പലപ്പോഴായി സിപിഎം വിട്ടവർ സേവ് കേരള ഫോറം രൂപീകരിച്ചു; ആദ്യ പോരാട്ടം മന്ത്രി മുഹമ്മദ് റിയാസിനെതിരെ
ജനശക്തി എഡിറ്റര്‍ ജി ശക്തിധരൻ, കെ എം ഷാജഹാൻ തുടങ്ങിയവരടക്കം 200 ഓളം പേർ കൺവൻഷനിൽ പങ്കെടുത്തു

കൊച്ചി: പലപ്പോഴായി സിപിഎം വിട്ടവരുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ കൊച്ചിയില്‍ ചേര്‍ന്ന് സേവ് കേരള ഫോറം എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു.സംസ്ഥാന സര്‍ക്കാരിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന എല്ലാവരേയും കൂട്ടിയോജിപ്പിച്ച് ഒന്നിച്ച് പോരാട്ടത്തിനിറങ്ങാനാണ് കൂട്ടായ്മയുടെ നീക്കം.
എറണാകുളം ടൗണ്‍ ഹാളില്‍ ചേര്‍ന്ന കൺവൻഷനിലാണ് സേവ് കേരള കൂട്ടായ്മ രൂപീകരിച്ചത്. ജനശക്തി എഡിറ്റര്‍ ജി ശക്തിധരൻ, കെ എം ഷാജഹാൻ, പാണ്ഡ്യാല ഷാജി, പരിസ്ഥിതി പ്രവര്‍ത്തക കുസുമം ജോസഫ്, വിവരാവകാശ പ്രവര്‍ത്തകൻ കെ വി ഷാജി, പെമ്പിളൈ ഒരുമയുടെ ഗോമതിയടക്കം 200-റോളം പേര്‍ കൺവൻഷനില്‍ പങ്കെടുത്തു.
അഴിമതിയില്‍ മുങ്ങിയ പിണറായി വിജയൻ സര്‍ക്കാരിനോടും ഇതിനോട് ഒത്തു തീര്‍പ്പുണ്ടാക്കുന്ന യുഡിഎഫ് - ബിജെപി മുന്നണിക്കുമെതിരെയായിരിക്കും പോരാട്ടമെന്ന് സേവ് കേരള ഫോറം പറയുന്നു. ഭാര്യയുടെ സ്വത്ത് തെരെഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ കാണിച്ചിട്ടില്ലാത്തതിനാല്‍ അയോഗ്യനാക്കണമെന്നാവശ്യപെട്ട് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഉടൻ തന്നെ തെരെഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്യും. കൊടി സുനിയുടെ കോടതി മാറ്റത്തിനെതിരേയും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലും നിയമ നടപടികളിലേക്ക് കടക്കാനും ഫോറം തീരുമാനിച്ചിട്ടുണ്ട്.