവരം അറിയിക്കണം എന്നും വിക്ടർ ഏലിയാസ് പറഞ്ഞിരുന്നു. ഇദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചോ എന്ന ആധിയിലാണ് കുടുംബം. 

നവംബർ 16ന് രാത്രി 10 മണിക്കാണ് വിക്ടർ പൂന്തുറ സ്വദേശി സാജനൊപ്പം മത്സ്യബന്ധന ബോട്ടിലെ ജോലിക്ക് വേണ്ടി കൊച്ചിയിലേക്ക് പോയത് എന്ന് കുടുംബം പറയുന്നു. കൊച്ചിയിൽ നിന്നാണ് വിക്ടറും തമിഴ്നാട് സ്വദേശികളും ഉൾപ്പെടുന്ന പതിനെട്ടോളം വരുന്ന സംഘം മത്സ്യബന്ധനത്തിന് തിരിച്ചത്. ഇരുപതാം തിയതി വിക്ടറിൻ്റെ സഹോദരി മംഗളത്തെ ബോട്ടുടമ ഫോണിൽ ബന്ധപ്പെടുകയും വിക്ടർ ബോട്ടിൽ അക്രമാസക്തമായി പ്രശ്നങ്ങൾ ഉണ്ടാക്കി എന്ന് അറിയിക്കുകയും ചെയ്തു. പിന്നാലെ സാജനും, വിക്ടർ തങ്ങളുടെ ബോട്ടിൽ ഉണ്ടായിരുന്നവരുടെ വസ്ത്രങ്ങൾ കടലിൽ എറിഞ്ഞു എന്നും ബോട്ടിലെ ഒന്നരലക്ഷം രൂപയുടെ ഉപകരണങ്ങൾ തകർത്തു എന്നും മംഗളത്തോട് പറഞ്ഞു. കരയിലേക്ക് തിരികെ ആക്കാൻ പോകുന്നു എന്നറിഞ്ഞ വിക്ടർ മറ്റൊരു മത്സ്യബന്ധന ബോട്ടിലേക്ക് ചാടി കയറി ഒപ്പം ഉളളവർ തന്നെ കൊല്ലാൻ ശ്രമിക്കുന്നു എന്ന് നിലവിളിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കി.  തുടർന്ന് മംഗലാപുരം മലപ്പയിൽ കരയ്ക്ക് എത്തിയ തങ്ങൾ വിക്ടറിനെ ഇവിടെ ആക്കി മടങ്ങുകയാണെന്നും സംഘം മംഗളത്തോട് പറഞ്ഞു. സഹോദരി പറഞ്ഞത് അനുസരിച്ച് മൊബൈൽ ഇവർ വിക്ടറിന് കൈമാറി. അപ്പോഴാണ് വിക്ടർ തനിക്ക് ചുറ്റും കത്തിയുമായി അഞ്ചുപേർ വളഞ്ഞു നിക്കുകയാണെന്നും തന്നെ കൊല്ലാൻ കൊണ്ടുപോകുകയാണെന്നും ഉടനെ പൊലീസിനെ അറിയിക്കണമെന്നും പറയുന്നത്. ഇതോടെ ഫോൺ വീണ്ടും ബോട്ടിൽ ഒപ്പമുള്ളവർ പിടിച്ച് വാങ്ങി മംഗളത്തോട് സംസാരിച്ചു. 

നാല് ദിവസത്തിൽ ഒരു ദിവസം മാത്രമാണ് വിക്ടർ ജോലി ചെയ്തത് എന്നും ഇതിൻ്റെ കൂലി ആയി 1500 രൂപ വിക്ടറിന് നൽകിയിട്ടുണ്ടെന്നും തിരിച്ച് വരുന്നതും വരാത്തതും അയാളുടെ ഇഷ്ടം ആണെന്നും സാജൻ ഫോണിൽ പറഞ്ഞു. പരസ്പര ബന്ധം ഇല്ലാതെ ആണ് വിക്ടർ സംസാരിക്കുന്നത് എന്നാണ് സാജൻ ഇവരോട് പറഞ്ഞത്. ബോട്ടിൽ വിക്ടർ നടത്തിയ അക്രമങ്ങളുടെ ദൃശ്യങ്ങൾ തങ്ങളുടെ കയ്യിൽ ഉണ്ടെനും സാജൻ മംഗളത്തോട് പറഞ്ഞു. ഇതിന് ശേഷം വിക്ടറിനെ കുറിച്ച് വിവരമൊന്നുമില്ല.  രണ്ടു ദിവസത്തിനു ശേഷമാണ് മംഗളം വിക്ടറിൻ്റെ മൂത്ത മകൻ ബിജുവിനെ ബോട്ടിൽ നടന്ന സംഭവങ്ങൾ അറിയിക്കുന്നത്. തുടർന്ന് ഇവർ ബോട്ടുടമയുമായും വിക്ടറിനെയും ജോലിക്ക് കൊണ്ട് പോയ സാജനെയും ബന്ധപ്പെട്ടെങ്കിലും വിക്ടറിനെ മലപ്പയിൽ ആക്കി മടങ്ങി എന്നും കൂടുതൽ വിവരങ്ങൾ അറിയില്ല എന്നുമാണ് മറുപടി ലഭിച്ചത്. 

വിക്ടറിൻ്റെ ഇളയ സഹോദരി ബെല്ല മേരി പൂന്തുറ പൊലീസിൽ സഹോദരനെ കാണാൻ ഇല്ല എന്ന് കാട്ടി പരാതി നൽകി. പൂന്തുറ പൊലീസ് മാൻ മിസിങ് കേസ് എടുത്തെങ്കിലും വിക്ടറിനെ കണ്ടെത്താൻ കഴിഞ്ഞില്ല. കന്നഡ മാധ്യമങ്ങളിൽ വിക്ടറിനെ കാണാൻ ഇല്ല എന്ന് കാട്ടി പരസ്യങ്ങൾ നൽകി.  ഇയാളെ മലപ്പയിൽ കണ്ടു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് തവണ പൂന്തുറ പൊലീസും വിക്ടറിൻ്റെ കുടുംബവും മലപ്പയിൽ പോയിരുന്നു എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കൊല്ലത്തും വിക്ടറിനെ കണ്ടു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൂന്തുറ പൊലീസ് എത്തിയെങ്കിലും ഫലമുണ്ടായില്ല എന്ന്പൂുംന്തുറ സി.ഐ പ്രദീപ് പറഞ്ഞു. വിക്ടർ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടക്കിയെന്നും തുടർന്ന് ഇയാൾ തിരികെ നാട്ടിൽ പോകണം എന്ന് അറിയിച്ചത് അനുസരിച്ച് കരയിൽ ഇറക്കി വിടുകയായിരുന്നു എന്നാണ് കണ്ടെത്തിയത് എന്ന് സി.ഐ പറഞ്ഞു.  

ബോട്ട് ഉടമയും സംഘവും പറയുന്നത് കളവ് ആണെന്നും വിക്ടർ അത്തരത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാൻ സാധ്യത ഇല്ലെന്നും കുടുംബം പറയുന്നു.  തങ്ങൾക്ക് ലഭിച്ച ദൃശ്യങ്ങളിൽ വിക്ടർ ബോട്ടിൽ ഭയപ്പെട്ട്  നിൽക്കുന്നത് ആണ് കാണാൻ കഴിഞ്ഞത് എന്നും  മകൻ ബിജു ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. മലപ്പയിൽ ഇറക്കി വിട്ട വിക്ടർ എങ്ങോട്ട് പോയി എന്നാണ് കുടുംബം ചോദിക്കുന്നത്.  സംഭവത്തിൽ വിക്ടറിൻ്റെ ഭാര്യ ലിസി  സിറ്റി പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

Read Also: വിരമിച്ച് ആറ് മാസം, ഉദ്യോഗസ്ഥനെ പഞ്ചായത്ത് അസി. സെക്രട്ടറിയാക്കി ഉത്തരവ്; സാങ്കേതിക പിഴവെന്ന് വിശദീകരണം

 

Follow Us:
Download App:
  • android
  • ios