പ്രവാസിയായ അബ്ദുല്‍ ഗഫൂറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു.

കാസർഗോഡ് : കാസർഗോഡ് പൂച്ചക്കാട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രവാസി അബ്ദുല്‍ ഗഫൂറിന്‍റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. കൊലപാതകമാണെന്ന് തെളിയിക്കുന്ന സൂചനകളൊന്നും ഇതിലില്ല. അതേസമയം വിശദ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ് പൊലീസ്. 

പ്രവാസിയായ അബ്ദുല്‍ ഗഫൂറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. ഇതിന്‍റെ പ്രാഥമിക റിപ്പോർട്ടാണ് പുറത്ത് വന്നത്. ശ്വാസം മുട്ടിച്ചോ മറ്റ് ഏതെങ്കിലും തരത്തില്‍ ആക്രമിച്ചോ കൊലപ്പെടുത്തിയതിന്‍റെ ലക്ഷണങ്ങള്‍ ലഭിച്ചിട്ടില്ല. ഹൃദയ സ്തംഭനം മൂലമാണെന്ന നിഗമനത്തിലും പൊലീസിന് എത്താനായിട്ടില്ല. മൃതദേഹം അഴുകിയ നിലയില്‍ ആയതിനാല്‍ തൊലിപ്പുറത്ത് പാടുകള്‍ കണ്ടെത്താന്‍ പ്രയാസമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തിന്‍റെ ഭാഗമായി ആന്തരിക അവയവങ്ങള്‍ രാസ പരിശോധനയ്ക്കായി കോഴിക്കോട്ടെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണിപ്പോള്‍. 

സ്വര്‍ണ്ണം ഇരട്ടിപ്പിക്കലും മന്ത്രവാദവും നടത്തുന്ന ഒരു സ്ത്രീയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഈ സ്ത്രീയുടെ വീട്ടില്‍ ഇന്ന് ബേക്കല്‍ ഡിവൈഎസ്പി സുനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. കഴിഞ്ഞ പതിനാലാം തീയതിയാണ് അബ്ദുല്‍ ഗഫൂര്‍ മരിച്ചത്. സ്വാഭാവിക മരണമാണെന്ന് കരുതി ബന്ധുക്കല്‍ ഖബറടക്കി. എന്നാല്‍ വീട്ടില്‍ നിന്ന് അറുനൂറ് പവനില്‍ അധികം സ്വര്‍ണ്ണം കാണാതായ വിവരം പുറത്ത് വന്നതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Read More : അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തിൽ; കാട്ടുകൊമ്പനെ പൂജ ചെയ്ത് സ്വീകരിച്ച് ആദിവാസി വിഭാഗം