എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ചട്ടങ്ങളിലും നിയമ ഭേദഗതികളും മാറ്റം വരും. ഹോര്‍ട്ടിവൈൻ ബേക്കറി വഴി വിൽക്കാൻ അനുമതി നൽകിയ വിദേശ മദ്യ ചട്ട ഭേദഗതി പിന്‍വലിക്കാനാണ് സാധ്യത.

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയം അടുത്ത മാസമെന്ന് എക്സൈസ് മന്ത്രി എം ലിജു. എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളിലും നിയമ ഭേദഗതികളിലും മാറ്റം വരും. ഹോര്‍ട്ടിവൈൻ ബേക്കറി വഴി വിൽക്കാൻ അനുമതി നൽകിയ വിദേശ മദ്യ ചട്ട ഭേദഗതി പിന്‍വലിക്കാനാണ് സാധ്യത.

ചാലക്കുടിയിലെ എംആര്‍സി ബേക്കറിക്ക് 15.5 ശതമാനം വീര്യമുള്ള ഹോര്‍ട്ടി വൈൻ വിൽക്കാൻ ലൈസന്‍സ് ജൂണിൽ അനുവദിച്ചത് എക്സൈസ് മന്ത്രിയും മുഖ്യന്ത്രിയും അറിഞ്ഞിരുന്നില്ല. ഇന്നലെ വാര്‍ത്ത വന്നതോടെ എക്സൈസ് കമ്മീഷണറുടെ ഉത്തരവ് മരവിപ്പിച്ചു. യുഡിഎഫ് സര്‍ക്കാരിന്‍റെ നയം വരും വരെയാണ് ഉത്തരവ് മരവിപ്പിച്ചത്. എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന വിദേശ മദ്യ ചട്ട ഭേദഗതിയിലാണ് 10 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ബേക്കറി, മാളുകള്‍, സൂപ്പര്‍, ഹൈപ്പര്‍‍ മാര്‍ക്കറ്റുകളിൽ ഹോര്‍ട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയത്. ഇങ്ങനെ ബേക്കറികളിൽ വീര്യമുള്ള വൈൻ വിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നതാണ് യുഡിഎഫ് നയമെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കി.

അതേസമയം, എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന പ്രധാന മാറ്റങ്ങളിൽ എന്ത് വേണമെന്ന തീര്‍പ്പ് യുഡിഎഫ് ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തിലാകും. ബാറുകളുടെ സമയം കുറയ്ക്കൽ, ഹോര്‍ട്ടി വൈൻ, ഹോര്‍ട്ടി ലിക്കര്‍, വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപനാ അനുമതി എന്നിവ മുന്നണി തീരുമാനിക്കും. അതേസമയം വീര്യം കുറഞ്ഞ മദ്യത്തിൽ യുഡിഎഫ് ഉപസമിതിയ വക്കാൻ മുന്നണി യോഗത്തിൽ ധാരണ ആയെങ്കിലും അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. സര്‍ക്കാരിന്‍റെ മദ്യനയം മനസ്സിലാക്കാതെ ഫയൽ നീക്കിയെന്ന വിമര്‍ശനമാണ് ബേക്കറിക്ക് ലൈസന്‍സ് അനുവദിച്ചതിൽ എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവരം. ഉദ്യോഗസ്ഥ വീഴ്ചയുണ്ടെന്നാണ് വിമര്‍ശനം. അതിനാൽ അബ്കാരി വിഭാഗത്തിന്‍റെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണറെ പകരം പദവി നൽകാതെയാണ് സര്‍ക്കാര്‍ ഇന്നലെ മാറ്റിയത്.

YouTube video player