കൊച്ചി എടയാറിലെ വ്യവസായ പാർക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറി. ഒഡിഷ സ്വദേശി മരിച്ചതായാണ് വിവരം. രണ്ട് പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം പുറത്ത് വന്നത്. എന്നാൽ കമ്പനിയിലെ മിനി ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഒഡിഷ സ്വദേശി അജയ് കുമാറാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ രണ്ട് പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി.

ഷിഫ്റ്റ് അനുസരിച്ച് ജോലിക്കുണ്ടായിരുന്നത് 4 ഇതര സംസ്ഥാന തൊഴിലാളികളാണ് അപകട സമയത്ത് സ്ഥാപനത്തിൽ ജോലിക്കുണ്ടായിരുന്നത്. മൃഗക്കൊഴുപ്പ് സംസ്കരിച്ച് സോപ്പ് നിർമാണ കമ്പനികൾക്ക് കൈമാറുന്ന സ്ഥാപനമാണിത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മൃഗക്കൊഴുപ്പ് സംസ്കരിക്കാൻ ഉപയോഗിച്ചിരുന്ന മിനി ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. ഗുരു, കൃഷ്ണ എന്നീ തൊഴിലാളികൾക്ക് മുപ്പത് ശതമാനം പൊള്ളലേറ്റതായാണ് വിവരം.

മാനദണ്ഡങ്ങൾ പാലക്കാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മിനി ബോയിലർ വാങ്ങിയതും പ്രവർത്തിപ്പിച്ചതും മാനദണ്ഡം പാലിക്കാതെയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടർ പി പ്രമോദ് പറഞ്ഞു. മിനി ബോയിലർ ആയതിനാൽ കമ്പനിയിൽ വാർഷിക പരിശോധന നടത്തിയിട്ടില്ലെന്ന് ബിനാനിപുരം പൊലീസ് പറഞ്ഞു.