Asianet News MalayalamAsianet News Malayalam

'ജോഡോ ന്യായ് യാത്രയിൽ അസാധാരണമായ ജനപങ്കാളിത്തം, ബിജെപിക്കാര്‍ക്ക് വിറളിപിടിച്ചു'; കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്

സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും വമ്പിച്ച  പ്രകടനങ്ങള്‍ നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചു.

Extraordinary turnout in Jodo Nyay Yatra leaves BJP reeling Congress district level protest today ppp
Author
First Published Jan 22, 2024, 10:12 AM IST

തിരുവനന്തപുരം: അസമില്‍വെച്ച് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയുള്ള ബിജെപിയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജനുവരി 22 തിങ്കളാഴ്ച വൈകുന്നേരം ഡിസിസികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും വമ്പിച്ച  പ്രകടനങ്ങള്‍ നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലെ അസാധാരണമായ ജനപങ്കാളിത്തം കണ്ട് വിറളിപിടിച്ച ബിജെപി ക്രിമിനലുകള്‍ വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നത്. യാത്രയുടെ റൂട്ട് മാറ്റിയതിന്റെ പേരില്‍ കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് ബിജെപി ക്രിമിനലുകള്‍ ഹീനമായ അക്രമം  ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയും നേതാക്കള്‍ക്കും എതിരെ നടത്തുന്നത്. 

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ അഴിമതികള്‍ രാഹുല്‍ ഗാന്ധി തുറന്ന് കാട്ടിയത് മുതല്‍ പ്രതികാര  നടപടികളാണ് ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹത്തെ ആക്രമിക്കുകയും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ വാഹനം അടിച്ചു തകര്‍ക്കുകയും   അസം പിസിസി അധ്യക്ഷന്‍ ഭൂപന്‍ ബോറയെ കായികമായി ആക്രമിക്കുകയും ചെയ്തു. ബിജെപി ക്രിമിനലുകളുടെ അക്രമ രാഷ്ട്രീയത്തിനെതിരെ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ടി.യു.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

അതേസമയം, അസമിലെ ഭാരത് ജോഡ‍ോ ന്യായ് യാത്രക്കിടെ വീണ്ടും സംഘ‌ർഷമുണ്ടായിരുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി  ജയ്റാം രമേശിന്റെ വാഹനം ബിജെപി പ്രവ‍ർത്തകർ തടഞ്ഞു. കൊടികളുമായി എത്തിയ ബിജെപി പ്രവ‍ർത്തകർക്ക് ഇടയിലേക്ക് രാഹുല്‍ ഗാന്ധി ഇറങ്ങിയത് നാടകീയ കാഴ്ചകള്‍ക്ക് ഇടയാക്കി. സംഘര്‍ഷ സാഹചര്യത്തിന് വഴിവെക്കുമെന്ന ആശങ്ക കനത്തതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചാണ് രാഹുലിനെ വാഹനത്തിലേക്ക് വീണ്ടും കയറ്റിയത്. ഒടുവില്‍ പ്രവ‍ർത്തകർക്ക് ഫ്ലൈയിങ് കിസ് കൊടുത്ത് ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ മടക്കം.

രാഹുല്‍ ഗാന്ധിയും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെയാണ് സംഘർഷം. കഴിഞ്ഞ ദിവസം വാഹനങ്ങളുടെ ചില്ലുകള്‍ ബിജെപി പ്രവർത്തകർ തകർത്തുന്നുവെന്ന കോണ്‍ഗ്രസ് ആരോപിച്ചതിന് പിന്നാലെ ഇന്നലെ വീണ്ടും സംഘർഷം ഉണ്ടായത്. ജനുവരി 25 വരെയാണ് അസമില്‍ ഭാരത് ജോഡോ യാത്ര പര്യടനം നടത്തുക. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരാനായ മുഖ്യമന്ത്രിയാണ് ഹിമന്ദയെന്ന പ്രചരാണമാണ് സംസ്ഥാനത്ത് രാഹുലും കോണ്‍ഗ്രസും നടത്തുന്നത്. ഇന്ന് രാഹുല്‍ ഗാന്ധി നടക്കാനിരിക്കുന്ന പ്രസ് ക്ലബ്ബിലെ വാർത്തസമ്മേളനത്തിനും സംസ്ഥാന സർക്കാർ അനുമതി നല്‍കിയിട്ടില്ല.

ഭാരത് ജോഡോ ന്യായ് യാത്ര കണ്ട് ബിജെപിക്ക് ഭയം, കോൺഗ്രസിനെ പേടിപ്പിക്കാൻ നോക്കേണ്ട: മല്ലികാര്‍ജ്ജുൻ ഖര്‍ഗെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios