പാലക്കാട് പുതുനഗരത്തെ വീട്ടില്‍ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമെന്ന് പൊലീസ്

പാലക്കാട്: പാലക്കാട് പുതുനഗരത്തെ വീട്ടില്‍ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമെന്ന് പൊലീസ്. പ്രാഥമിക പരിശോധനയിലാണ് പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമാണെന്ന് പൊലീസ് കണ്ടെത്തിയത്. വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മറ്റു സ്ഫോടക വസ്തുക്കൾ കണ്ടെത്തിനായില്ലെന്നും പരിക്കേറ്റ ഷരീഫ് പന്നിപ്പടക്കമുപയോഗിച്ച് പന്നികളെ പിടികൂടാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. പുതുന​ഗരത്തെ വീട്ടിൽ ഗ്യാസ് സിലണ്ടറോ, വീട്ടുപകരണങ്ങളോ അല്ല പൊട്ടിത്തെറിച്ചതെന്ന് നേരത്തെ തന്നെ പൊലീസ് വിശദീകരിച്ചിരുന്നു. പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലാണ് പൊട്ടിത്തെറിച്ച് തീ ആളിക്കത്തിയത്. സഹോദരങ്ങളായ ഷരീഫ്, ഷഹാന എന്നിവർക്കാണ് പൊട്ടിത്തെറിയില്‍ പരിക്കേറ്റത്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ബോംബ് സ്ക്വാഡും, ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ഷരീഫിന്റെ പരിക്ക് ഗുരുതരമാണ്. പാലക്കാട് പുതുനഗരം മാങ്ങോട് ഉച്ചയ്ക്കായിരുന്നു സംഭവം. വീട്ടിൽ പൊട്ടിത്തെറി ഉണ്ടായി തീ ആളിക്കത്തുകയായിരുന്നു. പൊട്ടിത്തെറിയിൽ പരിക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശരീഫിനെ അവിടെ നിന്നും തൃശൂർ മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ശരീഫിൻ്റെ ശരീരത്തിൽ പൊള്ളലിന് സമാനമായ മുറിവുകളുണ്ടെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ എസ്ഡിപിഐക്ക് എതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. പൊട്ടിത്തെറിച്ചത് ബോംബാണെന്നും പിന്നിൽ എസ്ഡിപിഐ ആണെന്നുമാണ് ബിജെപി ആരോപിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ ഷരീഫും പൊട്ടിത്തെറി നടന്ന ബന്ധു വീട്ടിലുള്ളവരും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിക്കുന്നു. എന്നാല്‍ ഷരീഫ് ഉൾപ്പെടെ 12 പേരെ രണ്ട് വർഷം മുമ്പ് പുറത്താക്കിയതാണെന്നും മാങ്ങോട് ലക്ഷം വീട് നഗറിൽ നിലവിൽ എസ്ഡിപിഐ അംഗങ്ങൾ ഇല്ലെന്നും എസ്ഡിപിഐ നേതാക്കൾ പറയുന്നു.

YouTube video player