തിരുവനന്തപുരം: അയല്‍സംസ്ഥാനത്ത് നിന്ന് അട്ടപ്പാടിയിലേക്ക്  മദ്യം കടത്തുന്നതിനെ ഗൗരവമായി കാണുന്നതായി മുഖ്യമന്ത്രി. ഇടനിലക്കാര്‍ നാട്ടുപാതകള്‍ വഴി മദ്യം കടത്തികൊണ്ടുവന്ന് വില്‍ക്കുകയാണ്. എക്സൈസിനോട് ശക്തമായി ഇടപെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം ഇന്ന് സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസർകോട് നിന്ന് നാലുപേര്‍ക്കും മൂന്നുപേർ കണ്ണൂരില്‍ നിന്നും കൊല്ലം, മലപ്പുറം എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാലുപേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ടുപേര്‍ നിസാമുദ്ദീന്‍ ചടങ്ങില്‍ പങ്കെടുത്തവരാണ്. സമ്പര്‍ക്കം മുഖേനയാണ് മൂന്നുപേര്‍ക്ക് വൈറസ് ബാധിച്ചത്.

ഇന്ന് പരിശോധനയ്ക്ക് സ്രവം നൽകിയതിൽ 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കണ്ണൂര്‍ 5, എറണാകുളം നാല്, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട് ഓരോന്ന് വീതം സാമ്പിളുകളാണ് നെഗറ്റീവ് ഫലം ലഭിച്ചത്. സംസ്ഥാനത്ത് ഇതുവരെ 336 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആകെ സംസ്ഥാനത്ത് 263 പേര്‍ ചികിത്സയിലുണ്ട്, സംസ്ഥാനത്ത് ആകെ1,46,686 പേര്‍ നിരീക്ഷണത്തിലുമുണ്ട്. ഇതിൽ 1,45,934 പേര്‍ വീടുകളില്‍, ആശുപത്രികളില്‍ 752 പേര്‍. ഇന്നുമാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11,232 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. 10,250 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കി.