പാലക്കാട് ജില്ലാ ഘടകത്തിൻ്റെ തീരുമാനത്തിനൊപ്പം നിന്നാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ബ്രൂവറി വേണ്ടെന്ന നിലപാടെടുത്തത്.
തിരുവനന്തപുരം: എലപ്പുള്ളിയിൽ ബ്രൂവറി വേണ്ടെന്ന സിപിഐ തീരുമാനത്തോട് പ്രതികരിക്കാതെ എക്സൈസ് മന്ത്രി എംബി രാജേഷ്. ഭൂഗർഭ ജലചൂഷണം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി സിപിഐയെ അനുനയിപ്പിക്കാനാണ് സിപിഎം നീക്കം. അതേസമയം, ബ്രൂവറിയിലെ അനുമതി കൂടിയാലോചന ഇല്ലാതെയാണെന്നതിൻ്റെ തെളിവുകൾ നാളെ പുറത്തുവിടുമെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ മുന്നറിയിപ്പ്.
പാലക്കാട് ജില്ലാ ഘടകത്തിൻ്റെ തീരുമാനത്തിനൊപ്പം നിന്നാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ബ്രൂവറി വേണ്ടെന്ന നിലപാടെടുത്തത്. കുടിവെള്ള പ്രശ്നം ഉണ്ടാകുമെന്ന ആശങ്ക മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും തള്ളിയിട്ടും സിപിഐ കടുപ്പിച്ചതാണ് പ്രതിസന്ധി. എൽഡിഎഫിൽ ആശങ്ക അറിയിക്കാനാണ് സിപിഐ തീരുമാനം. മുന്നണി യോഗത്തിന് മുമ്പ് സിപിഎം- സിപിഐ സംസ്ഥാന സെക്രട്ടറിമാർ കൂടിക്കാഴ്ച നടത്തും. അതിൽ സിപിഐയെ അനുനയിപ്പിക്കാനാകുമെന്നാണ് സിപിഎം കരുതുന്നത്.
ഭൂഗർഭ ജല ചൂഷണം ഉണ്ടാകില്ലെന്ന് ഒയാസിസ് കമ്പനി നൽകിയ ഉറപ്പ് സിപിഎം വീണ്ടും വിശദീകരിക്കും. വ്യവസായ ആവശ്യങ്ങൾക്കുള്ള വെള്ളമല്ലാതെ കുടിവെള്ളം മദ്യനിർമ്മാണത്തിന് അനുവദിക്കില്ലെന്നും ആവർത്തിക്കും. മദ്യനയം മാറി എന്ന് പറഞ്ഞാണ് എക്സൈസ് മന്ത്രി പ്രതിപക്ഷ ആരോപണങ്ങളെ നേരിട്ടത്. എന്നാൽ നയം മാറ്റത്തിന് അനുസരിച്ച് ഡിസ്റ്റിലറി അനുമതി നൽകുമ്പോൾ കാര്യമായ ചർച്ച ഉണ്ടായില്ലെന്ന സിപിഐ വിമർശനം എക്സൈസ് മന്ത്രിയെ അടക്കം സിപിഎമ്മിനെ വെട്ടിലാക്കുന്നു. പദ്ധതിക്ക് അനുമതി നൽകിയ രീതിയിൽ പാർട്ടി മന്ത്രിമാർക്കെതിരെ സിപിഐയിൽ അമർഷമുണ്ട്. എല്ലാ വശങ്ങളും പരിശോധിക്കാതെ വ്യവസായനിക്ഷേപത്തിന് കണ്ണുമടച്ച് പിന്തുണ നൽകരുതെന്നാണ് വിമർശനം.
https://www.youtube.com/watch?v=Ko18SgceYX8
