നിക്ഷേപകരുടെ പേരുകൾ എന്ന നിലയിലാണ് കർദിനാളിന്‍റെയും ബിഷപ്പുമാരുടെയും പേരുകൾ കണ്ടത്. ഇത് വ്യാജരേഖയല്ലെന്നും സെർവറിൽ ഉണ്ടായിരുന്നതാണെന്നുമാണ് മൊഴി

കൊച്ചി: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ കസ്റ്റഡിയിലായ ആദിത്യ, രേഖ തനിക്ക് കിട്ടിയത് കൊച്ചിയിലെ വ്യവസായ ഗ്രൂപ്പിന്‍റെ സെർവറിൽ നിന്നാണെന്ന് മൊഴി നൽകി. 'ഇതാണ് താൻ വൈദികർക്ക് അയച്ചുകൊടുത്തത്, അവിടുത്തെ നിക്ഷേപകരുടെ പേരുകൾ എന്ന നിലയിലാണ് കർദിനാളിന്‍റെയും ബിഷപ്പുമാരുടെയും പേരുകൾ കണ്ടത്' ഇത് വ്യാജരേഖയല്ലെന്നും സെർവറിൽ ഉണ്ടായിരുന്നതാണെന്നുമാണ് മൊഴി.

വ്യവസായ ഗ്രൂപ്പിന്‍റെ സെർവറിൽ നിലവിൽ ഈ രേഖകളില്ല. യുവാവ് പറയുന്നത് കളവാണോ അതോ രേഖകൾ ആരെങ്കിലും മനപ്പൂർവം നീക്കം ചെയ്തതാണോയെന്ന് വിശദമായി പരിശോധിക്കേണ്ടി വരുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വ്യാജരേഖ ആദ്യമായി ഇന്‍റര്‍നെറ്റിൽ അപ്‍ലോഡ് ചെയ്ത ആദ്യത്യ എറണാകുളം കോന്തുരുത്തി സ്വദേശിയാണ്.

കൊച്ചിയിലെ പ്രമുഖ വ്യാപാര കേന്ദ്രത്തിലെ മെയിൻ സെർവറിൽ നിന്നാണ് വ്യാജരേഖ ആദ്യമായി അപ്‌ലോഡ് ചെയ്തത്. കേസില്‍ ഫാദർ ടോണി കല്ലൂക്കാരനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതേസമയം, ആദിത്യനെ കസ്റ്റഡിയിൽ എടുത്ത് രണ്ട് ദിവസം ആയിട്ടും അറസ്റ്റ് രേഖപ്പെടുത്തുകയോ വിട്ടയക്കുകയോ ചെയ്യാത്തതിൽ പൊലീസിനെതിരെ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. സിറോ മലബാർ സഭയിലെ വൈദികരും നാട്ടുകാരും എസ് ബി ഓഫീസിൽ സംഘടിച്ച് പ്രതിഷേധിച്ചു.

വീട്ടുകാരുമായി സംസാരിക്കാൻ ആദിത്യന് പൊലീസ് അനുവദിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു. എന്നാൽ, ആദിത്യനെ വിട്ടയക്കാൻ ആകില്ലെന്ന് പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചിരുന്നു.