ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍  നാഗര്‍കോവില്‍ മുന്‍ എംഎല്‍എയും അണ്ണാ ഡിഎംകെ നേതാവുമായ നാഞ്ചില്‍ മുരുകേശന്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. കോടതി മുമ്പാകെയാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്. മുരുകേശനെ അണ്ണാഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

നാഗര്‍കോവില്‍  സ്വദേശിയായ പതിനഞ്ചുകാരിയെ  ദിവസങ്ങള്‍ക്കുമുമ്പ് കാണാതായിരുന്നു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പെണ്‍കുട്ടിയെ  ഇരുപതുകാരനൊപ്പം പോയതാണെന്ന് കണ്ടെത്തി. ഇരുവരെയും കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. അപ്പോഴാണ് അമ്മയുടെ അറിവോടെയുള്ള പീഡനം സഹിക്കാതെയാണ് സുഹൃത്തിനൊപ്പം പോയതെന്ന് വെളിപ്പെടുത്തിയത്. അമ്മയോടൊപ്പം പോകാന്‍ കോടതി നിര്‍ദേശിച്ചപ്പോഴാണ് മൂന്ന് വര്‍ഷമായി അനുഭവിക്കുന്ന ദുരന്തം പെണ്‍കുട്ടി ജഡ്ജിയോട് തുറന്ന് പറഞ്ഞത്.

മുന്‍എംഎല്‍എയും സുഹൃത്തുക്കളും നിരന്തരം വീട്ടിലെത്തിയിരുന്നുവെന്നും പന്ത്രണ്ട് വയസ്സുമുതല്‍ പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍  നാഗര്‍കോവില്‍ വനിത സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കോടതി കന്യാകുമാരി ശിശു സംരക്ഷണ സമിതി  അംഗങ്ങളെ വിളിച്ചുവരുത്തി കുട്ടിയെ കൈമാറി. വിവരം പുറത്തറിഞ്ഞതോടെ എംഎല്‍എ ഒളിവിൽ പോയി. പിന്നീട് തിരുനല്‍വേലിയിലെ  ഫാം ഹൗസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മുരുകേശന്‍റെ സുഹൃത്തുക്കളായ  പോള്‍, അശോക് കുമാര്‍, കാര്‍ത്തിക് എന്നിവരും കുട്ടിയുടെ അമ്മയും അറസ്റ്റിലായി. കന്യാകുമാരിയില്‍ അണ്ണാഡിഎംകെയുടെ പ്രമുഖ നേതാവ് കൂടിയാണ് മുരുകേശന്‍. അറസ്റ്റ് വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെ മുരുകേശനെ  പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നാല് പ്രതികളെയും റിമാന്‍ഡ് ചെയ്തു.