കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം.
എറണാകുളം: കെനിയയുടെ മുൻ പ്രധാന മന്ത്രി റെയില ഒടുങ്കെ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് അന്തരിച്ചു. നേത്ര ചികിത്സയ്ക്കായി ശ്രീധരീയം ആശുപത്രിയിൽ എത്തിയ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി ഇന്നു രാത്രിയോടെ തന്നെ മൃതദേഹം കെനിയയിലേക്ക് കൊണ്ടു പോകും.
കേരളത്തിലെ ആയുർവേദ ചികിസ്തയ്ക്ക് ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രചാരം നൽകിയ ആളായിരുന്നു റെയില ഒടുങ്കെ കാഴ്ച നഷ്ടപ്പെട്ട മകളുമായി കൂത്താട്ടുകുളത്തെ ശ്രീധരീയം ആശുപത്രയിലെത്തിയതും സുഖം പ്രാപിച്ച് മടങ്ങിയതും അദ്ദേഹ പലതവണ ലോകത്തോട് പറഞ്ഞിട്ടുണ്ട്. എന്നാൽ കുടുംബാംഗങ്ങൾക്കൊപ്പം വീണ്ടും ചികിത്സയ്ക്കായി എത്തിയപ്പോഴാണ് ഹൃദയാഘാതം ഈ എൺപതുകാരന്‍റെ ജീവനെടുത്തത്. ആറു ദിവസം മുന്പാണ് റെയില ഒടുങ്കെ മകൾക്കും കുടുംബ ഡോക്ടർക്കും ഒപ്പം കൂത്താട്ടുകുളത്ത് എത്തിയത്. ചികിത്സ തുടങ്ങിയതോടെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നു.
രാവിലെ ബോഡി ഗാർഡിനൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് കുഴഞ്ഞു വീണത്. തൊട്ടടുത്തുളള ദേവമാതാ ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വൈകിട്ട് മൂന്നരയോടെ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചു. തുടർന്ന് പോസ്റ്റുമാർടം നടത്തി. റെയില ഒടുങ്കെ ആറുവർഷം മുൻപ് കേരളത്തിൽ ആയുർവേദ ചികിത്സയ്ക്ക് എത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ മൻ കി ബാത്തിൽ പരാർമശിച്ചിരുന്നു. അദ്ദേഹത്തിന്‍റെ നിര്യാണത്തെത്തുടർന്ന് കെനിയയിലും ഏഴുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ മഹാനായ പുത്രനെയാണ് നഷ്ടപ്പെട്ടതെന്ന് കെനിയൻ പ്രസിഡന്‍റ് വില്യം റൂട്ടോ അനുശോചിച്ചു. 2008 മുതൽ അഞ്ചുകൊല്ലം കെനിയയുടെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.



