Asianet News MalayalamAsianet News Malayalam

Covid 19: കൊവിഡ് രൂക്ഷമാകുമ്പോഴും കുടുംബശ്രീ തെരഞ്ഞെടുപ്പിന് ഇളവ്, ഉത്തരവുമായി ദുരന്തനിവാരണ വകുപ്പ്

പത്താം തീയതി ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇളവ് നൽകിയത്. കൊവിഡ് നിയന്ത്രണം ശക്തമാക്കുമ്പോഴാണ് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. 

Exemption in Covid restrictions for Kudumbashree Election
Author
Thiruvananthapuram, First Published Jan 17, 2022, 8:31 PM IST

തിരുവനന്തപുരം: കൊവിഡ് (Covid 19) രൂക്ഷമാകുന്നതിനിടയിലും കൊവിഡ് നിയന്ത്രണങ്ങളിൽ (Covid Restrictions)  ഇളവുകൾ നൽകി ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്. കുടുംബശ്രീ (Kudumbashree) തെരഞ്ഞെടുപ്പ് നടക്കാൻ അനുവദിച്ചുകൊണ്ട് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് ഇറക്കി. കുടുംബശ്രീ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരിക്കുന്നത്. പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതിനും ഇളവ് നൽകി. പത്താം തീയതി ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇളവ് നൽകിയത്. കൊവിഡ് നിയന്ത്രണം ശക്തമാക്കുമ്പോഴാണ് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. 

പത്ത് ദിവസം കൊണ്ട് നാലിരട്ടി വര്‍ധന; ആരില്‍ നിന്നും കൊവിഡ് പകരാം, അതീവ ജാഗ്രത തുടരണം

 

സംസ്ഥാനത്തെ പ്രതിദിന കൊവിഡ് (Covid)  കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George). കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാല്‍ ക്രിസ്മസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കൊവിഡ് കേസുകള്‍ വര്‍ധിച്ചു. ജനുവരി ഏഴിന് കൊവിഡ് കേസുകള്‍ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തിയിട്ടുണ്ട്. ഇനിയും കൊവിഡ് കേസുകള്‍ കുത്തനെ ഉയരാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. ആരില്‍ നിന്നും കൊവിഡ് പകരുന്ന അവസ്ഥയാണുള്ളത്. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ ശരിയായവിധം എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ധരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കൊവിഡ് കേസുകളില്‍ ഏകദേശം 60,161 വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 182 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍ 160 ശതമാനവും, ആശുപത്രികളിലെ രോഗികള്‍ 41 ശതമാനവും, ഫീല്‍ഡ് ആശുപത്രികളിലെ രോഗികള്‍ 90 ശതമാനവും, ഐസിയുവിലെ രോഗികള്‍ 21 ശതമാനവും, വെന്റിലേറ്ററിലെ രോഗികള്‍ 6 ശതമാനവും, ഓക്‌സിജന്‍ കിടക്കകളിലെ രോഗികള്‍ 30 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. പ്രായമായവര്‍ക്കും മറ്റനുബന്ധ രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ പെട്ടന്ന് ഗുരുതരമാകാന്‍ സാധ്യതയുണ്ട്. രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നാല്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും ഗുരുതാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണവും മരണങ്ങളും അധികമായുണ്ടായേക്കാം. ഇത് ആശുപത്രി സംവിധാനങ്ങളെ സമ്മര്‍ദത്തിലാക്കും. അതിനാല്‍ എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

പൊതു ചടങ്ങുകള്‍ മാര്‍ഗനിര്‍ദേശ പ്രകാരം മാത്രം നടത്തേണ്ടതാണ്. എല്ലായിടത്തും ആളുകളെ പരമാവധി കുറയ്ക്കണം. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും എല്ലാവരും ശരിയായ വിധം മാസ്‌ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൈ കഴുകുന്ന സ്ഥലങ്ങളിലും തിരക്ക് കൂട്ടരുത്. അടച്ചിട്ട സ്ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമായതിനാല്‍ ജനാലുകളും വാതിലുകളും തുറന്നിടണം. കടകളിലും ഷോപ്പിംഗ് മാളുകളിലും പോകുന്നവര്‍ ഒരിക്കലും മാസ്‌ക് താഴ്ത്തരുത്. എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Follow Us:
Download App:
  • android
  • ios