Asianet News MalayalamAsianet News Malayalam

ആലപ്പുഴ സിപിഎമ്മിന്‍റെ നെറുകയിലേക്ക് നടന്നുകയറിയ ചെങ്ങന്നൂർക്കാരൻ; സജി ചെറിയാൻ ഇനി മന്ത്രി

വിഭാഗീയത ആടിയുലഞ്ഞ കാലത്തും പാർട്ടി നൗകയെ നേർവഴിക്ക് തുഴഞ്ഞ പങ്കായക്കാരൻ. ജി സുധാകരന്‍റെ പടവാൾ ആയും പിന്നീട് പിണറായിയുടെ സ്വന്തക്കാരനുമായി മാറിയ നേതൃപാടവമുള്ള പാർട്ടിക്കാരൻ ഇങ്ങനെയൊക്കെയാണ് സജി ചെറിയാൻ.

excellent organizer and well accepted amidst public saji cherian finds place in pinarayi cabinet
Author
Alappuzha, First Published May 18, 2021, 3:26 PM IST

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിലൂടെ എത്തി പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയാണ് ചെങ്ങന്നൂരിൽ നിന്ന് സജി ചെറിയാൻ മന്ത്രി പദത്തിൽ എത്തുന്നത്. കമ്മ്യൂണിസ്റ്റ് സംഘടനാ തത്വങ്ങളും മനുഷ്യപ്പറ്റിന്‍റെ രാഷ്ട്രീയവും കൂട്ടിക്കെട്ടിയ ഇടത്താണ് സജി ചെറിയാന്‍റെ സംഘടനാ പ്രവർത്തനവും പൊതുപ്രവർത്തനവും

ആദ്യനോട്ടത്തിൽ കാർക്കശ്യം. എന്നാൽ അടുത്തറിയുന്നവർക്ക് പ്രിയപ്പെട്ട പൊതുപ്രവർത്തകൻ. ആലപ്പുഴ സിപിഎമ്മിന്‍റെ നെറുകയിലേക്ക് നടന്നുകയറിയ ചെങ്ങന്നൂർക്കാരൻ. വിഭാഗീയത ആടിയുലഞ്ഞ കാലത്തും പാർട്ടി നൗകയെ നേർവഴിക്ക് തുഴഞ്ഞ പങ്കായക്കാരൻ. ജി സുധാകരന്‍റെ പടവാൾ ആയും പിന്നീട് പിണറായിയുടെ സ്വന്തക്കാരനുമായി മാറിയ നേതൃപാടവമുള്ള പാർട്ടിക്കാരൻ. ജനകീയനായ എംഎൽഎയ്ക്കും നിസ്വാർത്ഥനായ ജീവകാരുണ്യ പ്രവർത്തകനുമപ്പുറം പാർട്ടിയിൽ ഇങ്ങനെയൊക്കെയാണ് സജി ചെറിയാൻ.

എട്ടാംക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് ഇടത് ഓരം ചേർന്നുള്ള നടപ്പ്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, മാവേലിക്കര ബിഷപ്പ് മൂർ കോളേജ് തുടങ്ങി എല്ലായിടത്തും എസ്എഫ്ഐയുടെ പതാകവാഹകൻ. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ ആലപ്പുഴ ജില്ലയിലെ പ്രസിഡണ്ടും സെക്രട്ടറിയും ആയി പ്രവർത്തിച്ചു. സിപിഎം ചെങ്ങന്നൂർ ഏരിയ സെക്രട്ടറിയായി തുടങ്ങി പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായും വേരു ഉറപ്പിച്ചതാണ് സജിയുടെ കമ്മ്യൂണിസം. കാർഷിക - സഹകരണ മേഖലയിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു. കരുണ പെയിൻ ആന്‍റ് പാലിയേറ്റിവ് കെയറിന്‍റെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിന്‍റെ പ്രവർത്തനം സമാനതകൾ ഇല്ലാത്തതാണ്.

ആലപ്പുഴയിൽ ജില്ലയിൽ ഇക്കുറി ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ആണ് സജി ചെറിയാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്രളയകാലത്തും മഹാരിമാരിക്കാലത്തും തങ്ങളെ നെഞ്ചോട് ചേർത്ത നേതാവിനെ ചെങ്ങന്നൂരുകാർ പിന്നെയെങ്ങനെ വിജയിപ്പിക്കണം. എന്തായാലും മികച്ച സംഘാടകനും എംഎൽഎയും ഒക്കെയായ സജി ചെറിയാൻ മന്ത്രിപദത്തിലും തിളങ്ങുമെന്ന് നാടിന് നല്ല പ്രതീക്ഷയുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios