തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാത്തവരാണ് ഇത് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നതെന്നും ഇഖ്ബാൽ മുണ്ടേരി അഭിപ്രായപ്പെട്ടു

മലപ്പുറം: ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എ ഡി ജി പി അജിത് കുമാറിനുമെതിരെ ഇടതു മുന്നണിയിൽ കലാപക്കൊടിയുയർത്തിയ പി വി അൻവർ എം എൽ എയെ ഒന്നിച്ച് പ്രവർത്തിക്കാൻ ക്ഷണിച്ച ഫേസ്ബുക്ക് പോസ്റ്റിൽ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് സി എച്ച് ഇഖ്ബാൽ മുണ്ടേരി രംഗത്ത്. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ ചിലർ തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഇഖ്ബാൽ മുണ്ടേരിയുടെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിൽ പി വി അൻവറിനെ ലീഗിലേക്ക് ക്ഷണിക്കുന്ന ഒരു വരി പോലുമില്ലെന്നും മുസ്ലിം ലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാത്തവരാണ് ഇത് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നതെന്നും ഇഖ്ബാൽ മുണ്ടേരി അഭിപ്രായപ്പെട്ടു.

ഒന്നല്ല, രണ്ട് ചക്രവാതചുഴി രൂപപ്പെട്ടു, ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദമാകുന്നു; കേരളത്തിൽ വീണ്ടും മഴ ജാഗ്രത

അതേസമയം ഇഖ്ബാൽ മുണ്ടേരി പി വി അൻവറിനെ ക്ഷണിച്ചതിനെ പരസ്യമായി വിമർശിച്ച് മുസ്ലിം ലീഗ് നേതാക്കളക്കം നേരത്തെ രംഗത്തെത്തിയിരുന്നു. അൻവറിനെ സ്വീകരിക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. എൽ ഡി എഫിൽ ഒറ്റപ്പെട്ട പി വി അൻവറിനെ ഏറ്റെടുക്കാനില്ലെന്ന് യു ഡി എഫ് കൺവീനർ എം എം ഹസനും പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഡി എ ന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ നേതാവിനെ ഒരിക്കലും വേണ്ടെന്നും ഹസൻ കൂട്ടിച്ചേർത്തു.

അതിനിടെ ആരോപണങ്ങളിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് അൻവർ രംഗത്തെത്തിയിട്ടുണ്ട്. പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്നാണ് നിലമ്പൂർ എം എല്‍ എ അറിയിച്ചത്. പാര്‍ട്ടി നിര്‍ദേശം പാലിക്കാൻ ബാധ്യസ്ഥനാണെന്നും ഈ വിഷയങ്ങളിൽ താത്കാലികമായി പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിവി അൻവര്‍ അറിയിച്ചത്. കുറ്റാരോപിതര്‍ സ്ഥാനത്ത് തുടരുന്നതിൽ ഇപ്പോഴും വിയോജിപ്പുണ്ടെന്നും പോസ്റ്റിൽ കുറിച്ചു. തന്‍റെ നടപടികള്‍ സഖാക്കളെ വേദനിപ്പിച്ചുവെന്നും ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നുവെന്നും ഇടതുപാളയത്തിൽ നിന്ന് പുറത്തിറങ്ങുന്നത് നോക്കിയിരിക്കുന്നവർ നിരാശരാകുമെന്നും അൻവര്‍ പറഞ്ഞു. താൻ ഉയര്‍ത്തിയ വിഷയങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും ആരോപിച്ച വിഷയങ്ങളിൽ പാര്‍ട്ടി പരിശോധനയുണ്ടാകുമെന്ന് കരുതുന്നുവെന്നും അൻവര്‍ പറഞ്ഞു. പാർട്ടിയാണ് എല്ലാത്തിനും മുകളിലെന്നും സാധാരണക്കാരായ ജനങ്ങളാണ് ഈ പാർട്ടിയുടെ അടിത്തറയെന്നും സഖാക്കളേ നാം മുന്നോട്ട്‌ എന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം