Asianet News MalayalamAsianet News Malayalam

കൊവിഡിന് വ്യാജ ചികിത്സ: മോഹനൻ വൈദ്യർ അറസ്റ്റിൽ, ജാമ്യവും കിട്ടില്ല

തൃശ്ശൂർ പട്ടിക്കാടുള്ള ആയുർവേദ ചികിത്സാകേന്ദ്രത്തിലായിരുന്നു പരിശോധന. രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് പീച്ചി പൊലീസും ആരോഗ്യവകുപ്പുമാണ് പരിശോധന നടത്തിയത്.

fake doctor mohanan vaidyar arrested from thrissur over covid 19 treatment
Author
Thrissur, First Published Mar 18, 2020, 6:30 PM IST

തൃശ്ശൂർ: വ്യാജവൈദ്യൻ മോഹനൻ വൈദ്യർ അറസ്റ്റിൽ. കൊവിഡ് ബാധയ്ക്ക് വ്യാജചികിത്സ നൽകിയതിന്‍റെ പേരിലാണ് അറസ്റ്റ്. മോഹനൻ വൈദ്യർക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നൽകാനോ ലൈസൻസില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

കൊവിഡ് 19 രോഗം ചികിത്സിച്ച് ഭേദമാക്കുമെന്ന മോഹനൻ വൈദ്യരുടെ അവകാശവാദത്തെത്തുടർന്ന് തൃശ്ശൂരിലെ പരിശോധനാ കേന്ദ്രത്തിൽ റെയ്ഡ് നടന്നിരുന്നു. പൊലീസിന്‍റെയും ഡിഎംഒയുടെയും നേതൃത്വത്തിൽ തൃശ്ശൂർ രായിരത്ത് ഹെറിറ്റേജിലാണ് റെയ്ഡ് നടന്നത്. കൊവിഡ് 19-ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.

എന്ത് ചികിത്സയാണ് മോഹനൻ വൈദ്യർ ഇവിടെ നൽകുന്നതെന്ന വിവരങ്ങൾ ഡിഎംഒയും പൊലീസും നേരിട്ടെത്തി പരിശോധിച്ചു. ഇതേത്തുടർന്നാണ് ലൈസൻസ് പോലുമില്ലാതെയാണ് രോഗികളെ മോഹനൻ വൈദ്യർ പരസ്യം നൽകി വിളിച്ച് കൂട്ടി പരിശോധിച്ചതെന്ന് കണ്ടെത്തിയത്.

Read more at: കൊവിഡ് ചികിത്സിക്കാമെന്ന് മോഹനൻ വൈദ്യർ, റെയ്ഡിൽ പൂട്ടി ആരോഗ്യവകുപ്പും പൊലീസും

തൃശ്ശൂർ പട്ടിക്കാട് പാണഞ്ചേരിയിലുള്ള റിസോർട്ടിലായിരുന്നു മോഹനൻ വൈദ്യരുടെ പരിശോധന. രായിരത്ത് ഹെറിറ്റേജ് ആയുർ റിസോർട്ട് എന്നയിടത്തുള്ള സഞ്ജീവനി ആയുർ സെന്‍ററിൽ ഇന്ന് ചികിത്സയുണ്ടാകുമെന്നും, അതിനായി ബന്ധപ്പെടേണ്ട നമ്പറും മോഹനൻ വൈദ്യർ സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നതാണ്. 

ചികിത്സാപ്പിഴവ് മൂലം ഒന്നര വയസ്സുകാരി മരിച്ചതുൾപ്പടെ നിരവധി പരാതികളുയർന്ന വ്യാജവൈദ്യനാണ് മോഹനൻ വൈദ്യർ. വൈറസ് രോഗബാധകൾക്ക് ആധുനിക ശാസ്ത്രം പറയുന്ന മരുന്നുകൾ ഉപയോഗിക്കരുതെന്നും പാരമ്പര്യ വൈദ്യം മാത്രമാണ് പോംവഴിയെന്നും പറയുന്ന നിരവധി വീഡിയോകളാണ് മോഹനൻ വൈദ്യരുടെ ഫേസ്ബുക്ക് പേജിലുള്ളത്. 

നരഹത്യ ഉൾപ്പടെ ചുമത്തി മോഹനൻ വൈദ്യരെ നേരത്തേ കേരളാ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതകരോഗമുള്ള ഒന്നരവയസ്സുകാരിയെ ചികിത്സിച്ച മോഹനൻ വൈദ്യർ ആധുനിക ചികിത്സയൊന്നും കുഞ്ഞിന് നൽകാൻ അനുവദിച്ചിരുന്നില്ല. ഈ അശാസ്ത്രീയചികിത്സാ രീതി കൊണ്ട് കുഞ്ഞ് മരിച്ചുവെന്ന പരാതിയുയർന്നതിനെത്തുടർന്നാണ് മോഹനൻ വൈദ്യരെ ഇതിന് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ പുറത്തിറങ്ങിയ ശേഷവും മോഹനൻ വൈദ്യർ പഴയ മട്ടിലുള്ള ചികിത്സ തുടരുകയായിരുന്നു. കർണാടകയിലടക്കം നിരവധി ഇടങ്ങളിൽ വൈറൽ രോഗബാധകൾക്കുള്ള മരുന്നുമായി 'ജനകീയ നാട്ടുവൈദ്യശാല' എന്ന പേരിൽ 24 മണിക്കൂറും ഓൺലൈൻ ബുക്കിംഗ് നടത്തി ചികിത്സ നടത്തുമെന്നാണ് ഏറ്റവും പുതിയ പോസ്റ്റിൽ മോഹനൻ വൈദ്യർ പറയുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് വൈദ്യരുടെ പരിശോധനയെന്നാണ് പോസ്റ്റിൽ പറയുന്നത്.

Follow Us:
Download App:
  • android
  • ios