Asianet News MalayalamAsianet News Malayalam

വ്യാജ ജനന സർട്ടിഫിക്കറ്റ്: ആരോപണങ്ങൾ തള്ളി ആശുപത്രി സൂപ്രണ്ട്, അനിൽ കുമാറിൻ്റെ തട്ടിപ്പ് കണ്ടെത്തിയത് താൻ

തനിക്കെതിരെ അനിൽ കുമാർ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് ഗണേഷ് മോഹൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Fake birth certificate controversy
Author
First Published Feb 5, 2023, 10:17 AM IST

കൊച്ചി: കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ആരോപണ പ്രത്യാരോപണങ്ങളുമായി സൂപ്രണ്ടും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും. സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ട് പറഞ്ഞിട്ടെന്ന് അനിൽകുമാർ പറയുന്നു. എന്നാൽ ഈ ആരോപണം നിഷേധിക്കുന്ന ആശുപത്രി സൂപ്രണ്ട് ഗണേഷ് മോഹൻ അനിൽ കുമാറിൻ്റെ കള്ളക്കളി പിടികൂടിയത് താനാണെന്നും തൻ്റെ കാലിൽ വീണ് അനിൽ കുമാർ മാപ്പ് പറഞ്ഞതിന് സിസിടിവി ദൃശ്യങ്ങളുണ്ടെന്നും പറഞ്ഞു. 

കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ ദുരൂഹത ഏറുകയാണ്. സൂപ്രണ്ട് പറഞ്ഞ പ്രകാരമാണ് സർട്ടിഫിക്കറ്റ് തെയ്യാറാക്കിയത് എന്നാണ് ആരോപണവിധേയനായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽ കുമാർ പറയുന്നത്. ഇപ്പോൾ ഒളിവിലുള്ള അനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിച്ചു. ക്രമക്കേട് വിവാദമായപ്പോൾ തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് എന്നാണ് അനിൽ കുമാറിന്റെ വാദം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് സൂപ്രണ്ട് പറഞ്ഞ പ്രകാരം വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയെന്നും അനിൽകുമാർ പറയുന്നു. കേസിൽ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ട് പറഞ്ഞപ്രകാരമെന്ന് അനിൽ കുമാർ ഫറയുന്നു. ആശുപത്രി ക്യാന്റീൻ നടത്തിപ്പ് കൈമാറുന്നതുമായി ബന്ധപ്പെട്ട് സൂപ്രണ്ട് കൈക്കൂലി വാങ്ങി. താൻ ശിക്ഷിക്കപ്പെട്ടാലും സൂപ്രണ്ടിന്റെ കള്ളക്കളി വെളിച്ചത്ത് വരണമെന്നും അനിൽ കുമാർ പറയുന്നു. 

അനിൽ കുമാറിൻ്റെ വാക്കുകൾ - 

സൂപ്രണ്ടിൻറെ നിർദേശപ്രകാരം സർട്ടിഫിക്കറ്റ് വാങ്ങി നൽകുക മാത്രമാണ് താൻ ചെയ്തത്. സർട്ടിഫിക്കറ്റിനുള്ള പൂരിപ്പിച്ച ഫോം ആശുപത്രി ജീവനക്കാരനാണ് തനിക്ക് തന്നത്. ഗണേഷ് മോഹൻ മുന്പും വ്യാജ രേഖകൾ തയ്യാറാക്കി നൽകിയിട്ടുണ്ട്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയിരുന്നു. ഇതിൻറെ രേഖകൾ തൻറെ കൈവശമുണ്ട്. ആശുപത്രി ക്യാൻറീൻ നടത്തിപ്പ് കൈമാറുന്നതുമായി ബന്ധപ്പെട്ട് സൂപ്രണ്ട് കൈക്കൂലി വാങ്ങിയിട്ടുണ്ട്. പുതിയ കരാറുകാരനിൽ നിന്നാണ് പണം വാങ്ങിയത്. താൻ ശിക്ഷിക്കപ്പെട്ടാലും സൂപ്രണ്ടിൻറെ കള്ളക്കളി വെളിച്ചത്ത് വരണം. 

ഗണേഷ് മോഹൻ്റെ വാക്കുകൾ  - 
അനിൽ കുമാറിന്റെ ആരോപണങ്ങൾ  വ്യാജമാണ്. തന്നെ  തകർക്കാൻ  ഗൂഢാലോചന നടക്കുന്നുണ്ട്. അനിലിന്റെ തെറ്റ് കണ്ടുപിടിച്ചത്  താനാണ്. ഇതിന്റെ വൈരാഗ്യം  ഉണ്ടാകും. കഴിഞ്ഞ  ദിവസം  അനിൽ തന്നെ  ആശുപത്രിയിൽ വച്ചു കണ്ടു കാലിൽ  വീണു  മാപ്പു പറഞ്ഞതാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കൈയ്യിലുണ്ട്. പിന്നീട് കേസിൽ പ്രതിയായതോടെ അനിൽ നിലപാട് മാറ്റി. അനിലിനെതിരെ  സാമ്പത്തിക കുറ്റകൃത്യത്തിനു ഓഡിറ്റ് റിപ്പോർട്ട്‌ വന്നു സാമ്പത്തിക ചുമതലയിൽ  നിന്ന് മാറ്റിയിരുന്നു. പുകമറ  സൃഷ്ടിച്ചു രക്ഷപ്പെടാനാണ് അനിൽ ശ്രമിക്കുന്നത്. ഈ  കേസിൽ ഉൾപ്പെട്ട ദമ്പതികളെ അറിയില്ല. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്ന ആരോപണവും ശരിയല്ല. പ്രൈവറ്റ് സെക്രട്ടറിയുടെ മകൻ ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരിയായ സർട്ടിഫിക്കറ്റാണ് നൽകിയത്. ആശുപത്രി കാൻ്റീൻ നടത്തിപ്പിന് കരാർ നൽകിയതിലും അഴിമതിയില്ല. എല്ലാം ചട്ടപ്രകാരമാണ് നടന്നത്. 

കളമശേരി  നഗരസഭയിലെ ജനന മരണ രജിസ്റ്റർ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരി നൽകിയ പരാതിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറായ അനിൽകുമാർ തന്നെ സമീപിച്ച്  ജനന സർട്ടിഫിക്കറ്റിലെ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് പരാതിയുളളത്. തൃപ്പൂണിത്തുറ സ്വദേശിയായ ദന്പതികളുടെ കുഞ്ഞിനെന്ന പേരിലാണ് സർട്ടിഫിക്കറ്റുണ്ടാക്കിയത്. എന്നാൽ ഇങ്ങനെയൊരു പ്രസവം ആശുപത്രിയിൽ നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.

തിരുവനന്തപുരത്ത് പരിശീലനത്തിനെന്ന പേരിൽ ജനന സ‍ർട്ടിഫിക്കറ്റ് രേഖകൾ അനിൽകുമാർ തരപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ സംഭവമറിഞ്ഞിട്ടും മറച്ചുവെച്ചതിന്  മുൻസിപ്പിലാറ്റിയിലെ താൽക്കാലിക ജീവനക്കാരിയായ രഹ്നയ്ക്കെതിരെയും അന്വേഷണം വേണമെന്നാണ് മെഡിക്കൽ കോളജ് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ ജനന സർട്ടിഫിക്കറ്റിൽ പേരുളള തൃപ്പൂണിത്തുറ സ്വദേശികളായ  സംഭവം പുറത്ത് വന്നതിന് പിന്നാലെ വീട്ടിൽ നിന്ന് മാറി നിൽക്കുകയാണ്. അടുത്തിടെ ഇവർ ഒരു കുട്ടിയെ ദത്തെടുത്തിരുന്നു. 

അതേസമയം കളമശേരി മെഡിക്കൽ കോളജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ പ്രതിയായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്  അനിൽകുമാർ മുൻകൂർ ജാമ്യം തേടി. ഹ‍ർജി എറണാകുളം ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കും.  സൂപ്രണ്ട് ഗണേഷ് മോഹൻ പറഞ്ഞത് അനുസരിച്ചാണ് ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നാണ് അഡ്മിനിസ്ട്രേറ്റീവ് അസി. അനിൽ കുമാർ പറയുന്നത്. സംഭവം വിവാദമായപ്പോൾ തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാൻ ഗണേഷ് മോഹൻ ശ്രമിക്കുകയാണെന്നും ഇയാൾ ആരോപിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios