നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് ബസേലിയൂസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ നിർദേശം. 

തിരുവനന്തപുരം: നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ മോശം പരാമർശത്തിൽ ഫാദർ മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടി ഓർത്ത‍ഡോക്സ് സഭാധ്യക്ഷൻ. നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് ബസേലിയൂസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ നിർദേശം. പരാമർശത്തിൽ ഫാദർ മാത്യു വാഴക്കുന്നം ഖേദം പ്രകടിപ്പിച്ചുവെന്നും സഭ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നേരിട്ട് എത്തി വിശദീകരണം നല്‍കാനാണ് ഫാദർ മാത്യൂസ് വാഴക്കുന്നത്തിനോട് കാതോലിക്ക ബാവ നിർദേശിച്ചത്.

മാധ്യമങ്ങളിൽ ആരോപണം ഉന്നയിച്ചതിന് വിശദീകരണം തേടിയ നിലയ്ക്കൽ ഭദ്രാസനാധിപനെ രൂക്ഷമായി വിമർശിക്കുന്ന, സിപിഎം സഹയാത്രികനായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്‍റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ബിജെപിയിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതിന് ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വ മാർ നിക്കോദിമോസ് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ പുറത്ത് വന്നത്. ഭദ്രാസനാധിപന്‍റെ ചെയ്തികൾ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കുന്ന മാത്യൂസ് വാഴക്കുന്നം രൂക്ഷമായ വാക്കുകളിൽ അദ്ദേഹത്തെ വിമർശിക്കുന്നുണ്ട്. 

വൈദികരുടെ വാട്സ് അപ് ഗ്രൂപ്പുകളിൽ അടക്കം ശബ്ദരേഖ വ്യാപകമായി പ്രചരിക്കുകയാണ്. ഇതൊടൊപ്പം ഫാ. ഷൈജു കുര്യനെതിരെ സഭാ അധ്യക്ഷന് നൽകിയ പരാതിയും പുറത്തുവന്നു. വ്യാജ വൈദികനെ പള്ളിയിൽ കൊണ്ട് ഇറക്കിയെന്നും റിയൽ എസ്റ്റേറ്റ് ഇടപാടുകളും തുടങ്ങി സ്വഭാവദൂഷ്യ ആരോപണങ്ങൾ വരെ പരാതിയിലുണ്ട്. അതേസമയം, ഫാ. ഷൈജു കുര്യനെതിരെ നിലയ്ക്കൽ ഭദ്രാസന കൗൺസിൽ എടുത്ത നടപടിയിൽ വ്യക്തതയില്ലെന്നാണ് വിശ്വാസി കൂട്ടായ്മയുടെ ആക്ഷേപം. അതിൽ പ്രതിഷേധിച്ച് റാന്നിയിലെ അരമനയ്ക്ക് മുന്നിൽ വൈദികരടക്കം ഇന്ന് പ്രതിഷേധിക്കും.

പോരടിച്ച് ഓർത്തഡോക്സ് സഭയിലെ വൈദികര്‍; നിലയ്ക്കൽ ഭദ്രാസനാധിപനെതിരെ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ