മലപ്പുറം അരീക്കോട് പൊലീസ് ക്യാംപിൽ എസ്ഒജി വിനീത് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ  അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം. 

മലപ്പുറം: മലപ്പുറം അരീക്കോട് പൊലീസ് ക്യാംപിൽ എസ്ഒജി വിനീത് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കുടുംബത്തിന്റെ പ്രതികരണം. അസിസ്റ്റന്റ് കമാൻഡന്റ് അജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. അജിത്തിന് വിനീതിനോട് വ്യക്തിവൈരാ​ഗ്യമുണ്ട്. കുഴഞ്ഞുവീണ് മരിച്ച സുനീഷിനായി വിനീത് നിന്നതാണ് അജിത്തിന്റെ വ്യക്തിവൈ​രാ​ഗ്യത്തിന് കാരണം. വ്യക്തിവൈരാ​ഗ്യം തീർക്കാൻ വിനീതിനെതിരെ ശിക്ഷാനടപടികളുണ്ടായി. തുടർച്ചയായി ബുദ്ധിമുട്ടിച്ചു, ഭാര്യ ആശുപത്രിയിൽ ആയിട്ടും അവധി നൽകിയില്ല. മരിക്കുന്നതിന് മുമ്പ് വിനീത് വാട്ട്സ്ആപ്പിൽ മെസ്സേജ് അയച്ചിരുന്നതായും മെസേജ് അജിത്തിനെയും മയ്യൻ രാഹുലിനെയും കാണിക്കാൻ ആവശ്യപ്പെട്ടിരുന്നതായും സുഹൃത്ത് സന്ദീപ് വ്യക്തമാക്കി. കടബാധ്യതയും കുടുംബ പ്രശ്നവും ആണ് മരണകാരണം എന്ന് തെറ്റായി പ്രചരിപ്പിക്കുന്നുവെന്നും കുടുംബം വെളിപ്പെടുത്തി. 

അതേ സമയം വിനീതിന്റെ ആത്മഹത്യ ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലമാണെന്ന് വിനീതിൻ്റെ സഹപ്രവർത്തകർ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. അസിസ്റ്റൻ്റ് കമാൻഡൻ്റ് അജിത്തിന് വിനീതിനോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് ഇവരുടെ മൊഴിയിലും പറയുന്നത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൊണ്ടോട്ടി ഡിവൈഎസ്പി പി സേതുവിനാണ് കേസിന്റെ അന്വേഷണ ചുമതല. ഇന്നലെ അരീക്കോട്ടെ എസ്ഒജി ക്യാമ്പിൽ എത്തിയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയത്. 

എസി അജിത്തിന് വിനീതിനോട് വൈരാഗ്യം, സുഹൃത്തിൻ്റെ മരണം ചോദ്യം ചെയ്തത് കാരണമായി; സഹപ്രവർത്തകരുടെ മൊഴി പുറത്ത്

'എന്റെ അനിയൻ പോയി...ഇനി തിരിച്ച് കിട്ടൂല, വേറെ ആര്‍ക്കും സംഭവിക്കരുത്'; വിനീതിന്റെ സഹോദരൻ