മൂരാട് പാലത്തിലെ ഗതാഗത നിയന്ത്രണത്തെ കുറിച്ചുള്ള വൈറല്‍ സന്ദേശത്തിന് പിന്നിലെ വസ്‌തുത അറിയാം

കോഴിക്കോട്: വടകര മൂരാട് പാലത്തിൽ 18-11-2023 മുതൽ 25-11-2023 വരെ ഗതാഗത നിയന്ത്രണം എന്ന സന്ദേശം വ്യാജം. കോഴിക്കോട് കലക്‌ടറുടെ അറിയിപ്പ് എന്ന രീതിയിലാണ് ഒരു കാര്‍ഡ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്നും ഇത്തരത്തിലൊരു നിയന്ത്രണവും പാലത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്നും കോഴിക്കോട് കലക്‌ടര്‍ അറിയിച്ചു. 

പ്രചാരണം

കോഴിക്കോട് കലക്‌ടര്‍ 2023 നവംബര്‍ 16-ാം തിയതി പുറത്തിറക്കിയ അറിയിപ്പ് എന്ന പേരിലാണ് കാര്‍ഡ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് പല വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. മൂരാട് ആറ് ലൈന്‍ മേജര്‍ ബ്രിഡ്‌ജ് നിര്‍മാണാവശ്യത്തിനായി 18-11-2023 മുതല്‍ 25-11-2023 വരെ പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നായിരുന്നു കോഴിക്കോട് കലക്‌ടറുടെ പേരിലുള്ള മുന്നറിയിപ്പ് സന്ദേശത്തിലുണ്ടായിരുന്നത്. എല്ലാ ദിവസവും രാവിലെ 08.00 മുതല്‍ 11.00 വരെയും ഉച്ചകഴിഞ്ഞ് 03.00 മുതല്‍ 06.00 വരെയും മൂരാട് പാലം പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് വേണ്ടി തുറന്നിടും എന്നും കാര്‍ഡിലുണ്ടായിരുന്നു. ഈ കാര്‍ഡിന്‍റെ ചുവടെയായി കോഴിക്കോട് കലക്‌ടര്‍ എന്ന എഴുത്തും കാണാം. 

വസ്‌തുത

മൂരാട് പാലത്തിലെ ഗതാഗത നിയന്ത്രണത്തെ കുറിച്ചുള്ള വൈറല്‍ സന്ദേശത്തിന് പിന്നിലെ വസ്‌തുത കോഴിക്കോട് കലക്‌ടര്‍ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 'മുരാട് പാലത്തിൽ 18-11-2023. മുതൽ 25-11-2023 വരെ ഗതാഗത നിയന്ത്രണം എന്ന പേരിൽ ഒരു വ്യാജ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ യാതൊരുവിധ നിയന്ത്രണങ്ങളും നിലവിൽ ഏർപ്പെടുത്തിയിട്ടില്ല. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും' എന്നും കോഴിക്കോട് കലക്‌ടറുടെ എഫ്‌ബി കുറിപ്പില്‍ പറയുന്നു.

കോഴിക്കോട് കലക്‌ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ്: 18-11-2023

കഴിഞ്ഞ വര്‍ഷം (2022) മൂരാട് പാലത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം സംബന്ധിച്ച് കോഴിക്കോട് കലക്‌ടര്‍ പുറത്തിറക്കിയ അറിയിപ്പ് കാര്‍ഡില്‍ 2022ന് പകരം 2023 എഡിറ്റ് ചെയ്‌ത് ചേര്‍ത്താണ് ഇപ്പോഴത്തെ വൈറല്‍ കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത് എന്നും വ്യക്തമായിട്ടുണ്ട്. 2022ല്‍ ഇതേ തിയതികളില്‍ (18-11-2023 മുതല്‍ 25-11-2023 വരെ) മൂരാട് പാലത്തില്‍ ഗതാഗത നിയന്ത്രണമുണ്ടായിരുന്നതായി വിവിധ മാധ്യമവാര്‍ത്തകളില്‍ കാണാം. 

2022ലെ അറിയിപ്പ് കാര്‍ഡ്

Read more: ഗാസ; അയാളുടെ തലയിലെ വലിയ കെട്ട് അഭിനയമെന്ന് ഒരുപക്ഷം! വീഡിയോ യഥാര്‍ഥമെന്ന് തെളിവുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം