ആള്‍മാറാട്ടം നടത്തി എഴുതിയ പരീക്ഷ പേപ്പർ കണ്ടെടുക്കും. ആഭ്യന്തര അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും. 

കൊല്ലം: അസീസിയ മെഡിക്കൽ കോളജിലെ എം ബി ബി എസ് പരീക്ഷ ക്രമക്കേടിൽ പൊലീസ് ആരോഗ്യസർവകലാശാലയിൽ നിന്ന് രേഖകൾ ശേഖരിക്കും. ആള്‍മാറാട്ടം നടത്തി എഴുതിയ പരീക്ഷ പേപ്പർ കണ്ടെടുക്കും. ആഭ്യന്തര അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും.

മുഴുവൻ തെളിവുകളും ശേഖരിച്ച ശേഷം മാത്രം കേസിൽ പ്രതികളായ വിദ്യാർഥികളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 
പരീക്ഷ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും ഉടൻ ശേഖരിക്കും. 

ഈ വര്‍ഷം ജനുവരി 6ന് അസീസിയ മെഡിക്കല്‍ കോളജില്‍ നടന്ന എംബിബിഎസ് പരീക്ഷയിലെ മൂന്ന് വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് പരിശോധനയിലാണ് ക്രമക്കേട് നടന്നതായി ആരോഗ്യ സര്‍വകലാശാല കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ കൈയക്ഷരത്തില്‍ വന്ന മാറ്റത്തെ തുടര്‍ന്നുളള അന്വേഷണത്തിലാണ് കോപ്പിയടി നടന്നതായി സ്ഥിരീകരിച്ചത്. ആള്‍മാറാട്ടം നടന്നിട്ടുണ്ടോ എന്ന സംശയവും ഉയര്‍ന്നു. ഇതേതുടര്‍ന്ന് മൂന്ന് വിദ്യാര്‍ഥികളെയും ഡീബാര്‍ ചെയ്യുകയും പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപകരെ പരീക്ഷാ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു കൊണ്ട് സര്‍വകലാശാല ഉത്തരവ് പുറത്തിറക്കി. ഉത്തരക്കടലാസുകള്‍ പരീക്ഷ ഹാളിനു പുറത്ത് കടത്തിയ ശേഷം ഉത്തരങ്ങള്‍ രേഖപ്പെടുത്തിയെന്നാണ് സര്‍വകലാശാലയുടെ കണ്ടെത്തല്‍. 

എന്നാല്‍ ഈ ആരോപണം അസീസിയ മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിക്കുകയാണ്. സര്‍വകലാശാല പ്രതിനിധിയുടെ ഉള്‍പ്പെടെ മേല്‍ നോട്ടത്തിലാണ് പരീക്ഷ നടന്നതെന്നും സിസിടിവിയില്‍ പരീക്ഷാ നടത്തിപ്പ് ദൃശ്യങ്ങള്‍ ഉണ്ടെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു. ആഭ്യന്തര അന്വേഷണത്തില്‍ ഉത്തരക്കടലാസ് പുറത്തു പോയതിന്‍റെ ഒരു സൂചനയുമില്ലെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ വാദിക്കുന്നു. വിദ്യാര്‍ഥികള്‍ പരസ്പരം ഉത്തരക്കടലാസ് കൈമാറി ഉത്തരം എഴുതിയതാകാമെന്ന കണ്ടെത്തലാണ് അസീസിയ അധികൃതര്‍ മുന്നോട്ടു വയ്ക്കുന്നത്. 2012ലെ എംബിബിസ് ബാച്ചില്‍ പ്രവേശനം കിട്ടിയ വിദ്യാര്‍ഥികളുടെ പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ച്ചയായി പരീക്ഷകളില്‍ തോറ്റ് പഠനം തുടരുന്നവരാണ് മൂന്നു പേരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona