Asianet News MalayalamAsianet News Malayalam

വിദ്യാർത്ഥിക്കെതിരെ വ്യാജ രേഖ ചമച്ച കേസ്; മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറെയും അധ്യാപകരേയും പ്രോസിക്യൂട്ട് ചെയ്യും

കൃത്രിമ പണിഷ്മെന്‍റ് രജിസ്റ്റർ ഉൾപ്പെടെയുള്ള വ്യാജരേഖകൾ ഉണ്ടാക്കിയെന്നാണ് അധ്യപകർക്കെതിരെയുള്ള പരാതി. താമരശ്ശേരി ജില്ലാ മുൻ വിദ്യാഭ്യാസ ഓഫീസർ കെ.ടി.മോഹൻദാസ്, അധ്യാപകരായ അബ്ദുൾ ഗഫൂർ, പി ഉഷ, അഹമ്മദ് കോയ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ഉത്തരവ്.

fake evidence created against student teachers to be prosecuted
Author
Calicut, First Published Aug 24, 2020, 7:18 AM IST

കോഴിക്കോട്: വിദ്യാർത്ഥിക്കെതിരെ വ്യാജ രേഖ ചമച്ച കേസിൽ മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറേയും മൂന്ന് അധ്യാപകരേയും പ്രോസിക്യൂട്ട് ചെയ്യാൻ കോടതി ഉത്തരവ്. മടവൂർ ചക്കാലക്കൽ ഹൈസ്കൂൾ വിദ്യാർത്ഥി ആയിരുന്ന നഈം നൗഫലിനെതിരെ വ്യാജരേഖ ഉണ്ടാക്കിയെന്നതാണ് കേസ്. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

2014-15 അധ്യയന വർഷത്തിലാണ് കേസിന് ആസ്പദമായ സംഭവം. അകാരണമായി തന്നെ മർദ്ദിച്ച അധ്യാപകനെതിരെ നഈമിന്‍റെ പിതാവ് നൗഫൽ ബാലാവകാശ കമ്മീഷനിൽ പരാതി നൽകി. ഈ കേസ് അട്ടിമറിക്കാൻ കൃത്രിമ പണിഷ്മെന്‍റ് രജിസ്റ്റർ ഉൾപ്പെടെയുള്ള വ്യാജരേഖകൾ ഉണ്ടാക്കിയെന്നാണ് അധ്യപകർക്കെതിരെയുള്ള പരാതി. താമരശ്ശേരി ജില്ലാ മുൻ വിദ്യാഭ്യാസ ഓഫീസർ കെ.ടി.മോഹൻദാസ്, അധ്യാപകരായ അബ്ദുൾ ഗഫൂർ, പി ഉഷ, അഹമ്മദ് കോയ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ഉത്തരവ്. അബ്ദുൾ ഗഫൂറിനും അഹമ്മദ് കോയക്കുമെതിരെ കേസെടുക്കാൻ നേരത്തെ തന്നെ ഉത്തരവുണ്ടായിരുന്നു. തുടർന്ന് നടത്തിയ നിയമപോരാട്ടത്തിന് ഒടുവിലാണ് മോഹൻദാസിനും ഉഷയ്ക്കുമെതിരെ കൂടി കേസെടുക്കാൻ ഉത്തരവായത്. 

ബാലാവകാശ കമ്മീഷനിലും മന്ത്രിക്കും നൽകിയിരുന്ന പരാതി അട്ടിമറിക്കാൻ മാത്രമായി പണിഷ്മെന്‍റ് രജിസ്റ്റർ സൃഷ്ടിക്കുകയായിരുന്നു എന്ന് കോടതി കണ്ടെത്തി. ഈ രജിസ്റ്ററിൽ അവധി ദിനങ്ങളിൽ പോലും കുട്ടി അച്ചടക്കലംഘനം നടത്തിയതായി രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ നിയമ വിദ്യാർത്ഥിയാണ് നഈം നൗഫൽ.

Follow Us:
Download App:
  • android
  • ios