പ്രദേശത്തെ ലഹരി വിൽപ്പനയ്ക്കെതിരെ ആക്രമണമുണ്ടായ വീടിന്റെ ഉടമ സുധീറടക്കമുളളവർ അടുത്തയിടെ രംഗത്തെത്തിയിരുന്നു. ഇതാണോ സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്
കൊച്ചി: പെരുമ്പാവൂർ വെങ്ങോലയിൽ വീട്ടിലേക്ക് എറിഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്, മുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം കത്തി നശിച്ചു. വെങ്ങോല ചെമ്പാരത്തുകുന്ന് പളളിക്ക് സമീപം താമസിക്കുന്ന ഏലവുംകുടി സുധീറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെയായിരുന്നു സംഭവം. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബുളളറ്റാണ് കത്തിനശിച്ചത്. ജനൽ ചില്ലുകളും തകർന്നു. വീടിന്റെ മുൻവശം നിറയെ കരിയും പുകയും നിറഞ്ഞ നിലയിലായിരുന്നു. സ്ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങളും മുറ്റത്ത് ചിതറിക്കിടപ്പുണ്ട്. സിറ്റൗറ്റിൽ മുളകുപൊടിയും വിതറിയിരുന്നു.
തോട്ടയാണ് എറിഞ്ഞതെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവി ദ്യശ്യങ്ങൾ പരിശോധിക്കായി ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ ലഹരി വിൽപ്പനയ്ക്കെതിരെ സുധീറടക്കമുളളവർ അടുത്തയിടെ രംഗത്തെത്തിയിരുന്നു. ഇതാണോ സംഭവത്തിന് പിന്നിലെന്നും സംശയമുണ്ട്.
