തിരുവനന്തപുരം: നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുളള പ്രവേശന പരീക്ഷ ഇന്ന്. രാജ്യവ്യാപകമായി മൂന്നര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷ കണക്കിലെടുത്ത് രാജ്യവ്യാപകമായി 23 പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. 

സംസ്ഥാനത്ത് തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് പരീക്ഷാ നടത്തിപ്പ്. മുഖാവരണം ധരിച്ച് മാത്രമേ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഹാളില്‍ കയറാനാവൂ. സാമൂഹ്യഅകലം പാലിച്ചാവും ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക. രാവിലെയും വൈകിട്ടുമായി രണ്ടര മണിക്കൂര്‍ വീതം ദൈര്‍ഘ്യമുളള രണ്ട് പരീക്ഷകളാണ് നടക്കുക. 

ഐഐറ്റി ഉള്‍പ്പെടെയുള്ള സാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ പരീക്ഷകള്‍ ഇന്ന് അവസാനിക്കും. ഈ മാസം ഒന്ന് മുതലാണ് പരീക്ഷകള്‍ തുടങ്ങിയത്. പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജികള്‍ സുപ്രീം കോടതിക്ക് മുന്നില്‍ എത്തിയെങ്കിലും പരീക്ഷകളുമായി മുന്നോട്ട് പോകാന്‍ കോടതി സര്‍ക്കാരിന് അനുവാദം നല്‍കുകയായിരുന്നു. പ്രവേശന പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്കുകള്‍ ഈ മാസം 11 ന് പ്രഖ്യാപിക്കും. അതേസമയം നീറ്റ് പ്രവേശന പരീക്ഷ ഈ മാസം 13നാണ് നടത്തുക

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അടച്ച ദില്ലി നിസാമുദ്ദീന്‍ ദര്‍ഗ്ഗ തുറന്നു. തത്ക്കാലം വൈകീട്ടത്തെ ഖവാലികള്‍ ഉണ്ടാവില്ല. ആരാധനാലയങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പാലിച്ചാവും സന്ദര്‍ശനം. ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ നിസാമുദ്ദീന്‍ ആദ്യ തീവ്രബാധിത മേഖലകളിലൊന്നായി പ്രഖ്യാപിച്ചിരുന്നു. ദര്‍ഗയ്ക്കടുത്താണ് തബ്ലീഗ് ജമാഅത്ത് സമ്മേളനം നടന്നത്. സമ്മേളനത്തിന് എത്തിയവര്‍ പലരും ദര്‍ഗയില്‍ വന്നിരുന്നു