Asianet News MalayalamAsianet News Malayalam

അധ്യാപകൻ ഉത്തരക്കടലാസ് തിരുത്തിയ സംഭവം; അധ്യാപകന്‍റെ വാദങ്ങൾ പൊളിയുന്നു

പഠനവൈകല്യമുള്ള കുട്ടികളെ സഹായിക്കുകയായിരുന്നുവെന്ന വാദം കളവാണെന്ന് സ്കൂളിൽ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക പറയുന്നു.

evidence against in exam fraud teacher written exam for his students
Author
Kozhikode, First Published May 11, 2019, 7:27 AM IST

കോഴിക്കോട്: നീലേശ്വരം സ്കൂളിൽ ആൾമാറാട്ടം നടത്തി ഹയർ സെക്കൻഡറി പരീക്ഷയെഴുതിയ അധ്യാപകന്‍റെ വാദങ്ങൾ പൊളിയുന്നു. പഠനവൈകല്യമുള്ള കുട്ടികളെ സഹായിക്കുകയായിരുന്നുവെന്ന വാദം കളവാണെന്ന് സ്കൂളിൽ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക പറയുന്നു. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന പരാതി ഹയർസെക്കൻഡറി ഡയറക്ടർ തിങ്കളാഴ്ച ഡിജിപിക്ക് കൈമാറും.

പഠനവൈകല്യമുള്ള കുട്ടികളെ സഹായിച്ചുവെന്നാണ് സസ്പെൻഷനിലായ നീലേശ്വരം സ്കൂളിലെ അധ്യാപകന്‍റെ വാദം. എന്നാൽ ഈ വാദം കളവാണെന്ന് ഇതേ സ്കൂളിൽ, ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്രമക്കേട് കണ്ടെത്തിയ ശേഷം ഹയർ സെക്കൻഡറി വകുപ്പ് നടത്തിയ തെളിവെടുപ്പിൽ അധ്യാപകൻ കുറ്റം സമ്മതിച്ചിരുന്നു. അന്ന് രേഖാമൂലം നൽകിയ മൊഴിയിൽ പഠനവൈകല്യത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. ഇനി നടക്കാനുള്ള വകുപ്പ്തല അന്വേഷണത്തിലും പൊലീസ് അന്വേഷണത്തിലും കുട്ടികളെ സഹായിച്ചുവെന്ന വാദം ഉയർത്തുകയാണ് അധ്യാപകന്‍റെ ലക്ഷ്യം. 

എന്നാൽ, പഠന വൈകല്യമുള്ള കുട്ടികൾക്ക് പകരമായി പരീക്ഷയെഴുതണമെങ്കിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രത്യേക അനുമതി ആവശ്യമാണ്. അത് അധ്യാപകർക്ക് എഴുതാനും കഴിയില്ല. ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തിൽ പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപികയടക്കം മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്തത്. നാല് കുട്ടികൾക്ക് വേണ്ടി ആളുമാറി പരീക്ഷയെഴുതുകയും 32 ഉത്തരക്കടലാസുകൾ തിരുത്തുകയും ചെയ്തതിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് കരുതുന്നു. എവിടെ വച്ച് ഉത്തരക്കടലാസുകൾ തിരുത്തി, പണം വാങ്ങി തിരുത്തിയതാണോ തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്ന പരാതിയാണ് ഹയർ സെക്കൻഡറി ഡയറക്ടർ ഡിജിപി കൈമാറുക.

Follow Us:
Download App:
  • android
  • ios