കാസ‍ർകോട്: 511 പേരെ കൂടി ഉൾപ്പെടുത്തി എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടിക വിപുലപ്പെടുത്തി. ദുരിതബാധിതർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരത്തെ തുടർന്നാണ് കൂടുതൽ പേരെ ഉൾപ്പെടുത്തിയത്. മന്ത്രി ഇ ചന്ദ്രശേഖരന്‍റെ അധ്യക്ഷതയിൽ ചേർന്ന എൻഡോസൾഫാൻ സെല്‍ യോഗത്തിലാണ് തീരുമാനം.

ഇരകളെ കണ്ടെത്തുന്നതിനായി നേരത്തെ നടത്തിയ ക്യാമ്പുകളിൽ പങ്കെടുത്തവരും എന്നാൽ പട്ടികയിൽ ഉൾപ്പെടാത്തവരുമായ 18 വയസിന് താഴെ ഉള്ളവരെയാണ് പുതുതായി ചേർത്തത്. ഇതോടെ എൻഡോസൾഫാൻ പട്ടികയിൽ ഉൾപ്പെട്ടവുടെ എണ്ണം 6727 ആയി.ഇരകളുടെ പുനഃരധിവാസവും മെഡിക്കൽ കോളേജ് നിർമ്മാണവും വേഗത്തിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമെടുത്തു.

പട്ടികയിൽ ഉൾപ്പെടാത്ത മറ്റുള്ളവർക്കായി വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്തും. ഈ മാസം 25 മുതൽ ജൂലൈ 9 വരെ പതിമൂന്ന് സ്ഥലങ്ങളിലായാണ് ക്യാമ്പ് നടത്തുക. എൻഡോസൾഫാൻ പുനഃരധിവാസ ഗ്രാമം പദ്ധതിയും മെഡിക്കൽ കോളേജും ഉടൻ പൂർത്തിയാക്കണമെന്നും സെല്‍ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.