പ്രമുഖ ലാബുകളുടെ പേരിലാണ് വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. 

കോഴിക്കോട്: സംസ്ഥാനത്ത് വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമാകുന്നു. ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യാത്ര നടത്തേണ്ട ആളുകള്‍ക്കാണ് പരിശോധന നടത്താതെ തന്നെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. പ്രമുഖ ലാബുകളുടെ പേരിലാണ് വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. 

യാത്രാ ആവശ്യത്തിനായി ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണ്ടവർക്ക് സാമ്പിൾ ശേഖരണമോ പരിശോധനയോ ഒന്നുമില്ലാതെ ചിലർ സർട്ടിഫിക്കറ്റ് നല്‍കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം അന്വേഷണം തുടങ്ങിയത്. പ്രധാനമായും ചില ട്രാവല്‍ ഏജന്‍സികളാണ് ഇത്തരത്തില്‍ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര നടത്തുന്നവരെയാണ് ഇത്തരക്കാർ ലക്ഷ്യമിടുന്നത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില നമ്പറുകളില്‍ ബന്ധപ്പെട്ടു. തലശേരിയില്‍ പ്രവർത്തിക്കുന്ന ട്രാവല്‍സുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച നമ്പറില്‍ വിളിച്ചു. ഇരുന്നൂറ്റി അന്‍പത് രൂപ ഓൺലൈന്‍ വഴി ട്രാന്‍സ്ഫർ ചെയ്യാന്‍ ആവശ്യപ്പെട്ടു. പണം കൈമാറി, മണിക്കൂറിനകം യാതൊരു പരിശോധനയുമില്ലാതെ ആര്‍പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാട്സ് ആപ്പിൽ ലഭിച്ചു. രാജ്യത്തെ മുന്‍നിര ലബോറട്ടറികളിലൊന്നായ ഡിഡിആര്‍സിയുടെ റിപ്പോര്‍ട്ടെന്നാണ് സർട്ടിഫിക്കറ്റിൽ കാണിക്കുന്നത്. എന്നാല്‍ ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ഡിഡിആര്‍സി നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഞങ്ങൾക്ക് ലഭിച്ച സർട്ടിഫിക്കറ്റിന്‍റെ നമ്പറില്‍ ഒരു റിപ്പോർട്ടും ഇതുവരെ നല്‍കിയിട്ടില്ലെന്ന് ഡിഡിആർസി വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഡിഡിആര്‍സി ഉള്‍പ്പടെ പ്രമുഖ ലാബുകളുടെ പിഡിഎഫ് ഫയലുകൾ എഡിറ്റ് ചെയ്താണ് ഇത്തരക്കാർ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്നത്. 

അത്യാവശ്യമായി യാത്ര ചെയ്യേണ്ട ചിലരെങ്കിലും ഇതിനെയൊരു സൗകര്യമായാണ് കാണുന്നത്. എന്നാല്‍ രോഗികളുടെ എണ്ണം അനുദിനം പെരുകുന്ന കേരളത്തില്‍ ഇത്തരം വ്യാജന്‍മാര്‍ സൃഷ്ടിക്കുന്ന അപകടം വലുതാണ്. ശക്തമായ അന്വേഷണവും കര്‍ശന നടപടിയുമാണ് ഈ വിഷയത്തില്‍ വേണ്ടത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona